- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുലർച്ചെ അഞ്ചിന് തുടങ്ങുന്ന പണി തീരുന്നത് രാത്രി 12 മണിയോടെ; വീട്ട് ജോലിക്ക് പുറമേ കാറ്ററിങ് സർവീസിനായി ഒറ്റയ്ക്ക് പാചകം; വാഷിങ് മെഷീൻ ഉണ്ടെങ്കിലും തുണി കൈ കൊണ്ട് കഴുകണം; പണി ഒതുക്കുമ്പോഴേക്കും ലൈംഗിക പീഡനത്തിനായി നരാധമന്റെ വരവായി; കൊച്ചിയിൽ 14 വയസുകാരിയെ ഏഴുവർഷം ക്രൂരമായി പീഡിപ്പിച്ച കേസിൽ വനിതാ ക്ഷേമസമിതി പ്രസിഡന്റും ഭർത്താവും പ്രതികൾ
കൊച്ചി: 14 വയസ്സുകാരിയെ 7 വർഷത്തോളം ക്രൂരമായി പീഡിപ്പിച്ച വനിതാ ക്ഷേമസമിതി പ്രസിഡന്റിനും ഭർത്താവിനും എതിരെ കേസ്. എളമക്കര ചങ്ങമ്പുഴ റോഡിൽ സിസിആർഎ-114 പാവോത്തിതറ വീട്ടിൽ പോൾ, ഭാര്യ സെലിൻ പോൾ എന്നിവരാണ് വീട്ടുവേലക്ക് നിർത്തിയ 14 കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതികളായിരിക്കുന്നത്. പോളിനെ കഴിഞ്ഞ ദിവസം ലൈംഗിക പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. സെലിൻ ഒളിവിലാണ്. ഇവരുവർക്കുമെതിരെ ഐ.പി.സി 364, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ പ്രകാരമാണ് എളമക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.
കർണ്ണാടക സ്വദേശിനിയായ ഇപ്പോൾ 21 വയസ്സുള്ള പെൺകുട്ടിയാണ് ഇവരുടെ പീഡനത്തിനിരയായത്. 14 വയസ്സുള്ളപ്പോൾ കർണ്ണാടകയിൽ നിന്നും കൊണ്ടുവന്ന പെൺകുട്ടിയെ ഇവർ വീട്ടുവേലയ്ക്കായിട്ടാണ് നിർത്തിയിരുന്നത്. രണ്ടു നിലകളുള്ള വീടിന് പെയിന്റ് ചെയ്യിപ്പിക്കുക, വീട്ടിലെ മുഴുവൻ ജോലികൾ ചെയ്യിപ്പിക്കുക, കാറ്ററിങ് സർവ്വീസിനായി ഭക്ഷണം ഒറ്റക്ക് പാകം ചെയ്യിപ്പിക്കുക തുടങ്ങീ ജോലികളാണ് പെൺകുട്ടിയെ കൊണ്ട് ഇവർ ചെയ്യിപ്പിച്ചിരുന്നത്.
രാവിലെ 5 മണിക്ക് തുടങ്ങുന്ന ജോലി അവസാനിക്കുന്നത് രാത്രി 12 മണിയോടെയാകും. കൂടാതെ പോൾ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കും. ഇത്തരത്തിൽ കൊടിയ പീഡനത്തിനിരയായ പെൺകുട്ടി പലവട്ടം വീട്ടിൽ നിന്നും ഇറങ്ങി ഓടി അയൽ വീടുകളിൽ അഭയം പ്രാപിച്ചിരുന്നു. എന്നാൽ അവിടെ നിന്നും വീണ്ടും ഇവർ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അടിമയെ പോലെ പണിയെടുപ്പിക്കുകയും ശാരീരിക പീഡനം നടത്തുകയുമായിരുന്നു.
