ന്യൂഡൽഹി: പടിഞ്ഞാറൻ റഷ്യയിലെ മെഡിക്കൽ സർവ്വകലാശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ പൂജ കല്ലൂർ (22), കരിഷ്മ ഭോസ് ലെ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പൂജ നവി മുംബൈ സ്വദേശിയും കരിഷ്മ പൂണെയിലെ സഹകാർ നഗർ സ്വദേശിയുമാണ്. തീപിടിത്തമുണ്ടായ റഷ്യയിലെ സ്‌മോലെൻസ്‌ക് മെഡിക്കൽ അക്കാദമിയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായിരുന്നു. ആറു നില കെട്ടിടത്തിലെ നാലാം നിലയിലെ ഹോസ്റ്റൽ മുറിയിൽ ഒരുമിച്ചാണ് ഇരുവരും താമസിച്ചിരുന്നത്. മോസ്‌കോയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സംഭവം. മോസ്‌കോയിലെത്തിക്കുന്ന മൃതദേഹങ്ങൾ വിമാനമാർഗം ചൊവ്വാഴ്ച മുംബൈയിലേക്ക് കൊണ്ടുവരും.

ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം 11 മണിക്ക് യൂണിവേഴ്‌സിറ്റിയുടെ നാലാം നിലയിലെ ഡോർമിറ്ററിയിലാണ് തീപിടിത്തമുണ്ടായതെന്ന് റഷ്യൻ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം രേഖപ്പെടുത്തുന്നതായും സുഷമ സ്വരാജ് അറിയിച്ചു.