ആലപ്പുഴ: ആലപ്പുഴ പറവൂരിൽ, 19 കാരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭീഷണിയും, മർദ്ദനവുമെന്ന് ആരോപണം. പുന്നപ്ര സ്വദേശി നന്ദുവാണ് ഓഗസ്റ്റ് 14 ന് വൈകിട്ട് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുകയും, ഭീഷണിയുമായി പിന്തുടരുകയും ചെയ്തപ്പോഴാണ് നന്ദു കടുംകൈക്ക് മുതിർന്നതെന്നാണ് കുടുംബത്തിന്റെ പരാതി. നേരത്തെയും ഇവർ നന്ദുവിന് എതിരെ വധഭീഷണി മുഴക്കിയതായും, ലഹരി ഉപയോഗിക്കുന്നവരാണെന്നും നന്ദുവിന്റെ സഹോദരി അടക്കമുള്ളവർ ആരോപിക്കുന്നു.

ജീവനൊടുക്കും മുമ്പ് നന്ദു സഹോദരിയുമായി ഫോണിൽ സംസാരിച്ചിരുന്നു. മുന്ന, ഫൈസൽ എന്നീ ഡിവൈഎഫ്‌ഐ പ്രവർത്തകർ തന്നെ മർദ്ദിച്ചെന്നും ജീവനൊടുക്കാൻ പോകുകയാണെന്നും നന്ദു പറയുന്ന സംഭാഷണവും പുറത്തുവന്നു.

നന്ദുവിനെ ഉപദ്രവിച്ചവർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിയിൽ പറയുന്നു. നന്ദുവിനെ കൊല്ലുമെന്നും ഇനി അഞ്ചുപേരെ കൊല്ലാനുണ്ട് എന്നൊക്കെയാണ് അവർ പറഞ്ഞിരുന്നത്. 'അവർ ഭരിക്കുന്ന കാലം വരെ അവർ എല്ലാവരെയും കൊല്ലുമെന്നാണ് പറഞ്ഞിരിക്കുന്നത്. നന്ദുവിന് ഇതല്ല കിട്ടേണ്ടത്, ഇതിനപ്പുറം കിട്ടണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഇവിടെ വന്ന് പറഞ്ഞത്. അതിനുള്ള കാരണം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല', നന്ദുവിന്റെ സഹോദരി പറഞ്ഞു.

'ഫൈസലും മുന്നയുമാണ് നന്ദുവിനെ മർദിച്ചത്. നിതിൻ, കുട്ടച്ചൻ, സുമേഷ്, വിഷ്ണു, ഇക്രു എന്നിവരടങ്ങിയ ഡിവൈഎഫ്ഐ സംഘമാണ് വാളുമായി വന്ന് വീട്ടിലെത്തി വെല്ലുവിളിച്ചത്. തീവണ്ടിക്ക് മുന്നിൽ ചാടുമ്പോൾ അവന്റെ പിറകെ മൂന്നുപേരുണ്ടായിരുന്നതായി കണ്ടുനിന്നവർ പറയുന്നു. സീവാൾ ബോയ്സ് എന്ന പേരിലുള്ള ക്ലബിലുള്ളതെല്ലാം ഡിവൈഎഫ്ഐയുടെ തലപ്പത്തിരിക്കുന്നവരാണ്. അവരെല്ലാം കഞ്ചാവടിച്ച് നടക്കുന്ന പിള്ളേരാണ്'':സഹോദരിയുടെ ആരോപണം ഇങ്ങനെ.

പാർട്ടിക്കൊപ്പം നിൽക്കാത്ത യുവാക്കളെ ഉപദ്രവിക്കുന്നത് ഇവിടുത്തെ ഡിവൈഎഫ്‌ഐ നേതാക്കളുടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു. പൊലീസും ഇതിന് ഒത്താശ ചെയ്യുന്നു. നന്ദുവിനെ റോഡിലിട്ട് ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പൊലീസ് കണ്ണടയ്ക്കുന്നുവെന്നും ആക്ഷേപമുണ്ട്.

നന്ദുവും സഹോദരിയുമായുള്ള ഫോൺ സംഭാഷണം:

സഹോദരി: എവിടേയാടാ..

നന്ദു: ഞാൻ ദേ പറവൂര്..

സഹോദരി: നീ കുറേനേരമായി പറവൂരാണെന്ന് പറയുന്നുണ്ടല്ലോ, നീ വീട്ടിൽ വരാത്തത് എന്താടാ

നന്ദു: എന്തായാലും നാളെ രാവിലെ അറിയാം...

സഹോദരി: എന്ത് അറിയാന്ന്...

നന്ദു: എനിക്കിട്ട് ഇടിച്ചവന്മാര് നാളെ രാവിലെ വീട്ടിൽ വരും.

സഹോദരി: നിനക്കിട്ട് ഇടിച്ചവന്മാരോ, ആര് ഇടിച്ച് നിന്നെ

നന്ദു: മുന്നയും ഇടിച്ച് ഫൈസലാപ്പയും ഇടിച്ച്

സഹോദരി: നിന്നെ മുന്നയും ഫൈസലാപ്പയും ഇടിച്ചോ, അവന്മാരുള്ളതിന് നീ പൊയ്ക്കളഞ്ഞിട്ട് കാര്യമെന്താ

നന്ദു: ശരി എന്നാ ബൈ

സഹോദരി: എടാ നന്ദൂ, നീ ഇങ്ങോട്ട് വാ നന്ദൂ

നന്ദു: ദേ ഞാൻ പറവൂരുണ്ടന്നേ, നാളെ രാവിലെ വരാന്നേ. ഞാൻ കറക്ടായി പറഞ്ഞാൽ വണ്ടാനത്തുണ്ട്. ട്രെയിൻ വരുന്നുണ്ട്, ശരി എന്നാൽ

സഹോദരി: നിന്റെ കൂടെ ആരൊക്കെയുണ്ട്

നന്ദു: ഞാൻ ഒറ്റയ്ക്കുള്ളൂ

സഹോദരി: എടാ നന്ദൂ നീ ഇങ്ങോട്ട് വാടാ, ഞാനല്ലേ വിളിക്കുന്നേ

നന്ദു: എനിക്ക് വരണമെന്ന് ആഗ്രഹമുണ്ട്, ഇവന്മാരുടെ കൈ മേത്ത് വെച്ചുപോയി. ശരി എന്നാ, ദേ ട്രെയിൻ വന്നു. ചാടട്ടെ...ശരി അക്കെ ബൈ..