- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ആദ്യ കേക്ക് പിറന്നതു തലശ്ശേരിയിൽ; ബ്രൗൺ സായിപ്പിനു വേണ്ടി കേക്ക് നിർമ്മിച്ചതു മമ്പള്ളി ബാപ്പു; ഈ ക്രിസ്മസ്സിന് ഇന്ത്യൻ കേക്കിന് 132 വയസ്
കണ്ണൂർ: ഈ ക്രിസ്മസ്സിന് ഇന്ത്യൻ കേക്കിന് 132 വയസ് തികയുകയാണ്. ആഘോഷവേളകളിലും പിറന്നാൾ ദിനത്തിലും കേക്ക് മുറിക്കുന്നത് സങ്കല്പത്തിൽപ്പോലും ഇല്ലാതിരുന്ന കാലത്ത് മലബാറിലെ തലശ്ശേരിയിലാണ് ആദ്യമായി കേക്ക് നിർമ്മിക്കപ്പെട്ടത്. 1883ൽ. അഞ്ചരക്കണ്ടിയിലെ തോട്ടമുടമയായിരുന്ന എഫ് സി ബ്രൗൺ തലശ്ശേരിയിലെ അന്നത്തെ അപ്പക്കൂട്ടിന്റെ ഉടമ മമ്പള്ളി ബ
കണ്ണൂർ: ഈ ക്രിസ്മസ്സിന് ഇന്ത്യൻ കേക്കിന് 132 വയസ് തികയുകയാണ്. ആഘോഷവേളകളിലും പിറന്നാൾ ദിനത്തിലും കേക്ക് മുറിക്കുന്നത് സങ്കല്പത്തിൽപ്പോലും ഇല്ലാതിരുന്ന കാലത്ത് മലബാറിലെ തലശ്ശേരിയിലാണ് ആദ്യമായി കേക്ക് നിർമ്മിക്കപ്പെട്ടത്. 1883ൽ.
അഞ്ചരക്കണ്ടിയിലെ തോട്ടമുടമയായിരുന്ന എഫ് സി ബ്രൗൺ തലശ്ശേരിയിലെ അന്നത്തെ അപ്പക്കൂട്ടിന്റെ ഉടമ മമ്പള്ളി ബാപ്പുവിനോട് കേക്ക് നിർമ്മിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആഞ്ജാപിച്ചതുമാകാം!
കാരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് എഫ് സി ബ്രൗൺ എന്ന ലോകത്തെ ഏറ്റവും വലിയ കറപ്പ തോട്ടമുടമയ്ക്ക് നീതിന്യായ നിർവ്വഹണത്തിന്റെ ചുമതല കൂടി നൽകിയിരുന്നു. അങ്ങനെ അധികാരം കയ്യാളിയിരുന്ന ബ്രൗൺ സായിപ്പ് കേക്ക് എന്ന വസ്തു സ്വപ്നത്തിൽ പോലുമില്ലാത്ത ബാപ്പുവിന് ഇംഗ്ലണ്ടിൽ നിന്നും കൊണ്ടു വന്ന കേക്ക് നൽകുകയും നിർമ്മാണ രീതി പറഞ്ഞു കൊടുക്കുകയും ചെയ്തു. അങ്ങനെ, 132 വർഷം മുമ്പ് 1883 ഡിസംബർ 23ന് ബാപ്പു ഇന്ത്യയിലാദ്യമായി ക്രിസ്മസ്സ് കേക്ക് ഉണ്ടാക്കി.
ഇംഗ്ലണ്ടിൽ നിന്നും കൊണ്ടു വന്ന കേക്കിന്റെ മാതൃകയിൽ അതേ ഗുണത്തിലും രുചിയിലും വേണം കേക്കുണ്ടാക്കാൻ. ധർമ്മടത്തെ കൊല്ലപ്പണിക്കാരനെക്കൊണ്ടു അച്ചുമുണ്ടാക്കി. പറഞ്ഞ സമയത്തു തന്നെ ബാപ്പു കേക്കുണ്ടാക്കി. സായിപ്പ് കുതിര വണ്ടിയിൽ മമ്പള്ളി ബേക്കറിക്ക് മുന്നിലെത്തിയപ്പോൾ ഉൾക്കിടിലം കൂടാതെ ബാപ്പു കേക്ക് സായിപ്പിന് നൽകി. കേക്ക് രുചിച്ച് നോക്കിയ സായിപ്പ് 'എക്‌സലന്റ് 'എന്നു പറഞ്ഞു ബാപ്പുവിനെ അഭിനന്ദിച്ചു. അക്കാലത്ത് കേക്ക് നിർമ്മാണത്തിനു വേണ്ടി വിദേശമദ്യമായ ബ്രാണ്ടി ഉപയോഗിക്കുന്നതായി കേക്ക് നിർമ്മാതാക്കളുടെ കുടുംബാംഗമായ കെ.രാമകൃഷ്ണൻ പറയുന്നു. ഇംഗ്ലണ്ടിൽ നിന്നായിരുന്നു അക്കാലത്ത് ബ്രാണ്ടി ഇറക്കുമതി ചെയ്യപ്പെടുന്നത്. അന്നത്തെ കേക്ക് കഴിച്ചാൽ അല്പം ലഹരിയും അനുഭവപ്പെടാറുണ്ട്.
ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കേക്ക് ഇംഗ്ലീഷ് കേക്കിനേക്കാൾ സ്വാദിഷ്ടമാണെന്നു സായിപ്പന്മാർതന്നെ വിലയിരുത്തി. മമ്പള്ളി ബാപ്പുവിന്റെ 'അപ്പക്കൂട്' ബേക്കറിയായി പേരുമാറ്റം സ്വീകരിച്ചു. ഒന്നാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാർക്കു വേണ്ടി തലശ്ശേരിയിൽ നിന്നും ബിസ്‌ക്കറ്റുകൾ കപ്പൽ കയറിയതും ചരിത്രമാണ്. ഇംഗ്ലീഷുകാരുടെ പ്രധാന ഭരണ സിരാകേന്ദ്രമായ മലബാറിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും സായിപ്പന്മാർ മമ്പള്ളി ബേക്കറി തേടിയെത്തിത്തുടങ്ങി. അതോടെ 1880 ൽ മമ്പള്ളീസ് റോയൽ ബിസ്‌കറ്റ് ഫാക്ടറി സ്ഥാപിതമായി.
വെല്ലസ്ലി പ്രഭു, ടി.എച്ച് ബാബർ, എന്നിവരുടെ വീടുകൾ സന്ദർശിക്കുവാൻ കഴിയുമായിരുന്ന ബാപ്പു അവിടത്തെ ബട്‌ലർമാരിൽ നിന്നും ഇംഗ്ലീഷുകാരുടെ ഭക്ഷണരീതിയും പഠിച്ചു. ഇംഗ്ലീഷ് ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം മലബാർ ഭക്ഷണരീതി ഇംഗ്ലീഷുകാരെ പരിചയപ്പെടുത്താനും ബാപ്പു തയ്യാറായിരുന്നു.
മമ്പള്ളി ബേക്കറിയിൽ പലയപ്പത്തിനും ബാർളി ബിസ്‌ക്കറ്റിനും പകരം ഇംഗ്ലീഷ് വിഭവങ്ങൾ നിറഞ്ഞു. അതോടെ പഴയ അപ്പക്കൂടിനു മുന്നിൽ ഇംഗ്ലീഷുകാരുടെ നീണ്ട നിര രൂപപ്പെട്ടു.
കേക്കുകളിൽ തനത് രുചി ചേർത്ത് ഇംഗ്ലീഷുകാരുടെ നാവിൽ മമ്പള്ളിയുടെ കേക്കുകൾ സ്ഥാനം പിടിച്ചു. ഇംഗ്ലീഷുകാരുടെ ജന്മദിനങ്ങളിൽ പ്രത്യേക ഓർഡറുകൾ സ്വീകരിച്ച് കേക്ക് എത്തിക്കുന്നതും പതിവായി. അതോടെ ഇംഗ്ലണ്ടിൽ നിന്നും കപ്പൽ മാർഗ്ഗം വന്നുകൊണ്ടിരുന്ന കേക്കുകൾ ഇല്ലാതായി. വടക്ക് മംഗലാപുരം മുതൽ കോഴിക്കോട് വരെ ഇംഗ്ലീഷുകാർ മമ്പള്ളി കേക്കിന്റെ ഉപഭോക്താക്കളായി. കേക്കിൽ പുതിയ പരീക്ഷണങ്ങൾ നടത്തി മമ്പള്ളി ബേക്കറി ഔന്നത്യത്തിലെത്തി. ചരിത്രത്തിന്റെ ഭാഗമായി മമ്പള്ളി ബാപ്പുവിന്റെ പിന്മുറക്കാർ.