- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ; പൊലീസ് നടപടിയുണ്ടായത് മൃതദേഹവുമായി പ്രതിഷേധം കനക്കുന്നതിനിടെ; ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് മധുവിനെ കണ്ടെത്തിയതെന്ന് പ്രതികൾ; ഇതുവരെ പിടിയിലായത് 16 പേർ; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആദിവാസി യുവാവിന് അന്ത്യയാത്ര; മധുവിനെ തല്ലിച്ചതച്ച് കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണത്തിന് കാരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവും
അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കള്ളനെന്ന് ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതായി പൊലീസ്. രാവിലെ 11 പേർ അറസ്റ്റിലായിരുന്നു. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തതായി റേഞ്ച് ഐജി എംആർ അജിത്കുമാർ വ്യക്തമാക്കി. മധുവിനെ കൊലപ്പെടുത്താനിടയായ സംഭവത്തിൽ ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് യുവാവിനെ കണ്ടെത്തിയതെന്ന് അറസ്റ്റിലായവർ മൊഴി നൽകിയതായാണ് വിവരം. അതേസമയം, ഇന്ന് വൈകീട്ടോടെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം പ്രതിഷേധങ്ങൾക്ക് പിന്നാലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. ആദിവാസി സമുഹത്തിലെ പ്രമുഖരുൾപ്പെടെ നിരവധി പേർ അന്ത്യാജ്ഞലിയർപ്പിച്ചു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് വ്യാജ ആരോപണമുയർത്തി കൊലപ്പെടുത്തിയ യുവാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഇതിനിടെ പ്രദേശത്ത് പ്രതിഷേധം കനക്കുകയാണ്. പോസ്റ്റുമോർട്ടം നടത്തി അഗളിയിലെ സമരപ്പന്തലിൽ മൃതദേഹം എത്തിച്ചതിന് പിന്നാലെ എല്ലാ പ്രതികളേയും പിടികൂടിയാലെ സമരം അവസാനിപ്പിക്കൂ എന്ന നി
അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കള്ളനെന്ന് ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതായി പൊലീസ്. രാവിലെ 11 പേർ അറസ്റ്റിലായിരുന്നു. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തതായി റേഞ്ച് ഐജി എംആർ അജിത്കുമാർ വ്യക്തമാക്കി. മധുവിനെ കൊലപ്പെടുത്താനിടയായ സംഭവത്തിൽ ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് യുവാവിനെ കണ്ടെത്തിയതെന്ന് അറസ്റ്റിലായവർ മൊഴി നൽകിയതായാണ് വിവരം.
അതേസമയം, ഇന്ന് വൈകീട്ടോടെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം പ്രതിഷേധങ്ങൾക്ക് പിന്നാലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. ആദിവാസി സമുഹത്തിലെ പ്രമുഖരുൾപ്പെടെ നിരവധി പേർ അന്ത്യാജ്ഞലിയർപ്പിച്ചു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് വ്യാജ ആരോപണമുയർത്തി കൊലപ്പെടുത്തിയ യുവാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്.
ഇതിനിടെ പ്രദേശത്ത് പ്രതിഷേധം കനക്കുകയാണ്. പോസ്റ്റുമോർട്ടം നടത്തി അഗളിയിലെ സമരപ്പന്തലിൽ മൃതദേഹം എത്തിച്ചതിന് പിന്നാലെ എല്ലാ പ്രതികളേയും പിടികൂടിയാലെ സമരം അവസാനിപ്പിക്കൂ എന്ന നിലപാട് ആദിവാസി സംഘടനകളും സമരക്കാരും വ്യക്തമാക്കിയിരുന്നു. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ വൻപ്രതിഷേധമാണ് നടക്കുന്നത്. മധുവിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് മുക്കാലിയിൽ ആദിവാസി സംഘടനകൾ തടഞ്ഞു. മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാതെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചിരുന്നു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൂന്നുമണിയോടെയാണ് മധുവിന്റെ മൃതദേഹം സമരപന്തലിൽ എത്തിച്ചത്. മധുവിന്റെ മൃതദേഹം ഒരു മണിക്കൂർ പൊതു ദർശനത്തിൽ വച്ചിരുന്നു. പിന്നീട് നാലുമണിയോടെ സംസ്‌കാര ചടങ്ങുകൾക്കായി ചെണ്ടക്കിയിലേക്ക് മൃതദേഹം കൊണ്ടുപോയെങ്കിലും മുക്കാലിയിൽ വെച്ച് ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിൽ ആംബുലൻസ് തടയുകയായിരുന്നു.
്മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പൊലീസ് അറസ്റ്റു ചെയ്ത പ്രതികളെ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ഉയർന്നത്. ഇതിനിടെയാണ് മുഴുവൻപേരും അറസ്റ്റിലായെന്ന് വ്യക്തമാക്കി പൊലീസ് രംഗത്തെത്തിയത്. സ്ത്രീകൾ ആംബുലൻസ് തടഞ്ഞതോടെ പൊലീസുമായി നേരിയ സംഘർഷമുണ്ടായി. ഇതിന് ശേഷം ആംബുലൻസ് മറ്റൊരുവഴി കടത്തിവിട്ടു. എന്നാൽ ആ വഴിയും ആദിവാസികൾ സംഘടിച്ചെത്തി തടഞ്ഞു.
തുടർന്ന് പൊലീസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയിരുന്നു. മധുവിന്റെ മരണത്തിനു ശേഷം വൻ പ്രതിഷേധമാണ് അട്ടപ്പാടിയിൽ. സമൂഹമാധ്യമങ്ങളിലും വൻ രോഷം മധുവിന്റെ ക്രൂരമായ കൊലയ്‌ക്കെതിരെ ഉയർന്നു. ഇതോടെ മറ്റ് നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നു. നിരവധി പ്രമുഖരും ആദിവാസി യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തുവന്നു. യുവാവിന്റെ മരണത്തിൽ ആദിവാസി സമൂഹം വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പ്രദേശത്ത് വൻ പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
രാവിലെ തന്നെ 11 പേരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് വ്യക്തമാക്കിയത്. മുക്കാലി സ്വദേശി ഷംസുദീൻ, ജൈജു, സിദ്ദിഖ്,അബൂബക്കർ, ഉബൈദ്, രാധാകൃഷ്ണൻ, അബ്ദുൾ കരീം, അനീഷ്, നജീബ്, പാക്കുളം സ്വദേശികളായ ഹുസൈൻ, തെങ്കര സ്വദേശി മരക്കാർ എന്നിവരാണ് ആദ്യഘട്ടത്തിൽ അറസ്റ്റിലായവർ. മധുവിനെ തല്ലിച്ചതയ്ക്കാനും സാധനങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വിചാരണ ചെയ്യാനും അത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കാനും മുന്നിൽ നിന്നവരാണ് ഇവരെല്ലാം. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ അവരുടെ അകമ്പടിയോടെയാണ് ഇത്തരമൊരു ക്രൂരകൃത്യം നടന്നതെന്നാണ് വിവരം. ഇക്കാര്യം പ്രതികളിൽ ചിലർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെല്ലാം അഗളി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോൾ ഉള്ളത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നതെന്ന് വ്യക്തമാക്കി പോസ്റ്റ്ുമോർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു. മരണത്തിന് കാരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായി വിരൽ ചൂണ്ടുന്നത്. മധുവിന്റെ നെഞ്ചിൽ മർദ്ദനമേറ്റതായും വാരിയെല്ല് ഒടിഞ്ഞിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ശരീരമാസകലം മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് ആൾക്കൂട്ട കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പോസ്റ്റ് മോർട്ടം മൂന്നര മണിക്കൂറോളം നീണ്ട് നിന്നു. വെള്ളിയാഴ്ച വൈകിട്ട് തൃശൂർ മെഡിക്കൽ കോളജിലെത്തിച്ച മൃതദേഹത്തിൽ ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചത്.
അതേസമയം, മധുവിനെ കാട്ടിക്കൊടുത്ത വനംവകുപ്പ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യതയുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. സംഭവത്തിൽ വനപാലകർക്കു പങ്കുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു മന്ത്രി കെ. രാജു വ്യക്തമാക്കിയിരുന്നു. വനത്തിലെ ഗുഹയിലുള്ള മധുവിന്റെ താമസസ്ഥലം നാട്ടുകാർക്കു കാണിച്ചുകൊടുത്തതും അവരെ വനത്തിൽ കയറ്റിവിട്ടതും വനപാലകരാണെന്ന ആക്ഷേപത്തോട് പ്രതികരിക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.