ന്യൂഡൽഹി: കൃഷ്ണന്റെ അവതാരമാണെന്ന് അവകാശപ്പെടുന്ന ആൾദൈവം വീരേന്ദ്ര ദേവ് ദീക്ഷിതിന്റെ ആശ്രമത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ അനധികൃതമായി തടവിൽവച്ച നാൽപതോളം യുവതികളെ രക്ഷപെടുത്തി. ഡൽഹി രോഹിണിയിലെ അധ്യാത്മിക് വിശ്വ വിദ്യാലയ ആശ്രമത്തിലാണ് റെയ്ഡ് നടന്നത്. വീരേന്ദ്ര ദേവ് ദീക്ഷിതിനെ ജനുവരി നാലിനുമുമ്പ് ഹാജരാക്കണമെന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

ആശ്രമത്തിൽ യുവതികളെയും സ്ത്രീകളെയും അനധികൃതമായി തടവിൽവച്ചിരിക്കുന്നതായുള്ള പരാതിയിൽ ഡൽഹി ഹൈക്കോടതിയാണ് റെയ്ഡിനുത്തരവിട്ടത്. അഭിഭാഷകരെയും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയേയും ഉൾപ്പെടുത്തി കോടതി പാനൽ രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്. രക്ഷപെടുത്തിയ പെൺകുട്ടികളിൽ 13 വയസുള്ള പെൺകുട്ടി വീരേന്ദ്ര ദേവ് പീഡിപ്പിച്ചതായി ആരോപിച്ചു. തന്നെ പലവട്ടം ബാബ പീഡിപ്പിച്ചതായി പെൺകുട്ടി അധികൃതരോട് വെളിപ്പെടുത്തി.

പ്രായപൂർത്തിയാകാത്ത പെൺകുുട്ടികളെയും യുവതികളേയും ലൈംഗിക ചൂഷണത്തിനിരയാക്കിയ പരാതി ആശ്രമത്തിന് എതിരെ ഉണ്ടായെങ്കിലും പൊലീസ് അനങ്ങിയില്ല. കോടതിയിൽ പരാതി എത്തിയതോടെ നടപടി സ്വീകരിക്കാൻ കോടതി കർശന നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെയാണ് ബുധനാഴ്ച പരിശോധന തുടങ്ങിയത്. എന്നാൽ ആശ്രമത്തിലെ ആൾദൈവത്തെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഡൽഹി രോഹിണിയിലെ ആദ്യാത്മിക് വിശ്വ വിദ്യാലയത്തിലാണ് റെയ്ഡ് നടന്നത്. ഇവിടെ തടവിലായെന്ന് പറഞ്ഞ് മാതാപിതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുർന്ന് കോടതിയുടെ ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടന്നത്.

ആശ്രമത്തിലെ കാവൽക്കാരനേയും ഒരു സ്ത്രീയേയും നിരവധി വസ്തുക്കളും റെയ്ഡിൽ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കുറ്റവാളിയേയും മറ്റും തെളിവുകളും കണ്ടെത്താനായില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ചയാണ് അടിയന്തര പരിശോധനക്ക് ഉത്തരവിട്ടത്.

ഇവിടെ നിരവധി യുവതികളെ നിയമവിരുദ്ധമായി പാർപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഹരിയാണയിലെ ഗുർമീത് സിങിന്റെ ആശ്രമത്തിന് സമാനമായിട്ടാണ് രോഹിണിയിലെ ആശ്രമത്തിലേയും പ്രവർത്തനമെന്ന് രക്ഷിതാക്കൾ കോടതിയെ അറിയിച്ചു. സംഭവം അതീവ ഗുരുതരമെന്ന് പറഞ്ഞാണ് കോടതി റെയ്ഡിന് ഉത്തരവിട്ടത്.

പൊലീസിന് പരാതി നൽകിയിട്ടും അവർ അനങ്ങാതിരുന്നതോടെയാണ് സംഭവം കോടതിയിലെത്തിയത്. വീരേന്ദ്ര ദേവ് ദിക്ഷിത് എന്ന പേരിലുള്ളയാളാണ് രോഹിണി ആശ്രമത്തിൽ ആൾദൈവമായി പ്രവർത്തിക്കുന്നത്. രാജ്യത്തുടനീളം ഇയാൾക്ക് ആശ്രമങ്ങളും നിരവധി ആരാധകരും ഉണ്ട്. ആത്മീയ പഠനത്തിനായി ആശ്രമത്തിൽ അവധികാലങ്ങളിൽ നിരവധി വിദ്യാർത്ഥിനികളെത്തിയിരുന്നു.