തിരുവനന്തപുരം: ഭാര്യയും കുട്ടിയുമുള്ള പതിനേഴുകാരൻ എട്ടാം ക്ലാസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. പതിനാലു വയസ്സുള്ള പെൺകുട്ടിയെ പയ്യൻ വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ കുറച്ച് കാലമായി ഇയാൾ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് ഒരു ഭാര്യയും കുട്ടിയുമുള്ളതാണെന്ന് മനസ്സിലായത്. കരമന എസ്‌ഐ. ആർ.എസ്. ശ്രീകാന്താണ് പ്രതിയെ പിടികൂടിയത്.

സംഭവം ഇങ്ങനെ:

പ്രാവച്ചംമ്പലം സ്വദേശിയായ 17കാരനും 14കാരിയും തമ്മിൽ പരിചയപ്പെടുന്നത് കുറച്ച് കാലം മുൻപാണ്. ഒരു സ്വർണ്ണ ആഭരണം പണയം വെക്കുന്നതിന് പെൺകുട്ടിയെ ഇയാൾ സഹായിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്. പിന്നീട് സൗഹൃദം പ്രണയമായി മാറുകയായിരുന്നു. പെൺകുട്ടിയും പയ്യനും കന്യാകുമാരി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പോവുകയും ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ പല തവണ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. നരുവാംമൂട് സ്വദേശിയായ ഇയാൾ താൻ മുൻപ് താമസിച്ചിരുന്നതും ഇപ്പോൾ ഒഴിഞ്ഞ് കിടക്കുന്നതുമായ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്.

ഒഴിഞ്ഞ വീട്ടിൽ നിരവധി തവണ പെൺകുട്ടിയുമായി ഇയാൾ എത്തിയിരുന്നു. പിന്നീട് ഇരുവരും കന്യാകുമാരിയിൽ പോയ സമയത്താണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ കരമന പൊലീസ് സ്റ്റേഷനിൽ എസ്ഐക്ക് പരാതി നൽകിയത്. 17കാരനെ കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് സൂചനയും നൽകിയിരുന്നു. ഇതനുസരിച്ച് പെൺകുട്ടിയെ കാണാനില്ലെന്ന കേസിലാണ് അന്വേഷണം നടന്നത്. പിന്നീട് ഇരുവരേയും പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞ് വിട്ടു.

പതിനേഴുകാരനെ കുറിച്ച് അന്വേഷണം നടത്തിയതനുസരിച്ചാണ് ഇയാൾക്ക് ഒരു ഭാര്യയും ഒരു വയസ്സുള്ള കുട്ടിയുമുണ്ടെന്ന് മനസ്സിലായത്. തന്റെ സഹപാഠിയായിരുന്ന 17കാരിയുമായി പ്രണയത്തിലായിരുന്ന സമയത്താണ് ആ പെൺകുട്ടി ഗർഭിണിയാകുന്നത്. 16 വയസ്സിൽ ആയിരുന്നു അന്ന് പ്രതി അച്ഛനായത്. ഇയാൾ ഇപ്പോൾ ചെറിയ ചില ജോലികൾ ചെയ്താണ് മുന്നോട്ട് പൊയ്ക്കോണ്ടിരുന്നത്. തന്റെ കുട്ടിയുടെ അച്ഛനായ 17 കാരന് മറ്റ് ബന്ധങ്ങളുമുണ്ടായിരുന്നുവെന്ന് ഭാര്യയായ പെൺകുട്ടിക്കും അറിവുണ്ടായിരുന്നില്ല.

പിടിയിലായ പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾക്കെതിരെ പോക്സോ, 376 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത്.