തിരുവനന്തപുരം: ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ. സ്വന്തം നിലനിൽപ്പ് അപകടത്തിലാക്കുന്ന ഒന്നും ചെയ്യരുത് എന്നത് മനുഷ്യരുടെ കാര്യത്തിലായാലും, സ്ഥാപനങ്ങളുടെ കാര്യത്തിലായാലും അച്ചട്ടാണ്. പറഞ്ഞുവരുന്നത് കെഎസ്ഇബിയുടെ കാര്യമാണ്. സമരങ്ങളുടെ പേരിലാണ് കെഎസ്ഇബി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഓഫീസേഴ്‌സ് അസോസിയേഷനും, ബോർഡ് ചെയർമാൻ ബി.അശോകും തമ്മിലുള്ള പോരാണ് ബ്രേക്കിങ് ന്യൂസുകളും അന്തിച്ചർച്ചയും. അതങ്ങനെ അവിടെ നിൽക്കെ തന്നെ, സന്തോഷം തരുന്ന ഒരുവാർത്തയാണ് കെ എസ് ഇ ബി എൽ കമ്പനിയായതിനു ശേഷം ഏറ്റവും മികച്ച ലാഭം കൈവരിച്ചുവെന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ ഏകദേശം 1400 കോടി രൂപ പ്രവർത്തന ലാഭം നേടിയതായി കണക്കാക്കുന്നു.

ബോർഡിന്റെ പ്രവർത്തനത്തിലെ ഈ പുരോഗതിക്ക് പിന്നിൽ പല കാരണങ്ങളും ഉണ്ടെങ്കിലും, തീരുമാനങ്ങൾ എടുക്കുന്നതിലെ വേഗതയും, അച്ചടക്കവും എല്ലാം മാനേജ്‌മെന്റിന്റെ ഭാഗത്തെ പ്ലസ് പോയിന്റുകളാണ്. പ്രവർത്തനത്തിൽ അച്ചടക്കം കൊണ്ടുവരാനാണ് ചെയർമാൻ ബി.അശോക് ശ്രമിച്ചത്. അതിന്റെ പേരിൽ യൂണിയനുകളുമായി ഉടക്കിയെങ്കിലും, ചെയർമാൻ പറയുന്നത് മുന്നോട്ടുള്ള പോക്കിന് ഇത് അനിവാര്യമെന്നാണ്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 127 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതികൾ പൂർത്തിയാക്കി. അതിൽ 14.4 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയാണ്. ഈ വർഷം അവസാനം 148 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി പൂർത്തിയാക്കും. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതുവഴിയുള്ള അധിക ബാധ്യത ഇതിലൂടെ മാറ്റാനാകുമെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറയുന്നത്.

തുടർച്ചയായ നാലാം വർഷവും പ്രവർത്തന ലാഭം

തുടർച്ചയായി നാലാം വർഷവും പ്രവർത്തനലാഭം കൈവരിച്ചിരിക്കുകയാണ് കെഎസ്ഇബി. 2018-19ൽ 208 കോടി, 2019--20ൽ 166 കോടി, 2020--21ൽ 150 കോടി രൂപയുമാണ് പ്രവർത്തന ലാഭം. 2021-22ൽ ഇത് 1400 കോടിയും

പ്രളയവും കോവിഡും സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങൾ മറികടന്നാണ് ബോർഡിനെ പ്രവർത്തനലാഭത്തിൽ എത്തിയത്. പ്രസരണ വിതരണ നഷ്ടം 14 ശതമാനത്തിൽനിന്ന് 9.34 ശതമാനത്തിൽ എത്തിക്കാനായതാണ് ഇതിൽ പ്രധാനം. ഉയർന്ന പലിശയുള്ള കടങ്ങൾ ഒഴിവാക്കിയതും വിവിധ അറ്റകുറ്റ പ്രവൃത്തികൾ, ഭരണപരമായ ചെലവുകൾ നിയന്ത്രിച്ചതും നിർണായകമായി. പിന്നാലെയാണ് ഇത്തവണ 1400 കോടിയുടെ പ്രവർത്തനലാഭം.

