പനാജി: മൂന്ന് മക്കളുടെ അമ്മയായ യുവതി 17കാരനെ പീഡനത്തിനിരയാക്കി. വിവാഹമോചിതയായ 29കാരിയായ യുവതിയാണ് പതിനേഴുകാരനെ ലൈംഗികമായി പീഡനത്തിനിരയാക്കിയത്. ഗോവയിലാണ് സംഭവം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് മാപുസ ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ജൂണിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടിൽ നിന്ന് ഓടിപ്പോയ കുട്ടിയാണ് ഇവരുടെ കെണിയിൽ വന്ന് വീണത്. പെട്രോൾ പമ്പിൽ ജോലി ചെയ്തു വന്ന കുട്ടി ഈ യുവതിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്. വിവാഹ ബന്ധം വേർപ്പെടുത്തിയ യുവതി മൂന്നു കുട്ടികളോടൊപ്പമാണ് ജീവിച്ചിരുന്നത്. എന്നാൽ കുട്ടി സ്വന്തം വീട്ടിൽ എത്തിയപ്പോൾ പതിവില്ലാത്ത രീതിയിലുള്ള പെരുമാറ്റത്തിനെ തുടർന്ന് വീട്ടുകാർ കൗൺസിലിങ്ങിന് കൊണ്ടു പോയി. കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം കുട്ടി തുറന്നു പറഞ്ഞത്. യുവതിയെ പൊലീസ് നാളെ കോടതിയിൽ ഹാജരാക്കും.