- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ സംഘർഷ സാധ്യത; നിരോധനാജ്ഞ നീട്ടി; നിയന്ത്രണങ്ങൾ ബുധനാഴ്ച വൈകിട്ട് വരെ തുടരും; തീരുമാനം, ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; സർവകക്ഷിയോഗം ചൊവ്വാഴ്ച
ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. നിരോധനാജ്ഞ ഡിസംബർ 22-ന് രാവിലെ ആറുവരെയാണ് ദീർഘിപ്പിച്ചത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ടുദിവസത്തേക്കായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ബിജെപി ഉയർത്തിയ എതിർപ്പിനെ തുടർന്ന് തിങ്കളാഴ്ച നടക്കാനിരുന്ന സർവകക്ഷി സമാധാനയോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. രൺജിത്ത് ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങിന്റെ സമയത്ത് യോഗം നിശ്ചയിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സർവ്വകക്ഷി യോഗം ചൊവ്വാഴ്ച(ഡിസംബർ 21) വൈകുന്നേരം നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ആലപ്പുഴയിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന രണ്ട് കൊലപാതകങ്ങൾ കേരളത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം കാറിലെത്തി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ മരിച്ചു. ഇതിന് മണിക്കൂറുകൾക്കകമാണ് ആലപ്പുഴയിലെ ബിജെപി. നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെടുന്നത്. ഞായറാഴ്ച രാവിലെ ആറരയോടെ വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ സംസ്കാരം ഇന്ന് വൈകിട്ടാണ് കഴിഞ്ഞത്. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ പത്തരയോടെയാണ് രൺജിത്തിന്റെ പോസ്റ്റ്മോർട്ടം അവസാനിച്ചത്. തുടർന്ന് ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലായിരുന്നു ആദ്യ പൊതു ദർശനം. വെള്ളക്കിണറിലെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വിലാപയാത്രയായി ആറാട്ടുപുഴ വലിയഴിക്കലിലുള്ള രൺജിത്തിന്റെ കുടുംബ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ച ശേഷം മൃതദേഹം ചിതയിലേക്ക്. സഹോദരൻ അഭിജിത്ത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തി.
മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരം കാട്ടിയെന്നായിരുന്നു ബിജെപിയുടെ വിമർശനം. കൂടിയാലോചനകൾ ഇല്ലാതെ കലക്ടർ സമയം തീരുമാനിച്ചുവെന്നാണ് ബിജെപി ആരോപണം. യോഗത്തിന് എത്തില്ലെന്ന് ബിജെപി നേതാക്കൾ അറിയിച്ചതോടെ മൂന്ന് മണിയിൽ നിന്ന് സമയം അഞ്ചിലേക്ക് സമയം മാറ്റി. പക്ഷെ ബിജെപി സംസ്ഥാന അധ്യക്ഷൻ എതിർപ്പ് പരസ്യമാക്കിയതോടെ ആകെ ആശയക്കുഴപ്പമായി.
എന്നാൽ എല്ലാവരും പങ്കെടുക്കണമെന്ന് കളക്ടർ വീണ്ടും ആവശ്യപ്പെട്ടു. എന്നിട്ടും ബിജെപി വഴങ്ങാതെ വന്നതോടെയാണ് യോഗം നാളേക്ക് മാറ്റിയത്. സമയം നാളെ വൈകിട്ട് നാല് മണിയിലേക്ക് നിശ്ചയിച്ചതോടെ യോഗത്തിൽ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു. ഇതിനെല്ലാം പിന്നാലെയാണ് നിരോധനാജ്ഞ നീട്ടാനുള്ള തീരുമാനം വരുന്നത്.
മറുനാടന് മലയാളി ബ്യൂറോ