ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും അടുത്ത വർഷം സംയുക്ത സൈനികാഭ്യാസം നടത്തും. ഇരു രാജ്യങ്ങളുടേയും കര, വ്യോമ, നാവികസേനകൾ ഒരേസമയം സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ആദ്യമായാണ്. കോംകാസ കരാർ ഒപ്പുവെച്ചതിനു ശേഷം പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൈനിക നയതന്ത്ര മേഖലകളിൽ പരസ്പരം സഹകരിക്കാനാണ് അമേരിക്കയുമായി ഇന്ത്യ ധാരണയായത്. സമ്പൂർണ സൈനിക ആശയവിനിമയ സഹകരണ കരാറിലാണ് (കോംകാസ) ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.. ഉന്നതതല ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും, പ്രതിരോധ മന്ത്രി നിർമലാ സീതാരാമനുമാണ് ചർച്ചയിൽ പങ്കെടുത്തത്.ഇന്ത്യ- യുഎസ് ബന്ധത്തിൽ പുതുയുഗം പിറന്നെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ചർച്ചകൾക്ക് ശേഷം പറഞ്ഞത്.

അമേരിക്ക നൽകുന്ന പ്രതിരോധ സംവിധാനങ്ങളിൽ അമേരിക്കയുടെ കമ്യൂണിക്കേഷൻ സംവിധാനം സ്ഥാപിക്കാൻ അനുവദിക്കുന്നതാണ് ഈ കരാർ. ഇന്ത്യൻ സായുധസേനയുടെ ആഭ്യന്തരമായ സൈനിക കമ്യൂണിക്കേഷൻ സംവിധാനത്തിൽ അമേരിക്കയ്ക്ക് പ്രവേശം നൽകുന്നതാണ് ഈ കരാർ. അമേരിക്ക സ്ഥാപിച്ച കമ്യൂണിക്കേഷൻ സംവിധാനം ദുരുപയോഗിക്കപ്പെടുന്നില്ലെന്നും ചോർത്തപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താനായി ഇന്ത്യക്ക് കൈമാറുന്ന സൈനിക ഉപകരണങ്ങൾ പരിശോധിക്കാനുള്ള അവകാശവും കരാർവഴി അമേരിക്കയ്ക്ക് ലഭ്യമാകും. ആണവവിതരണ ഗ്രൂപ്പിൽ ഇന്ത്യയുടെ പ്രവേശനം വേഗത്തിലാക്കാനും ചർച്ചയിൽ ധാരണയായി,.

2008ൽ 100 കോടി ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്കയിൽനിന്ന് വാങ്ങിയരുന്നതെങ്കിൽ പത്ത് വർഷമായപ്പോൾ അത് 1500 കോടി ഡോളറായി വർധിച്ചു. ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കെ 2016ലാണ് ഇന്ത്യ 'പ്രധാന പ്രതിരോധ പങ്കാളിയാണെന്ന്' പ്രഖ്യാപിക്കപ്പെട്ടത്. അടുത്ത സൈനിക കരാർ ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ ഓപ്പറേഷൻ കരാറാണ്. ഈ പ്രക്രിയക്ക് വേഗമേറ്റുന്നതിന് അമേരിക്ക അത്യന്താധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാകുന്ന പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തുകയുംചെയ്തു.