ഭോപാൽ/ബെംഗളൂരു/കാസർകോട്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ വിജയം കാസർകോട് മാത്രമല്ല ആഘോഷിച്ചത്. മധ്യപ്രദേശിലും കർണ്ണാടകയിലും എല്ലാം ആഘോഷം നടന്നു. രാജ്യത്ത് ഈ കുറ്റത്തിന് 19 പേർ അറസ്റ്റിലായി. ഇതിൽ 15 പേർ മധ്യപ്രദേശിൽ ബുർഹാൻപുർ ജില്ലയിലെ മൊഹദ് സ്വദേശികളാണ്. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. കർണാടകയിലെ ഹവേരി, കുടക് എന്നിവിടങ്ങളിൽനിന്നാണ് നാലുപേർ പിടിയിലായത്. ഇതിൽ ഒരാൾക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പാണ് രാജ്യദ്രോഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ, ചിഹ്നങ്ങളാലോ, ദൃശ്യവത്കരണംകൊണ്ടോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളർത്തുന്നത് രാജ്യദ്രോഹമാണ്. നിയമംവഴി സ്ഥാപിതമായ സർക്കാരിനോടുള്ള വിരോധവും ഈ പരിധിയിൽപ്പെടും. പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷംകൂടി തടവ്. ഈ വകുപ്പാണ് പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ ചുമത്തിയത്.

ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തുകയും കൂട്ടംകൂടി 'പാക്കിസ്ഥാൻ സിന്ദാബാദ്, ഇന്ത്യ മൂർദാബാദ്' എന്ന മുദ്രാവാക്യങ്ങൾ മുഴക്കി പടക്കം പൊട്ടിക്കുകയും ചെയ്തെന്ന പരാതിയിൽ കാസർകോട് ബദിയടുക്കയിൽ 20 പേരുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. കേരളത്തിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. മധ്യപ്രദേശിൽ തിങ്കളാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ ചൊവ്വാഴ്ചയാണ് അറസ്റ്റ് നടന്നത്. ഇവർ പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചെന്നും പടക്കം പൊട്ടിച്ചെന്നും പൊലീസ് പറഞ്ഞു. സമീപവാസിയായ സുഭാഷ് കോലിയാണ് പരാതി നൽകിയത്. രാജ്യേദ്രാഹത്തിനുപുറമെ, കുറ്റകരമായ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.

കർണാടകയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനാണ് ഹവേരിയിലെ ഷബീർ അഹമ്മദിനെ (35) രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കുടക് സ്വദേശികളായ റിയാസ് (21), സഹീർ (20), അബ്ദുൽ സമാൻ (21) എന്നിവരെയും അറസ്റ്റുചെയ്തു. കുടകിൽ ഒരാളെക്കൂടി പിടികൂടാനുണ്ട്. ഞായറാഴ്ച രാത്രി 11 മണിയോടെ ബദിയടുക്കയിലെ കുമ്പഡാജെ ചക്കുടലിൽ വിജയാഘോഷം നടത്തിയവരുടെ പേരിലാണ് പൊലീസ് കേസെടുത്തത്. ചക്കുള റസാഖ്, മഷൂദ്, സിറാജ് എന്നിവരുടെയും മറ്റു കണ്ടാലറിയാവുന്നവരുടെ പേരിലുമാണ് കേസ്. ആരേയും അറസ്റ്റുചെയ്തിട്ടില്ല.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 143, 147 (ന്യായവിരോധമായ സംഘംചേരൽ ), 286, 153 (ജനങ്ങളിൽ ഭീതി പരത്തുംവിധം പടക്കം പൊട്ടിക്കൽ), 149 (കൂട്ടംചേർന്ന് കുഴപ്പമുണ്ടാക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ബിജെപി. കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ഷെട്ടിയാണ് പരാതിക്കാരൻ.