ചക്കയിടാനും പേരക്ക പറിക്കാനും മറ്റും പെൺകുട്ടിയെ മരത്തിൽ കയറ്റും. വാഷിങ് മെഷീൻ ഉപയോഗിക്കാതെ തുണി കഴുകിപ്പിക്കും. കോഴികളെ തീറ്റുക, കോഴിക്കൂട് വൃത്തിയാക്കിക്കുക, വീടു മുഴുവൻ കഴുകി വൃത്തിയാക്കുക എന്നിങ്ങനെ ജോലികളുടെ കൂമ്പാരം തന്നെയായിരുന്നു ഈ കൗമാരക്കാരിക്ക് ഇവർ നൽകിയത്. നീളമുള്ള തലമുടി മുറിപ്പിച്ചത് തലയിൽ എണ്ണ തേക്കാതിരിക്കാനാണെന്ന് അയൽക്കാർ പറയുന്നു.
പൊട്ടിയ ചെരുപ്പു മാറ്റി പുതിയത് വാങ്ങി നൽകുകയോ പുതിയ വസ്ത്രങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. ഒരു പൗരന്റെ മുഴുവൻ മൗലികാവകാശങ്ങളുടെയും ലംഘനമാണ് ഇവിടെ നടന്നിരുന്നത്. ഇതെല്ലാം വനിതകൾക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിലാണ് എന്നതാണ് ഏറെ ഞെട്ടിക്കുന്നത്.
കൊടിയ പീഡനം നടക്കുന്നു എന്ന് അയൽക്കാർക്ക് അറിയാമായിരുന്നെങ്കിലും അവർ ആരോടും പരാതിപ്പെടാതിരുന്നത് ഇവരുടെ ഉന്നത സ്വാധീനം ഭയന്നായിരുന്നു. പൊലീസിലുൾപ്പെടെ വലിയ സ്വാധീനമായിരുന്നു. അതിനാൽ ആരും ചോദിക്കാനില്ലെന്ന ധൈര്യത്തിൽ ഇവർ പെൺകുട്ടിയെ കൊടിയ പീഡനത്തിനിരയാക്കുകയായിരുന്നു.
വീടുകളിൽ ഭക്ഷണം എത്തിക്കാനും പെൺകുട്ടി തനിയെയായിരുന്നു പോയിരുന്നത്. രാത്രി കാലങ്ങളിൽ സ്ഥിരമായി പല വീടുകളിലും കുട്ടിയെ ഭക്ഷണം കൊടുത്തയച്ചു വിടും. ഒരു പെൺകുട്ടിയാണെന്ന മാനുഷിക പരിഗണന ഒട്ടും തന്നെ ലഭിച്ചിരുന്നില്ല. പെൺകുട്ടിയുടെ മാതാവ് വളരെ മുൻപ് തന്നെ പിതാവിനാൽ കൊല്ലപ്പെട്ടിരുന്നു. പിന്നീട് വന്ന ഇളയമ്മ പെൺകുട്ടിയെ സെലിൻ പോളിനും ഭർത്താവിനും വിറ്റതാണെന്നാണ് ലഭിക്കുന്ന വിവരം. അതിനാലാണ് പെൺകുട്ടിയെ മാടിനെ പോലെ പണിയെടുപ്പിച്ചിരുന്നത്.
ഇതിനിടയിൽ വനിതാ പൊലീസ് സ്റ്റേഷനിൽ ആരോ കൊടുത്ത പരാതിയെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച പൊലീസ് ഇവരുടെ വീട്ടിലെത്തി പെൺകുട്ടിയെ കണ്ട് മൊഴിയെടുത്തു. ഈ സമയം ഭാര്യയും ഭർത്താവും പോണേക്കരയിലെ പള്ളിയിൽ ഭക്ഷണം വിളമ്പാൻ പോയിരിക്കുകയായിരുന്നു. പെൺകുട്ടി മുഴുവൻ കാര്യങ്ങളും പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും എളമക്കര പൊലീസ് പിന്നീട് പോളിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതോടെയാണ് സെലിന്റെയും പോളിന്റെയും പൊയ്മുഖം നാട്ടുകാരുടെ മുന്നിൽ അഴിഞ്ഞു വീണത്. പെൺകുട്ടിയെ പൊലീസ് വനിതാ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. സെലിന്റെ അറസ്റ്റ് തടയാനായി കോൺഗ്രസിലെ ചില നേതാക്കൾ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സെലിനെ അടുത്ത ഇലക്ഷനിൽ കൗൺസിലറായി മത്സരിപ്പിക്കാൻ നീക്കമുണ്ടായിരുന്നതായും സംസാരമുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.