കൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച എംപിമാരെ രാജി വെപ്പിച്ച് ബിജെപി. ലോക്സഭയിൽ അംഗസംഖ്യ കുറയാതിരിക്കാനാണ് എംഎൽഎ സ്ഥാനം രാജിവെപ്പിക്കുന്നത്. ഇതോടെ ബിജെപി എംഎൽഎമാരുടെ അംഗസംഖ്യ 77ൽനിന്ന് 75 ആയി കുറഞ്ഞു.

അഞ്ച് എംപിമാരാണ് ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ നിഷിത് പ്രമാണിക്, ജഗന്നാഥ് സർക്കാർ എന്നിവർ ജയിച്ചു. ഇവരാണ് ഇപ്പോൾ രാജി സമർപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയും മുന്നിൽനിന്നു നയിച്ച തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നായിരുന്നു പ്രതീക്ഷ. അങ്ങനെ വരുമ്പോൾ മന്ത്രിസഭയിലെ പ്രധാനപ്പെട്ട റോളുകളിൽ ഈ അഞ്ച് എംപിമാരെ നിയോഗിക്കാമെന്ന പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ ആലോചനയുടെ ഭാഗമായായിരുന്നു ഇവരെ മത്സരിപ്പിച്ചത്.

'ബംഗാളിലെ ഫലം ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയായില്ല. ബിജെപി സർക്കാർ രൂപീകരിച്ചിരുന്നെങ്കിൽ ഞങ്ങൾക്കു പ്രത്യേക സ്ഥാനങ്ങൾ ലഭിച്ചേനെ. ഇപ്പോൾ അതില്ലാത്തതിനാൽ എംപിമാരായി തുടരാനാണ് പാർട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. അതുകൊണ്ട് രാജി സമർപ്പിക്കുന്നു' റാണാഘട്ടിൽനിന്നുള്ള ബിജെപി എംപി ജഗന്നാഥ് സർക്കാർ പറഞ്ഞു. ശാന്തിപുർ നിയമസഭാ മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം ജയിച്ചിരിക്കുന്നത്. നാദിയ ജില്ലയിൽത്തന്നെയാണ് ഈ രണ്ടു മണ്ഡലങ്ങളും.

അതേസമയം, ലോക്‌സഭയിൽ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാനുള്ള ബിജെപി നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു. ജയിപ്പിച്ചുവിട്ട ജനങ്ങളെ അപമാനിക്കുകയാണ് അവർ ചെയ്തത്. ആദ്യം ജനങ്ങൾ അവരെ പാർലമെന്റിലേക്ക് അയച്ചു. പിന്നീട് നിയമസഭയിലേക്കും. മാത്രമല്ല, എല്ലാ ബിജെപി എംഎൽഎമാർക്കും കേന്ദ്രം സുരക്ഷയൊരുക്കുന്നത് നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യുന്നതാണെന്നും അവർ ആരോപിച്ചു. എല്ലാ എംഎൽഎമാർക്കും സുരക്ഷ ഒരുക്കുന്നതിലൂടെ പ്രതിമാസം ഒന്നരക്കോടി രൂപയാണ് കേന്ദ്രത്തിനു ചെലവു വരിക.

തെരഞ്ഞെടുപ്പിൽ 75 സീറ്റാണ് ബിജെപി നേടിയത്. 200 സീറ്റ് നേടി അധികാരത്തിലേറുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.