ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ നംഗർഹറിലെ ഐഎസ് കേന്ദ്രത്തിനുനേരെ യുഎസ് നടത്തിയ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട 96 ഭീകരരിൽ 13 പേർ ഇന്ത്യക്കാരാണെന്നു റിപ്പോർട്ട്. കാബൂൾ ആസ്ഥാനമായ പജ്വോക് അഫ്ഗാൻ ന്യൂസ് ഏജൻസിയാണു സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇങ്ങനെയൊരു വിവരത്തെക്കുറിച്ച് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നു കാബൂളിലെയും ന്യൂഡൽഹിയിലെയും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതിനൊപ്പം, ഐഎസിന്റെ 13 കമാൻഡർമാരും കൊല്ലപ്പെട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടുപേർ ഇന്ത്യയിൽനിന്നുള്ളവരാണെന്നാണ് വിവരം. മുഹമ്മദ്, അല്ലാ ഗുപ്ത എന്നിവരാണിവർ. പാക്ക് ആസ്ഥാനമായ ലഷ്‌കറെ തയിബ മുൻ അംഗമായിരുന്ന ഷെയ്ഖ് വഖാസും കൊല്ലപ്പെട്ട കമാൻഡർമാരിൽ ഉൾപ്പെടുന്നു. ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന വിവരത്തെത്തുടർന്നു ഭീകരരുടെ കുടുംബങ്ങളുമായി എൻഐഎ ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കൊല്ലപ്പെട്ട ഇന്ത്യക്കാരിൽ കേരളത്തിൽനിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായി പിന്നീട് ഐഎസിൽ ചേർന്നെന്നു കരുതുന്ന 21 അംഗ സംഘത്തിലെ ചിലരും ഉൾപ്പെട്ടിട്ടുണ്ടെന്നാണു സൂചന.

അതേസമയം, തങ്ങളുടെ സംഘടനയിൽപ്പെട്ടവരാരും അഫ്ഗാനിലെ യുഎസ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഐഎസിന്റെ വാർത്താ എജൻസിയായ അമാഖ് ന്യൂസ് റിപ്പോർട്ട് ചെയ്തു.