- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവറി ഹോട്ടലിൽ ക്വട്ടേഷൻ സംഘമെത്തിയത് മുതലാളിയെ കൊല്ലാൻ; ആക്രമികൾ എത്തുമ്പോൾ പുഞ്ചിരിയോടെ ഊണ് വിളമ്പി നിന്ന സഖാവ്; ചോറു വിളമ്പുമ്പോൾ ഊണിലകളിൽ രക്തവും മാംസവും ചിതറി വീണ് പിടഞ്ഞു മരണം; ഉച്ചയൂണിന് എത്തിയ കോൺഗ്രസുകാരന് കൈപ്പത്തിയും പോയി; 1992ലെ ആ ക്രൂരത കണ്ണൂരിലെ ആദ്യ ബോംബേറ് കൊല
കണ്ണൂർ: 1992 ജൂൺ 13നാണ് സേവറി ഹോട്ടലിൽ നാണുവിനെ ബോംബെറിഞ്ഞ് കൊന്നത്. മുനിസിപ്പാലിറ്റിയിലെ പാർട്ടൈം ജോലി കഴിഞ്ഞാണ് സേവറിയിൽ സഹായത്തിന് നിൽക്കുക. ഉച്ചയ്ക്ക് നല്ല തിരക്കായിരിക്കും അവിടെ. ആ തിരക്കിനിടക്കാണ് ബോംബ് വീണത്. ഇതിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം ആരോപിക്കുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകാരന്റെ വാക്കുകളോടെ ചർച്ചയാകുന്നത് ഈ കൊലപാതകമാണ്.
തോക്കും ഉണ്ടയും എടുത്തു നടക്കുന്ന മുഖ്യമന്ത്രി ഒരു വിരൽ ചൂണ്ടുമ്പോൾ നാലുവിരൽ തന്റേ നേരെത്തന്നെയാണ് ചൂണ്ടുന്നതെന്ന് ഓർക്കണം എന്നും സേവറി ഹോട്ടലിൽ അക്രമമുണ്ടായത് പള്ളിക്കുന്ന് ബാങ്കിലെ അക്രമത്തെ തുടർന്നാണെന്നും കെ സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. കോഓപ്പറേറ്റീവ് പ്രസ്സിൽ പ്രശാന്തിനെ വെട്ടിയത് കൂടത്തിൽ വിജയന്റെ കൈവെട്ടി വയലിൽ എറിഞ്ഞ ശേഷം ഉണ്ടായ പ്രകോപനത്തിലാണ്. സേവറി ഹോട്ടലിൽ നാണു വധിക്കപ്പെട്ട അക്രമം ഉണ്ടായത് പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നതെന്നും കെ.സുധാകരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സേവറി ഹോട്ടൽ ആക്രമണം ചർച്ചയാകുന്നത്.
നാദാപുരം പുറമേരി സ്വദേശിയായ നാണു സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ജോലിതേടിയാണ് കണ്ണൂരെത്തിയത്. യോഗശാല റോഡിലെ ഓട്ടോമൊബൈൽ ഷോപ്പിൽ ഏറെക്കാലം ജോലി നോക്കി. ഈ സമയത്താണ് നഗരസഭയിൽ താൽകാലിക ജോലിക്കാരനായത്. ഉച്ചവരെയാണ് ജോലി. അതുകഴിഞ്ഞ് സേവറിയിൽ സഹായത്തിന് നിൽക്കും. വൈകിട്ട് എന്തെങ്കിലും പാർട്ടി പ്രവർത്തനങ്ങളുണ്ടാകും. അങ്ങനെ അധ്വാനിയായ പാർട്ടിക്കാരുടെ പ്രിയ സഖാവ്. സേവറി ഹോട്ടലിൽ ഉച്ചക്ക് ഊണ് വിളമ്പുന്നതിനിടെയാണ് നാണുവിനെ ബോംബെറിഞ്ഞത്. നിരവധി പേർക്ക് അക്രമത്തിൽ പരിക്കേറ്റു.
