റിയാദ്: ടെലികോം മേഖലയിൽ സൗദിവത്ക്കരണം 50 ശതമാനം ജൂണിൽ പൂർത്തിയാക്കണമെന്നുള്ള സമയപരിധി അവസാനിച്ചിരിക്കേ ഇക്കാലയളവിൽ ഈ മേഖലയിൽ 2146 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വെളിപ്പെടുത്തി. ഇതിൽ കിഴക്കൻ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 615 എണ്ണം.

റമദാന്റെ ആരംഭം മുതൽ തന്നെ ഇൻസ്‌പെക്ടർമാർ സെൽഫോൺ ഷോപ്പുകളിൽ സന്ദർശനം ആരംഭിച്ചിരുന്നു. തുടർന്ന് 1179 ഷോപ്പുകൾ പൂട്ടിക്കുകയും 537 ഷോപ്പുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മൊബൈൽ രംഗത്ത് സൗദിവത്ക്കരണം ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി കടുത്ത നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. രാജ്യമെമ്പാടും 11,106 ഷോപ്പുകളിൽ പൂർണമായും സൗദിവത്ക്കരണം നടത്തിയതായി റിപ്പോർട്ടുകൾ. കിഴക്കൻ പ്രവിശ്യയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ഷോപ്പുകളിൽ സൗദിവത്കരണം നടപ്പാക്കിയത്. 3036 ഷോപ്പുകൾ. 1741 ഷോപ്പുകളുമായി റിയാദ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

ടെലികോം രംഗത്ത് സൗദിവത്ക്കരണം ലംഘിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങൾക്കും മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂണിൽ 50 ശതമാനം സൗദിവത്ക്കരണം പൂർത്തിയായ ശേഷം സെപ്റ്റംബറോടോ പൂർണമായും സൗദിവത്ക്കരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.