കോട്ടയം: കൗമാരകാലത്തെ പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പൊതുവേ പറയാറ്. വേണ്ട വിധത്തിൽ കുട്ടികൾക്ക് കൗമാരക്കാരെ ശ്രദ്ധിക്കാത്തതു കൊണ്ട് ഉണ്ടാകുന്ന ദുരന്തങ്ങൾ ഏറെയാണ്. കൗമാരലാകത്തെ ഈ വഴിതെറ്റലുകൾ തടയാൻ വേണ്ടി സർക്കാർ തലത്തിൽ സംവിധാനങ്ങൾ ഉണ്ടെങ്കിലും അതൊന്നും ഒരിക്കലും ഫലപ്രദമാകാറില്ല. ഇതാണ് ജീവിതമെന്ന് കരുതുന്ന പ്രണയങ്ങൾ പലപ്പോഴും പെൺകുട്ടികളെ ചതിക്കുഴിയിൽ ചാടിക്കുകയാണ് ചെയ്യാറ്. അത്തരമൊരു സംഭവമാണ് കോട്ടയത്തെ അയർക്കുന്നത്തു നിന്നും പുറത്തുവന്നത്.

തമിഴ്‌നാട്ടുകാരനായ യുവാവിനെ പ്രണയിക്കുകയും ഒടുവിൽ യുവാവിനെ തേടി തമിഴ്‌നാട്ടിലേക്ക് വണ്ടി കയറുകയും ചെയ്ത പെൺകുട്ടി അപകടങ്ങളില്ലാതെ രക്ഷപെട്ടത് പൊലീസിന്റെ ഉചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ്. തമിഴ്‌നാട്ടുകാരനായ ജെസിബി ഡ്രൈവറെ തേടി വീടുവിട്ടിറങ്ങിയത് 15കാരിയായ പെൺകുട്ടിയായിരുന്നു. കുട്ടിയെ പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി മാതാപിതാക്കൾക്കൊപ്പം വിടുകയായിരുന്നു. അയർക്കുന്നം സ്വദേശിനിയായ 15കാരിയാണു കഴിഞ്ഞ ദിവസം കാമുകനെ തേടി തമിഴ്‌നാട്ടിലേക്കു പോയത്.

ആറു മാസം മുന്പാണ് ജെസിബി ഡ്രൈവറായ യുവാവ് പത്താം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസിക്കാനെത്തിയത്. ഫേസ്‌ബുക്കിലൂടെയും, വാട്‌സ്അപ്പിലൂടെയും ഇരുവരും അടുപ്പത്തിലായി. ഇതിനിടെ ജോലി നഷ്ടപ്പെട്ട യുവാവ് തമിഴ്‌നാട്ടിലേക്കു മടങ്ങി. പെൺകുട്ടിയുമായുള്ള യുവാവിന്റെ ബന്ധവും ഇതോടെ താൽക്കാലികമായി അവസാനിച്ചു.

യുവാവിനെപ്പറ്റി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ഇയാളെ തിരക്കി തമിഴ്‌നാട്ടിലേക്ക് പോകാൻ പെൺകുട്ടി തീരുമാനിച്ചു. തുടർന്നു കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി ബസിൽ കയറി തമിഴ്‌നാട്ടിലേക്കു പോകുകയായിരുന്നു. ഇതിനിടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്നെ തിരക്കേണ്ടെന്നും താൻ തമിഴ്‌നാട്ടിലേക്കു പോകുകയാണെന്നും തറപ്പിച്ച് പറഞ്ഞു.

ഭയന്നു പോയ വീട്ടുകാർ ഈസ്റ്റ് സിഐ സാജു വർഗീസിനെ വിവരമറിയിച്ചു. തുടർന്നു സിഐയുടെ നിർദ്ദേശപ്രകാരം അയർക്കുന്നം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലേക്കു തിരിച്ചു. മൊബൈൽ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി തമിഴ്‌നാട്ടിലെ വെള്ളൂർ ബസ്സ്റ്റാൻഡിൽ നിൽക്കുന്നതായി കണ്ടെത്തി. കാമുകന്റെ വീട്ടിലേക്കു പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു പെൺകുട്ടി. പൊലീസ് പെൺകുട്ടിയെ കണ്ടെത്തി കുട്ടിക്കൊണ്ടുപോരുകയായിരുന്നു.