ആറ്റിങ്ങൽ: പത്താം ക്ലാസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി കഞ്ചാവ് കച്ചവടത്തിലൂടെയും പെൺവാണിഭത്തിലൂടേയും ലക്ഷങ്ങൾ ഉണ്ടാക്കിയിരുന്നുവെന്ന് പൊലീസ്. നാവായിക്കുളം പട്ടാളം മുക്ക് വടക്കേവിള മുദീന മൻസിലിൽ അമീർ എന്നു വിളിക്കുന്ന അമീർഖാനെ (24) വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. പെൺകുട്ടി നൽകിയ മൊഴിയെ അമീറും ശരിവച്ചിട്ടുണ്ട്. ഇതോടെ ഈ കേസിൽ പത്ത് പ്രതികൾ അറസ്റ്റിലായി. ഇനിയും നാല് പേരെ പിടികൂടാനുണ്ട്.

അമീറും കൂട്ടുകാരൻ അനൂപ് ഷായും തന്ത്രപൂർവം വലയിലാക്കി പലർക്കും കാഴ്ച വച്ച പെൺകുട്ടികൾ നിരവധിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പലർക്ക് കാഴ്ചവച്ച് ലക്ഷങ്ങൾ ഇവർ നേടിയെന്നാണ് അറിയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് ഇവരുടെ വലയിൽ വീണതിൽ അധികവും. അഭിമാന ഭയത്താൽ ആരും പരാതിപ്പെടാൻ തയാറാകാത്തതായിരുന്നു ഇവരുടെ വിജയ രഹസ്യം.
പ്രേമം നടിച്ച് വലയിലാക്കി നിരന്തരം പീഡനത്തിനു വിധേയയാക്കുകയും പലർക്കും കാഴ്ച വയ്ക്കുകയും ചെയ്ത പത്താം ക്ലാസുകാരിയായ ദളിത് പെൺകുട്ടിയെ ഒരുദിവസം വഴങ്ങാത്തതിന് നടുറോഡിലിട്ട് മർദ്ദിച്ചതാണ് ഇവർ പിടിയിലാകാൻ കാരണമായത്.

പെൺകുട്ടിയെ പരിചയപ്പെടുന്നത് സഹോദരന്റെ കൂട്ടുകാർ എന്ന നിലയിലാണ്. അമീർ നിരന്തരം കുട്ടിയെ കാണുകയും പ്രേമാഭ്യർത്ഥന നടത്തുകയും ചെയ്തു. അങ്ങനെ പ്രണയം തുടങ്ങി. ഫെബ്രുവരി 2ന് വൈകിട്ട് ആറുമണിയോടെ കാമുകന്റെ കൂട്ടുകാരൻ അനൂപ് ഷാ ആസൂത്രിതമായി കുട്ടിയെ ഫോണിൽ വിളിച്ചു. സഹോദരൻ കല്ലമ്പലത്ത് മദ്യപിച്ച് നിൽക്കുന്നു എന്നും കുട്ടി വിളിച്ചാലേ വരൂ എന്നാണ് പറയുന്നതെന്നും അറിയിച്ചു. ഇതുകേട്ട് കല്ലമ്പലത്തെ സൂപ്പർമാർക്കറ്റിനു സമീപം കുട്ടി എത്തിയപ്പോൾ അവിടെ ഓട്ടോയുമായി അമീറും അനൂപ് ഷായും കാത്തു നിൽക്കുകയായിരുന്നു. അനൂപ് ഷാ കുട്ടിയെ ബലമായി പിടിച്ച് ഓട്ടോയിൽ കയറ്റി. ഓട്ടോ ഓടിച്ചിരുന്നത് കാമുകനായിരുന്നതിനാൽ അവൾ വലുതായി പ്രതികരിച്ചില്ല.

ഓട്ടോ പോയത് വെള്ളൂർക്കോണത്തേക്കായിരുന്നു. അവിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിറുത്തി കുട്ടിയെ കാമുകൻ പീഡിപ്പിക്കുകയായിരുന്നു. അനൂപ് ഷാ ഇത് മൊബൈലിൽ പകർത്തി. തുടർന്ന് അനൂപ് ഷാ പീഡിപ്പിച്ചു. ദൃശ്യങ്ങൾ അമീർ മൊബൈലിൽ പകർത്തി. സംഭവം പുറത്തു പറഞ്ഞാൽ ഇത് പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം അമീർ സാന്ത്വനിപ്പിച്ച് കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടിൽ ആരും ഇല്ലായിരുന്നു. പീഡിപ്പിക്കാനൊരുങ്ങിയപ്പോൾ വിസമ്മതിച്ച കുട്ടിയെ നിർബന്ധിച്ച് മദ്യം നൽകി മയക്കി. അതിന് ശേഷമായിരുന്നു അന്ന് പീഡനം. അമീറിനെ കൂടാതെ മറ്റ് രണ്ടു പേർകൂടി കുട്ടിയെ പീഡിപ്പിച്ചു. ഇവരിൽ നിന്ന് അമീർ പണം വാങ്ങുന്നത് മയക്കത്തിലായിരുന്നെങ്കിലും കുട്ടി കണ്ടിരുന്നതായി പൊലീസിനോട് പറഞ്ഞു.

