റിയാദ്: ടെലികമ്യൂണിക്കേഷൻ രംഗം പൂർണമായി സ്വദേശിവത്ക്കരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ മൊബൈൽ ഫോൺ വിപണന, മെയിന്റനൻസ് മേഖലയിലേക്ക് 19,084 സ്വദേശികളെ പരിശീലിപ്പിച്ചതായി സാങ്കേതിക തൊഴിൽ പരിശീലന കോർപറേഷൻ. റമദാനിലാണ് സ്വദേശിവത്ക്കരണത്തിന്റെ ആദ്യഘട്ടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മൊബൈൽ ഫോൺ സെയിൽസ് ആൻഡ് മെയിന്റനനൻസ് മേഖലയിലെ ജോലികളിൽ 50 ശതമാനവും സ്വദേശികളെ ഏൽപ്പിക്കുകയെന്നതാണ് ആദ്യഘട്ടം. ആദ്യഘട്ടത്തിനു ശേഷം മൂന്നു കഴിഞ്ഞ് 100 ശതമാനവും സ്വദേശികളായിരിക്കും ഈ മേഖലയിൽ തൊഴിലെടുക്കുക.

രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനമാണ് സ്വദേശികൾക്കു ലഭ്യമായിരിക്കുന്നത്. സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനികളുടെ നേരിട്ടുള്ള സഹകരണവും ഇതിനായി ലഭ്യമാക്കുന്നുണ്ടെന്നും തൊഴിൽ പരിശീലന കോർപറേഷൻ അധികൃതർ വെളിപ്പെടുത്തി.

വിഷൻ 2030ന്റെ ഭാഗമായി വിവിധ സാങ്കേതിക മേഖലകളിൽ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് പരിശീലന പരിപാടികൾ ആവിഷ്‌കരിച്ചു വരികയാണെന്നും സാങ്കേതിക തൊഴിൽ പരിശീലന കോർപറേഷൻ ഗവർണർ അഹമ്മദ് അൽ ഫഹീദ് വ്യക്തമാക്കി.
ഇതിന് പുറമെ ഡയറി ഭക്ഷ്യോത്പന്നങ്ങളിൽ 114 സൗദി ചെറുപ്പക്കാർക്ക് പരിശീലനം നൽകിയതായും കോർപ്പറേഷൻ അറിയിച്ചു. വ്യവസായികൾ തൊഴിലവസരങ്ങളെക്കുറിച്ച് മാനവിഭവശേഷി വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോൺ മേഖലയിൽ പരിശീലനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ എണ്ണം 76000 കടന്നു.