കുവൈത്ത് സിറ്റി: മദ്യത്തിന് പകരം ഷേവിങ് ലോഷൻ കഴിച്ച് കുവൈത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി മൂന്നാം കണ്ടത്തിൽ റഫീഖ്(41), കൊല്ലം പുനലൂർ നെടുംകയം പേപ്പർമില്ലിന് സമീപത്തെ ബദറുദ്ദീന്റെ മകൻ ഷംജീർ (32) എന്നിവരാണു മരിച്ചത്. ഇവരുടെ സുഹൃത്തിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സബാഹിയ ബ്ലോക്ക് നാലിൽ ഇവർ താമസിക്കുന്ന വീട്ടിൽ രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റഫീഖ് സ്വദേശിയുടെ വീട്ടിൽ ഡ്രൈവറാണ്. പോസ്റ്റം മോർട്ടം റിപ്പോർട്ടിൽ ഷേവിങ് ലോഷൻ കഴിച്ചത് മൂലമാണു മരണം എന്ന് വ്യക്തമാകുകയായിരുന്നു. ഷംജീറിന്റെ മാതാവ് നസീമ. ഭാര്യ: ഷാഹിന. ഒരു മകനുണ്ട്. ഫർവാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

മരിച്ച റഫീക്കും ഷംജീറും ഡ്രൈവർമാരാണ്. പെരുന്നാൾ ആഘോഷത്തിനായി ഒരുമിച്ച് കൂടിയതായിരുന്നു സുഹൃത്തുക്കളായ 4 പേർ. സബാഹിയ ബ്‌ളോക്ക് നാലിൽ സ്വദേശി വീടിനോട് ചേർന്ന ഔട്ട് ഹൗസിലായിരുന്നു ഒത്തുകൂടൽ. മദ്യപാനം കൊഴുത്തതോടെ ബഹളമായി. ഇതോടെ സമീപത്തെ മുറികളിലെ താമസക്കാർക്ക് ശല്യമായി. തുടർന്ന് ഔട്ട് ഹൗസിന്റെ മേൽനോട്ടക്കാരനായ ശ്രീലങ്കൻ സ്വദേശി നാലുപേരോടും മുറിവിട്ട് പുറത്തുപോകാൻ ആവശ്യപ്പെട്ടു.

വാക്കുതർക്കം മുറുകിയതോടെ സുഹൃത്തുക്കളിൽ ഒരാളായ പുനലൂർ സ്വദേശി സുരേഷ് കുമാർ പുറത്തുപോയി. അല്പ സമയത്തിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ചനിലയിൽ കണ്ടത്. ഉടനെ സുരേഷ് കുമാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ മാറ്റിയത്. പോസ്റ്റ്‌മോർട്ടത്തിൽ ലോഷനാണ് മരണകാരണമായതെന്ന് കണ്ടെത്തിയിരുന്നു.

അറബി വീട്ടിലേക്ക് ജോലിക്ക് വന്ന ഷംജീർ അവിടെ നിന്ന് ഒളിച്ചോടിയ ശേഷം ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. റഫീക്ക് അറബി വീട്ടിൽ ഡ്രൈവറായിരുന്നു. നസീമയാണ് ഷംജീറിന്റെ മാതാവ്. ഭാര്യ: ഷാഹിന. ആറ് വയസ്സുള്ള മകനുണ്ട്.