മഴ അനുഗ്രഹമായി

കനത്ത മഴയെത്തുടർന്ന് വൈദ്യുതോൽപ്പാദനം കൂട്ടാനായതും വൈദ്യുതി പവർ എക്സ്ചേഞ്ചിൽ ഉയർന്ന വിലയ്ക്ക് വിൽക്കാനായതും അനുകൂല ഘടകങ്ങളായി. 2021 ജൂലൈ മുതൽ നവംബർ വരെ ലഭിച്ച ശക്തമായ മഴ മൂലം റിസർവേയറുകളിൽ വർഷം 9,000 ദശലക്ഷം യുണിറ്റിലധികം വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിഞ്ഞു. ഒപ്പം വൈദ്യുതി വില ഇന്ത്യയിൽ ഏറ്റവും അധികം ഉയർന്നതും കെ എസ് ഇ ബിക്ക് നേട്ടമായി

ഭാവി പെൻഷൻബാധ്യത ഒഴിവാക്കിയാണ് 2018-19 മുതൽ 2021-22 വരെയുള്ള പ്രവർത്തനലാഭം കണക്കാക്കിയിരിക്കുന്നത്. 5639 കോടിയാണ് 2020-21ലെ ശമ്പളച്ചെലവായി കാണിച്ചിരിക്കുന്നത്. 2021-22ൽ ഇത് 3680 കോടി രൂപയായെന്നും കുറഞ്ഞത് ജീവനക്കാരുടെ ശമ്പള ഇനത്തിലെ ചെലവാണെന്നുമാണ് പ്രചാരണം. 2020-21ലെ ചെലവ് ഭാവി പെൻഷൻ ബാധ്യതകൂടി ഉൾപ്പെട്ടതാണ്. 2021-22ലേതാകട്ടെ ഇതൊഴിവാക്കി തയ്യാറാക്കിയതാണ്. പെൻഷൻ ബാധ്യത പ്രകാരമുള്ള വകയിരുത്തൽ ഒഴിവാക്കിയാൽ 2018 - 19 ൽ 208 കോടി രൂപയുടെയും 2019-20 ൽ 166 കോടി രൂപയുടെയും 2020-21 ൽ 150 കോടി രൂപയുടെയും പ്രവർത്തന ലാഭം കെഎസ്ഇബി തുടർച്ചയായി കൈവരിച്ചിട്ടുണ്ട് എന്നതും മറക്കരുത്.

സഞ്ചിത നഷ്ടം വെല്ലുവിളി

കെഎസ്ഇബിയി ലെ തൊഴിലാളികളുടെയും ഓഫീസർമാരുടെയും മികച്ച പ്രവർത്തനവും, മികച്ച ഡാം മാനേജ്‌മെന്റും, ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിലെ വർദ്ധനവും, വൈദ്യുതി വാങ്ങൽ കുറച്ചതും, ലോഡ് ഡിസ്പാച്ച് സെന്ററിന്റെ മികച്ച പ്രവർത്തനവും ഉൾപ്പടെ എല്ലാവരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തനത്തിലാണ് ഈ നേട്ടം സാധ്യമാക്കാനായത് എന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഇന്ന് പറഞ്ഞു.

അതേസമയം, 14,000 കോടി രൂപയാണ് സഞ്ചിത നഷ്ടം. വളരെ ശ്രദ്ധിച്ചു പോകണമെന്ന് ചുരുക്കം. ഇപ്രാവശ്യത്തെ പ്രവർത്തന ലാഭത്തിൽ അഭിമാനിക്കാം എങ്കിലും, ബോർഡും ജീവനക്കാരും ഒത്തൊരുമയോടെ പോയില്ലെങ്കിൽ, കാര്യങ്ങൾ ശുഭകരമായി മുന്നോട്ടുനീങ്ങില്ല.