കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ, രണ്ടുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താൻ സാധ്യത.ഇന്ന് രാവിലെയാണ് രണ്ടുപേരും മാലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്..ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് അറിയുന്നത്. ഇരുവരും ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്.

എന്നാൽ, പിടിയിലായവർ യഥാർഥ പ്രതികളാണോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ പറഞ്ഞു. ഇവർ യഥാർഥ പ്രതികളാണോ, അതോ ഡമ്മി സ്ഥാനാർത്ഥികളാണോയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ ഒത്തുകളിയാണ് ഈ കീഴടങ്ങലെന്നും സുധാകരൻ ആരോപിച്ചു.പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ പി.ജയരാജൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

 

പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കീഴടങ്ങിയ ആകാശിന് വേണ്ടി കഴിഞ്ഞ മൂന്നുദിവസമായി പൊലീസ് ശക്തമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പൊലീസിനെ വെട്ടിച്ച് ആകാശ് കടന്നുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കീഴടങ്ങിയത്.

പ്രതികളുടെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചുവെന്ന മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇവർ കീഴടങ്ങിയത്.തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് വർഷങ്ങളായി ഒളിവിലാണ്. ഇയാൾ തിരുവനന്തപുരത്ത് പാർട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ജിതിൻ രാജിനും ആ കേസുമായി ബന്ധമുണ്ടെന്നാണ് വിവരം.

പ്രതികൾക്കൊപ്പം സിപിഎം പ്രാദേശിക നേതാക്കൾ എത്തിയത് കേസിൽ തങ്ങൾക്ക് ബന്ധമില്ലെന്ന സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ്. അതേസമയം പിടിയിലായ ആകാശിന് പാർട്ടിയുടെ ഔദ്യോഗിക അംഗത്വമില്ല. എന്നാൽ ഇയാളുടെ അച്ഛനും അമ്മയും സിപിഎമ്മിന്റെ സജീവ പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. അതേസമയം മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുടക്കോഴിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.

മറ്റുള്ള പ്രതികൾക്കായി തില്ലങ്കേരി, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാതിരുന്നത് പൊലീസിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ കോൺഗ്രസ് വലിയ ആരോപണമാണ് ഉയർത്തിയിരുന്നത്. കോൺഗ്രസ് നേതാവ് കെ. സുധാകരൻ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കെയാണ് രണ്ടുപേർ പിടിയിലായ വാർത്തകൾ പുറത്തുവരുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശുഹൈബ് (30) കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു

അതേസമയം,ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ ഉടൻ പിടികൂടണമെന്ന് കാന്തപുരം എപി അബൂബക്കർ മുസലിയാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.രാഷ്ട്രീയം നോക്കാതെ കുറ്റവാളികളെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും കാന്തപുരം പറഞ്ഞു.