കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ തേർത്തല്ലയിൽ നിന്നും പുറത്ത് വന്നിരിക്കുന്നത് ഹൃദയം തമിപ്പിക്കുന്നൊരു പീഡന കഥയാണ്. സ്വന്തമായി തീരുമാനം എടുക്കാൻ പോലും കഴിയാത്ത ഇളം പ്രായത്തിൽ അഞ്ച് പേർ മാറി മാറി നരന്തരം പീഡിപ്പിച്ചപ്പോൾ ഈ കുഞ്ഞ് മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും. 71കാരൻ അടക്കമുള്ളവരുടെ പീഡനം സഹിക്കാനാവാതെ മുത്തശ്ശിയുടെ വീടിന്റെ തട്ടിൻ പുറത്ത് ഒളിച്ചു താമസിച്ച പെൺകുട്ടിയുടെ ജീവിത കഥയാണ് ഇന്ന് കേരളത്തിന് നൊമ്പരമായി മാറിയിരിക്കുന്നത്.

15കാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ചു പേരുടെ നിരന്തരമുള്ള ക്രൂര പീഡനത്തിന് ഇരയായത്. ഒടുവിൽ പീഡനം സഹിക്കവയ്യാതെയാണ് ഈ പെൺകുട്ടി വീടുവിട്ടിറങ്ങിയത്. അഭയം തേടിയതാവട്ടെ ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശ്ശിയുടെ വീടിന്റെ മച്ചിൻ പുറത്തും. ഇന്നലെ ഇവിടെ ഒളിച്ചു താമസിച്ച പെൺകുട്ടിയെ മുത്തശ്ശി കണ്ടെത്തിയതോടെയാണ് രണ്ടുവർഷത്തോളമായി തുടരുന്ന പീഡനവിവരം പുറത്തുവന്നത്.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികനുൾപ്പെടെ മൂന്നുപേരെ ആലക്കോട് പൊലീസ് അറസ്റ്റുചെയ്തു. തേർത്തല്ലിക്കടുത്ത പെരുവട്ടത്തെ കണ്ണംവെള്ളി കുഞ്ഞിരാമൻ (71), മുക്കടയിലെ ഒറ്റപ്ലാക്കൽ മനു തോമസ് (31), മുകാലയിൽ നിധിൻ ജോസഫ് (27) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇവരുടെ പേരിൽ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. കുഞ്ഞിരാമന്റെ പേരിൽ ബലാത്സംഗത്തിനും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പൊലീസ് തിരയുന്നുണ്ട്. ആലക്കോട് സിഐ ഇ.പി.സുരേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

മകളെ കാണാനില്ലെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ നേരത്തെ പരാതിപ്പെട്ടിരുന്നു. രണ്ട് വർഷം മുമ്പാണ് കുട്ടിക്കു മേലുള്ള പീഡന പരമ്പരകൾ തുടങ്ങുന്നത്. രണ്ടുവർഷം മുൻപ് രണ്ടാളുകൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് 71കാരനായ കുഞ്ഞിരാമൻ നേരിൽക്കണ്ടു. ഇത് മറ്റുള്ളവരോട് പറയുമെന്ന് ഭീഷണിപ്പെടുത്തി കുഞ്ഞിരാമൻ പെൺകുട്ടിയെ ഷെഡിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് ഇത് പതിവാക്കുകയും ചെയ്തു.

റബ്ബർതോട്ടത്തിൽ കാര്യസ്ഥനായ കുഞ്ഞിരാമൻ ഇയാൾ താമസിക്കുന്ന ഷെഡിൽവച്ചാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിനൽകി. ഭീഷണിപ്പെടുത്തി രണ്ടുവർഷത്തോളം പീഡനം തുടരുകയായിരുന്നു. തൊഴിലാളികളാണ് പ്രതികളായ മനു തോമസും നിധിൻ ജോസഫും. മുത്തശ്ശിയുടെ വീട്ടിൽവച്ചാണ് പെൺകുട്ടിയെ നിധിനും മനുവും പരിചയപ്പെട്ടത്. ഇവരും പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. മാനഭംഗപ്പെടുത്തിയതിനാണ് പൊലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മറ്റ് രണ്ടു പേർക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയെ കാണാതാകുകയായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പെൺകുട്ടിയെ മുത്തശ്ശിയുടെ വീട്ടിൽ കണ്ടെത്തിയത്. മുത്തശ്ശി അറിയാതെ വീട്ടിനുള്ളിൽ കടന്ന് തട്ടിൻപുറത്ത് കയറി ചാക്കുവിരിച്ച് കിടക്കുകയായിരുന്നു കുട്ടി. മുത്തശ്ശി പുറത്തുപോകുമ്പോൾ താഴെയിറങ്ങി പ്രാഥമികാവശ്യങ്ങൾ നടത്തുകയും ഭക്ഷണമെടുത്തു കഴിക്കുകയുമായിരുന്നു.

യാദൃച്ഛികമായി പെൺകുട്ടിയെ വീട്ടിനുള്ളിൽ കണ്ട മുത്തശ്ശി അയൽക്കാരെ വിവരമറിയിക്കുകയും അവർ പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. പെൺകുട്ടിയുടെ മൊഴിയിൽ അഞ്ചുപേർ പീഡിപ്പിച്ചതായി പറയുന്നു. കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കും.

പ്രിൻസിപ്പൽ എസ്.ഐ. കെ.ജെ.ബിനോയി, എസ്.ഐ. കെ.പ്രഭാകരൻ, സിവിൽ പൊലീസ് ഓഫീസർമാരായ അഷ്റഫ്, പി.രവീന്ദ്രൻ, സിന്ധു മണി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.