വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കഥാപാത്രമായി വരുന്ന ചിത്രം '1921 പുഴ മുതൽ പുഴ വരെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രാമസിംഹൻഎന്നാണ് ചിത്രത്തിന്റെ സംവിധായകന്റെ പേര് കൊടുത്തിരിക്കുന്നത്. അലി അക്‌ബറെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവായി ചേർത്തിരിക്കുന്നത്. '1921 പുഴ മുതൽ പുഴ വരെയുടെ ഷൂട്ടിംഗിനിടെയായിരുന്നു അലി അക്‌ബർ രാമസിംഹൻ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് എത്തിയത്.

 

തലൈവാസൻ വിജയ്‌യാണ് ചിത്രത്തിൽ വാരിയം കുന്നത്ത് ഹാജിയായി അഭിനയിക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന 'വാരിയം കുന്നൻ' സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചിപ്പോളാണ് അലി അക്‌ബറും ചിത്രം പ്രഖ്യാപിച്ചത്. ആഷിഖ് അബു ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കിയാണ് ചിത്രം ചെയ്യുന്നത് എന്ന് അലി അക്‌ബർ വ്യക്തമാക്കിയിരുന്നു.

മമധർമയെന്ന പേരിൽ ചിത്രത്തിന്റെ നിർമ്മാണത്തിനായി പിരിവ് നടത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ നിർമ്മാണത്തിന് നടത്തിയ പിരിവിന് ലഭിച്ചതെന്ന് അലി അക്‌ബർ അറിയിച്ചിരുന്നു. ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ച പണത്തിന്റെ കണക്കും ചില ഘട്ടങ്ങളിൽ അലി അക്‌ബർ വ്യക്തമാക്കിയിരുന്നു. ജോയ് മാത്യുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.