- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടേലിന് വേണ്ടി 3000 കോടിയുടെ പ്രതിമ നിർമ്മിച്ച് ആദരവു പ്രകടിപ്പിക്കുമ്പോൾ മൺമറഞ്ഞ പ്രഥമ പൗരനെ വിസ്മരിച്ച് കേരളം; ചരമ പേജിലെ ഒറ്റക്കോളത്തിലെ പരസ്യത്തിൽ ഒതുങ്ങി കെ ആർ നാരായണന്റെ ചരമവാർഷികം; സ്മാരകങ്ങൾ തീർക്കാതെ മാതൃനാട് പോലും രാഷ്ട്രപതി സ്ഥാനത്തെത്തിയ ഒരേയൊരു മലയാളിയെ വിസ്മരിക്കുന്നു
തിരുവനന്തപുരം: 3000 കോടി രൂപ മുടക്കി പ്രതിമകൾ സ്ഥാപിച്ച് മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിന് ആദരവ് പ്രകടിക്കുമ്പോൾ ഇങ്ങകലെ ആരോരുമറിയാതെ, കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഒരു സാധു രാഷ്ട്രപതിയുണ്ട് എന്ന കാര്യം ഏവരും വിസ്മരിക്കുന്നു. രാഷ്ട്രപതി സ്ഥാനത്തെത്തിയ ഒരേയൊരു മലയാളിയായ കെ ആർ നാരായണൻ. ഓലക്കുടിലിൽ നിന്ന് ഒട്ടേറെ കടമ്പകൾ താണ്ടി അവസാനം രാജ്യത്തിന്റെ പ്രഥമപൗരൻ എന്ന നിലയിലേക്കു വരെ എത്തിയ കെ ആർ നാരായണൻ കാലയനവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് 13 വർഷം തികയുന്നു. ഒരു രാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹത്തിന് മരണാന്തരം ലഭിക്കേണ്ട ബഹുമതിയും പരിഗണനയും ലഭിച്ചിട്ടില്ല എന്ന കാര്യത്തിൽ മറ്റൊരഭിപ്രായം ആർക്കുമില്ല. കോടികൾ മുടക്കി പ്രതിമകൾ സ്ഥാപിച്ച് ആദരവ് പ്രകടിപ്പിക്കുന്ന കാര്യത്തിൽ വൻ കോലാഹലം രാജ്യത്ത് അരങ്ങേറുമ്പോൾ ഒരു മുൻ രാഷ്ട്രപതിയുടെ ചരമ വാർഷികം ആളും ആരവും ഇല്ലാതെ കടന്നു പോകുന്നു. എല്ലാ വർഷവും ബന്ധുക്കളാരെങ്കിലും ഏതെങ്കിലും പത്രത്തിന്റെ പ്രാദേശിക പേജിൽ നൽകുന്ന ഒറ്റക്കോളം പരസ്യത്തിൽ മാത്രമായി ഒതു
തിരുവനന്തപുരം: 3000 കോടി രൂപ മുടക്കി പ്രതിമകൾ സ്ഥാപിച്ച് മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിന് ആദരവ് പ്രകടിക്കുമ്പോൾ ഇങ്ങകലെ ആരോരുമറിയാതെ, കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഒരു സാധു രാഷ്ട്രപതിയുണ്ട് എന്ന കാര്യം ഏവരും വിസ്മരിക്കുന്നു. രാഷ്ട്രപതി സ്ഥാനത്തെത്തിയ ഒരേയൊരു മലയാളിയായ കെ ആർ നാരായണൻ. ഓലക്കുടിലിൽ നിന്ന് ഒട്ടേറെ കടമ്പകൾ താണ്ടി അവസാനം രാജ്യത്തിന്റെ പ്രഥമപൗരൻ എന്ന നിലയിലേക്കു വരെ എത്തിയ കെ ആർ നാരായണൻ കാലയനവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് 13 വർഷം തികയുന്നു.
