പത്തനംതിട്ട: നഗരം കേന്ദ്രീകരിച്ച് വനിതകൾ ഉൾപ്പെടുന്ന വൻലഹരി മരുന്ന് മാഫിയ. കുലശേഖരപതിയിലെ കോളനി കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടത്തുന്ന സംഘം, പരിശോധനയ്ക്ക് എത്തിയ എക്സൈസുകാരെ കൂട്ടം ചേർന്ന് ആക്രമിച്ചു. ആക്രമണത്തിന് നേതൃത്വം നൽകിയ സംഘത്തിന്റെ തലൈവി താത്ത അടക്കം മൂന്നുപേർ പിടിയിൽ. നാലുപേർക്കായി തിരച്ചിൽ തുടരുന്നു.

ഇന്ന് വൈകിട്ട് മൂന്നുമണിയോടെ എക്സൈസ് ഇൻസ്പെക്ടർ കാർത്തികേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുലശേഖരപതിയിലെ ലഹരിമാഫിയയെപ്പറ്റി അന്വേഷിക്കാൻ ചെന്നത്. ഈ സമയം അവിടെ ഇരുന്ന പരസ്യമായി മദ്യപിച്ച സംഘമാണ് എക്സൈസുകാരെ ആക്രമിച്ചത്. നഗരമധ്യത്തിൽ തന്നെ ആനപ്പാറയിൽ സിപി ഐ ഓഫീസിന് സമീപം വച്ചായിരുന്നു ആക്രമണം.

ആക്രമണത്തിൽ പ്രവീൺ, സന്തോഷ് എന്നീ ഗാർഡുമാർക്കാണ് ഗുരുതര പരുക്കുള്ളത്. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവിണിന്റെ കൈ പിടിച്ച് തിരിച്ചതിനെ തുടർന്ന് മുട്ടിന് താഴെ വച്ച് സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ടുണ്ട്. സന്തോഷിന്റെ മൂക്കിന്റെ പാലം അക്രമി സംഘം ഇടിച്ച് തകർത്തു. ഐഷാ ബീവി എന്ന താത്തയുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് ആക്രമിച്ചത്. ഇതിൽ ഒരു യുവതി കൂടി ഉൾപ്പെട്ടിട്ടുണ്ട്.

ഐഷാബീവി, അക്‌ബർ ഖാൻ, ബംഗാളി സുരേഷ് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു നാലുപേർക്കായി അന്വേഷണം തുടരുന്നു. പത്തനംതിട്ട നഗരത്തിലും പരിസരത്തും കഞ്ചാവ് മാഫിയയുടെ സ്വൈര്യ വിഹാരം നടത്തുകയാണ്. പരാതികൾ വർധിച്ചു വരുന്നതിനിടെയാണ് റെയ്ഡിനെത്തിയ സംഘത്തിന് നേരെ ആക്രമണമുണ്ടായത്.