തൊടുപുഴ: ദരിദ്ര്യ കുടുംബത്തിലെ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ച കേസിൽ ആറ് പേർ പിടിയിലായി. 17 വയസുകാരി പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടി ഗർഭിണി ആയതോടെയാണ് ക്രൂരമായ പീഡന വിവരം പുറത്തായത്. ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കെണിയിൽ വീഴ്‌ത്തുകയായിരുന്നു. സംഭവത്തിൽ തൊടുപുഴയിൽ ആറ് പേർ അറസ്റ്റിലായി.

പെൺകുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്തായിരുന്നു പീഡനം. ഇടനിലക്കാരനടക്കമുള്ള പ്രതികളാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയ പെൺകുട്ടിയും രോഗിയായ മാതാവും ഒറ്റക്കാണ് താമസം.

കേസിലെ ഇടനിലക്കാരനായ ബേബിക്ക് ഇവരുടെ നിർധനാവസ്ഥ അറിയാമായിരുന്നു. ഇക്കാര്യം മുതലെടുത്ത് ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഒരു വർഷത്തോളമായി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും ചൂഷണം ചെയ്തു.

ബേബിക്ക് പുറമേ കോടിക്കുളം സ്വദേശി ചാക്കോ, ഇടവെട്ടി സ്വദേശി ബിനു, വെള്ളാരംകല്ല് സ്വദേശി സജീവ്, കോട്ടയം രാമപുരം സ്വദേശി തങ്കച്ചൻ, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജോൺസൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വൻ തുക വാങ്ങിയ ശേഷമാണ് കുട്ടിയെ കൈമാറിയത്.

കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം ചൈൽഡ് ലൈനും തുടർന്ന് തൊടുപുഴ പൊലീസിനും നൽകി. കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.