വടക്കാഞ്ചേരി: വടക്കാഞ്ചേരി മാലക്കയിലെ വീട്ടുമുറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടു. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്നിരുന്ന പത്തും രണ്ടും വയസ്സുള്ള കുട്ടികളാണ് ഇന്നലെ രാത്രി ഉണ്ടായ തീ പിടുത്തത്തിൽ അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്. തെക്കുംകര പഞ്ചായത്തിലെ ആച്ചക്കോട്ടിൽ ഡാൻഡേഴ്‌സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്‌സ് (47), ഭാര്യ ബിന്ദു (35), മൂത്തമകൾ സെലസ്ഫിയുമാണ് (12) രക്ഷപ്പെട്ടത്. പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടക്കുമ്പോൾ ഡാൻഡേഴ്‌സ് ജോ മുറ്റത്ത് കാർ കഴുകുകയായിരുന്നു. വീടിന് തീ പിടിക്കുന്നത് കണ്ട് മക്കളെ രക്ഷിക്കാനായി അകത്തേക്ക് ഓടിക്കയറി എങ്കിലും മൂത്തമകൾ സെലസ് നിയയെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. അടുക്കളയിലായിരുന്ന ഭാര്യ ബിന്ദുവും തീപിടിച്ചതോടെ മുറ്റത്തേക്ക് ഇറങ്ങി ഓടി. എന്നാൽ മറ്റു രണ്ട് കുട്ടികളെയും രക്ഷപ്പെടുത്താനായില്ല. കുട്ടികളെ പുറത്തേക്കെടുക്കാൻ കഴിയുന്നതിന് മുമ്പ് വീടിനുള്ളിൽ തീ ആളിപ്പടർന്നതിനാലാാണ് കുട്ടികളെ രക്ഷിക്കാൻ കഴിയാതെ പോയത്. രണ്ടു കുട്ടികളും കട്ടിലിൽ വെന്തു മരിച്ച നിലയിലായിരുന്നു.

വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് നാടിനെ നടുക്കി ഇവരുടെ വീട്ടിൽ വൻ തീപിടുത്തം ഉണ്ടായത്. തീ പെട്ടെന്ന് ആളിപ്പടരുകയും വീടിനകം പൂർണമായി കത്തിനശിക്കുകയും ചെയ്തു. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കുട്ടികൾ ഉറങ്ങിയ മുറിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നും പറയപ്പെടുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ഇൻവെർട്ടറിന് തീപിടിച്ചെന്നാണ് സൂചന. അതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായും പറയപ്പെടുന്നു. എന്നാൽ അപകടകാരണം വ്യക്തമായിട്ടില്ല.

തീ പിടുത്തത്തോടൊപ്പം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. മരിച്ച കുട്ടികൾ കിടപ്പുമുറിയിൽ ഉറക്കത്തിലായിരുന്നു. ഈ മുറിയിൽ ഇൻവെർട്ടർ പ്രവർത്തിച്ചിരുന്നു. ഡാൻഡേഴ്‌സ് ജോ ഈ സമയം മുറ്റത്ത് കാർ കഴുകുകയായിരുന്നു, ബിന്ദു അടുക്കളയിലും. രക്ഷപെട്ട മൂത്തമകൾ സലസ് നിയ ടി.വി. കാണുകയായിരുന്നു. പെട്ടെന്ന് തീ ആളിപ്പടർന്നപ്പോൾ ഡാൻഡേഴ്‌സ് ജോ മുറിക്കുള്ളിലേക്ക് ഓടിക്കയറി മൂത്തമകളെ പുറത്തെത്തിച്ചു. ബിന്ദുവും അടുക്കളവാതിലിലൂടെ പുറത്തേക്കോടി. അപ്പോഴേയ്ക്കും തീ ആളിപ്പടർന്നതിനാൽ ഉറങ്ങിക്കിടന്ന കുട്ടികളെ രക്ഷിക്കാനായില്ല. കുട്ടികൾ കിടന്ന മുറിയിൽനിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു.

വടക്കാഞ്ചേരിയിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തിയപ്പോഴേയ്ക്കും വീട് പൂർണമായി നശിച്ചിരുന്നു. ഡാൻഡേഴ്‌സ് ജോ ബിസിനസുകാരനാണ്. സലസ് നിയയും മരിച്ച ഡാൻഫിലീസും കുറ്റുമുക്ക് സാന്ദീപിനി സ്‌കൂൾ വിദ്യാർത്ഥികളാണ്. ബിന്ദുവിന് സാരമായ പൊള്ളലേറ്റിട്ടുണ്ട്. തീ അടുക്കളയിലേക്ക് പടർന്നതോടെയാണ് ബിന്ദു മുറിവിട്ട് പുറത്തേക്ക് ഓടിയത്. വീട്ടിലുള്ളവരെ രക്ഷിക്കുന്നതിനിടെയാണ് ഡാന്റേഴ്‌സിന് പരിക്കേറ്റത്.