ചാലാട് പള്ളിക്കുന്നു ബാങ്കിൽ നടന്ന അക്രമത്തിന് പ്രതികാരമായാണ് ഹോട്ടലിന് നേരെ ബോംബേറുണ്ടായത്. കണ്ണൂർ നഗരത്തിൽ നടക്കുന്ന ആദ്യ ബോംബേറായിരുന്നു ഇത്. കെ.സുധാകരന്റെ അനുയായികളാണ് ബോംബേറിനു പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. പ്രതികളാരും ജീവിച്ചിരിപ്പില്ല.സിപിഎം വേദികളിലെല്ലാം സേവറി ഹോട്ടൽ ആക്രമണം ഇപ്പോഴും പ്രസംഗങ്ങളിൽ പരാമർശിക്കാറുണ്ട്. ഊണു വിളമ്പിക്കൊണ്ടിരിക്കെയാണ് ബോംബേറേറ്റ് ഊണിലകളിൽ രക്തവും മാംസവും ചിതറി വാസു മരിച്ചുവീണത് എന്നാണ് പാർട്ടി സൈറ്റിൽ രക്തസാക്ഷിയെ അനുസ്മരിച്ച് കുറിച്ചിട്ടുള്ളത്. കണ്ണൂർ ബസ് സ്റ്റാൻഡിന് തൊട്ടടുത്തായിരുന്നു സേവറി എന്ന ഹോട്ടൽ.
സേവറി ഹോട്ടലിന്റെ മുതലാളിയും നാണുവിന്റെ സുഹൃത്തുമായ രാജനെ കൊലപ്പെടുത്താനാണ് ക്വട്ടേഷൻ സംഘം സ്ഥലത്തെത്തിയത്. ക്വട്ടേഷൻ സംഘം ബോംബേറിഞ്ഞപ്പോൾ ഭക്ഷണപാത്രവുമായി നിൽക്കുകയായിരുന്നു നാണു. ഈ സമയം ക്വട്ടേഷൻ സംഘം ലക്ഷ്യമിട്ട രാജൻ ഹോട്ടലിന്റ കൗണ്ടറിലുണ്ടായിരുന്നു. രാജൻ രക്ഷപ്പെടുകയും ചെയ്തു. മരണം കീഴടക്കിയെങ്കിലും കണ്ണൂരിന്റെ ജ്വലിക്കുന്ന വിപ്ലവ നക്ഷത്രമാണ് കെ.നാണു ഇപ്പോഴും. ഇതിന് ശേഷമാണ് നാൽപ്പാടി വാസുവും കൊല്ലപ്പെടുന്നത്. കണ്ണൂർ സേവറി ഹോട്ടലിൽ സുധാകരസംഘം നടത്തിയ ബോംബേറിൽ നാണു മരിച്ചതിനൊപ്പം ജയകൃഷ്ണൻ എന്ന കോൺഗ്രസുകാരന്റെ കൈപ്പത്തിയും നഷ്ടപ്പെട്ടിരുന്നു. ഊണ് കഴിക്കുകയായിരുന്ന ജയകൃഷ്ണന്റെ കൈ ആ ഇലയിൽതന്നെ അറ്റുവീണു. ജോലിചെയ്യാൻ വയ്യാതായ ജയകൃഷ്ണൻ പിന്നീട് ലോട്ടറിക്കച്ചവടക്കാരനായി നരകിച്ചു.
ഈ ആക്രമത്തിന് പിന്നിൽ സുധാകരനാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവറും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ പ്രശാന്ത് ബാബു നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1992 ജൂൺ 13നാണ് സേവറി ഹോട്ടലിന് നേരെ ബോംബേറ് ഉണ്ടായത്. ഈ സംഭവത്തിലാണ് നാണു കൊല്ലപ്പെട്ടത്. ചാലാട് തന്റെ അനുയായി ഒരു കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിലുള്ള പ്രതികാരമായിരുന്നു സേവറി ഹോട്ടൽ ആക്രമണം. സുധാകരന്റെ നിർദ്ദേശപ്രകാരം എറണാകുളത്ത് നിന്ന് ക്വട്ടേഷൻ സംഘത്തെ കണ്ണൂർ ഡിസിസിയുടെ വാഹനത്തിൽ എത്തിച്ചത് താനാണ്. എറണാകുളത്തെ ഒരു മദ്യ വ്യവസായിയാണ് ക്വട്ടേഷൻ സംഘത്തെ സംഘടിപ്പിച്ച നൽകിയത്.
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ തിരിച്ചടിക്കാൻ തനിക്കൊപ്പമുള്ളവർക്ക് കഴിയുന്നില്ലെന്ന് സുധാകരന് ബോധ്യപ്പെട്ടതോടെയാണ് ക്വട്ടേഷൻ സംഘത്തെ ആശ്രയിച്ചത് എന്നായിരുന്നു പ്രശാന്ത് ബാബുവിന്റെ പഴയ വെളിപ്പെടുത്തൽ.
മറുനാടന് മലയാളി ബ്യൂറോ