പിന്നീട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകി പലർക്കു കാഴ്ച വച്ച് അമീറും അനൂപ് ഷായും ഇതൊരു ബിസിനസാക്കി മാറ്റി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗങ്ങളായ ഇവർ ആർഭാടമായി ജീവിക്കുന്നതിന് കഞ്ചാവു കച്ചവടവും ചെയ്തിരുന്നു. ഇടവ മാന്തറ ഷംനാദിൽ നിന്ന് കഞ്ചാവ് വാങ്ങിയ വകയിൽ പണത്തിനു പകരം ഈ പെൺകുട്ടിയെ കാഴ്ച വയ്ക്കുക പതിവായിരുന്നു. രണ്ടുമാസത്തിനുള്ളിൽ ഈ ദളിത് പെൺകുട്ടിയെ ഇത്തരത്തിൽ പലർക്കും കാഴ്ചവച്ചു. പെൺകുട്ടി സഹകരിക്കാതിരുന്നാൽ മർദ്ദിക്കുക പതിവായിരുന്നു. അവശയാകുന്ന കുട്ടിയെ നിർബന്ധിച്ച് മദ്യവും കഞ്ചാവും നൽകി മയക്കി ശരീരത്തിൽ സിഗററ്റ് കുത്തിയണച്ച് തീപ്പൊള്ളലേല്പിക്കുന്നതും പതിവാണെന്ന് പെൺകുട്ടി മൊഴിയിൽ പറയുന്നു.

മാർച്ച് 30ന് കുട്ടിയെ ഭീഷണിപ്പെടുത്തി ഓട്ടോയിൽ കയറ്റി പാരിപ്പള്ളിയിൽ എത്തിക്കുകയായിരുന്നു. പ്ലാവിന്മൂട് ജംഗ്ഷനിൽവച്ച് മൂന്നു യുവാക്കൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശരീര സുഖമില്ലെന്നും ഉപദ്രവിക്കരുതെന്നും കുട്ടി കേണപക്ഷിച്ചപ്പോൾ യുവാക്കൾ മുങ്ങി. അനൂപ് ഷായും അമീറും കുപിതരായി. അവർ കുട്ടിയെ ഓട്ടോയിൽ നിന്നും പിടിച്ചിറക്കി നടുറോഡിലിട്ട് മർദ്ദിച്ചു. ഇതു കണ്ട നാട്ടുകാർ ഓടിക്കൂടിയപ്പോൾ അമീറും അനൂപ് ഷായും കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഓട്ടോയുമായി സ്ഥലം വിട്ടു. ഇതോടെയാണ് പീഡനത്തിന്റെ ചുരുൾ അഴിഞ്ഞത്.

അയിരൂർ കിഴക്കേപ്പുറം ബിജു മൻസിലിൽ കുക്കു എന്നു വിളിക്കുന്ന അനൂപ് ഷാ (21), ചെമ്മരുതി വടശേരിക്കോണം നിഹാസ് മൻസിലിൽ അക്രു എന്നു വിളിക്കുന്ന ഷഹനാസ് (19), വർക്കല തൊടുവേ പുതുവൽപുത്തൻ വീട്ടിൽ സൽമാൻ (19), അയിരൂർ ഇലകമൺ ഫാത്തിമാ മൻസിലിൽ കണ്ണൻ എന്നു വിളിക്കുന്ന സഹീദ് (21), ചെമ്മരുതി ചാവർകോട് ഗുലാബ് വീട്ടി. സൂരത് (32), ചെമ്മരുതി ചാവർകോട് ലൈലാ മൻസിലിൽ കുട്ടു എന്നു വിളിക്കുന്ന അൽഅമീൻ (23), ഇടവ കൊച്ചു തൊടിയിൽ ഷംനാദ് മൻസിലിൽ കിട്ടു എന്നു വിളിക്കുന്ന ഷംനാദ് (21), അയിരൂർ ഇലകമൺ വട്ടവിള വീട്ടിൽ മക്കു എന്നു വിളിക്കുന്ന സജിൻ (26), പൂതക്കുളം കലക്കോട് ഷംനാ മൻസിലിൽ സുമീർ (23) എന്നിവരാണ് ഈ കേസിൽ അനൂപിന് പുറമേ പിടിയിലായത്.