കണ്ണുർ: കൂത്തുപറമ്പിനടുത്ത നീർവ്വേലി പതിമൂന്നാം മൈലിൽ കർണാടക ട്രാൻസ്‌പോർട്ട് ബസ്സിടിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന 13 വയസുകാരൻ മരിച്ചു. നീർവ്വേലി പതിമൂന്നാം മൈലിലെ ഷഹാന മൻസിലിൽ ഫിസാൻ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മട്ടന്നൂർ ഭാഗത്ത് നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സാണ് റോഡരികിൽ നിൽക്കുകയായിരുന്ന ഫിസാനെ ഇടിച്ചത്.

അമിത വേഗതയിൽ ഒരു സ്വകാര്യ ബസ്സിനെ മറികടന്നെത്തിയ ബസ് റോഡരികിൽ നിൽക്കുകയായിരുന്ന ഫിസാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചതായി നാട്ടുകാർ പറഞ്ഞു.

കുട്ടിയെ ഇടിച്ച് അല്പദൂരം മുൻപോട്ട് പോയശേഷം ബസ്സ് റോഡരികിൽ നിർത്തി താക്കോലുമായി ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. നാട്ടുകാർ രോഷാകുലരായതിനെ തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയിരുന്നു.തുടർന്ന് ബസ്സ് പൊലീസ് തന്നെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.