ഒരു രാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹത്തിന് മരണാന്തരം ലഭിക്കേണ്ട ബഹുമതിയും പരിഗണനയും ലഭിച്ചിട്ടില്ല എന്ന കാര്യത്തിൽ മറ്റൊരഭിപ്രായം ആർക്കുമില്ല. കോടികൾ മുടക്കി പ്രതിമകൾ സ്ഥാപിച്ച് ആദരവ് പ്രകടിപ്പിക്കുന്ന കാര്യത്തിൽ വൻ കോലാഹലം രാജ്യത്ത് അരങ്ങേറുമ്പോൾ ഒരു മുൻ രാഷ്ട്രപതിയുടെ ചരമ വാർഷികം ആളും ആരവും ഇല്ലാതെ കടന്നു പോകുന്നു. എല്ലാ വർഷവും ബന്ധുക്കളാരെങ്കിലും ഏതെങ്കിലും പത്രത്തിന്റെ പ്രാദേശിക പേജിൽ നൽകുന്ന ഒറ്റക്കോളം പരസ്യത്തിൽ മാത്രമായി ഒതുക്കി മുൻ പ്രഥമപൗരന്റെ ചരമവാർഷികാഘോഷം.
അന്തരിച്ച രാഷ്ട്രപതിമാരുടേയും ഉപരാഷ്ട്രപതിമാരുടേയും പ്രധാനമന്ത്രിമാരുടേയും ബഹുമാനാർഥം വിമാനത്താവളങ്ങൾക്കും മറ്റും പേരു നൽകി ബഹുമാനിക്കുമ്പോൾ മാതൃനാട് പോലും വിസ്മരിക്കുകയാണ് രാഷ്ട്രപതി സ്ഥാനത്തെത്തിയ ഒരേയൊരു മലയാളിയെ. നിയമസഭയിൽ കെ ആർ നാരായണന്റെ ഒരു പ്രതിമ സ്ഥാപിച്ചതോടെ അതിലൊതുങ്ങി കേരളത്തിന്റെ ആദരവും. കോട്ടയത്ത് കെ ആർ നാരായണന്റെ പേരിൽ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ജന്മ-നാടായ ഉഴവൂരിൽ ഒരു സ്‌കൂളുമാണ് എടുത്തു പറയത്തക്ക സ്മാരകങ്ങൾ. ഉഴവൂരിലെ സർക്കാർ ആശുപത്രിയുടെ പേര് രേഖകളിൽ കെ ആർ നാരായണൻ മെമോറിയൽ എന്നാക്കിയെങ്കിലും ആശുപത്രിയുടെ മുന്നിൽ ഒരു ബോർഡു പോലും തൂക്കാൻ അധികൃതർക്ക് ആയിട്ടില്ല.
പെരുന്താനത്തെ ജന്മഗൃഹത്തിന് സമീപമാണ് കെ.ആർ. നാരായണന്റെ സ്മൃതികുടീരം. സ്‌കൂൾ വിദ്യാഭ്യാസം അവസാനിക്കുന്നതുവരെ ഉഴവൂരിലെ കോച്ചേരിൽ വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഓലമേഞ്ഞ ആ വീട് ഇന്നില്ല. സമീപത്തുള്ള വീട്ടിൽ ഇപ്പോൾ പിതൃസഹോദരപുത്രിയും കുടുംബവും താമസിക്കുന്നു. 2005-ൽ ഡൽഹിയിൽനിന്ന് ഔദ്യോഗിക ബഹുമതികളോടെ കോച്ചേരിൽ വീട്ടിലെത്തിച്ച ചിതാഭസ്മം, പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ ലയിപ്പിക്കുകയായിരുന്നു. പിന്നീട് അധികാരികളാരും ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നാരായണൻ, പിന്നോക്ക സമുദായത്തിൽനിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്. ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്നു കെ.ആർ നാരായണൻ. 1921 ഫെബ്രുവരി നാലിന് കോട്ടയം ജില്ലയിലെ ഉഴവൂരിനടുത്ത് പെരുംതാനത്തായിരുന്നു കെ.ആർ നാരായണന്റെ ജനനം. ആദ്യകാല വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തകനായി ജോലി നോക്കിയെങ്കിലും, പിന്നീട് രാഷ്ട്രീയം പഠിക്കുവാൻ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാരായണൻ നെഹ്രു സർക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പിൽ ജോലി നോക്കി. ജപ്പാൻ, ഇംഗ്ലണ്ട്, തായ്ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞൻ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നാരായണൻ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടർച്ചയായി ലോകസഭയിലേക്ക് വിജയിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. രാജീവ് ഗാന്ധി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. 1992 ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ കെ.ആർ.നാരായണൻ ആയിരുന്നു രാഷ്ട്രപതി. 2005 നവംബർ 9-ന് കെ.ആർ.നാരായണൻ അന്തരിച്ചു.