- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരേ ചാവേർ ആക്രമണം; ഓശാന ഞായറിലെ ആക്രമണത്തിൽ പരിക്കേറ്റത് പതിനാല് പേർക്ക്; പൊട്ടിത്തെറിച്ചത് മോട്ടോർ ബൈക്കിൽ എത്തിയ രണ്ടുപേർ; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ തീവ്രവാദി ഗ്രൂപ്പുകൾ; ഇന്തോനേഷ്യയിൽ വീണ്ടും ഇസ്ലാമിക തീവ്രവാദം സജീവമാകുന്നു
ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരേ ചാവേർ ആക്രമണം. മകാസറിലെ കത്തോലിക്കാ പള്ളിയിലാണ് ചാവേർ ബോംബാക്രമണം നടന്നത്. പള്ളിയിൽ കുർബാന ചടങ്ങുകൾ നടക്കവെ പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് സംഭവം. സ്ഫോടനത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഓശാന ഞായറിനോട് അനുബന്ധിച്ച് നിരവധി വിശ്വാസികൾ ആരാധനാലയത്തിനുള്ളിൽ ഉണ്ടായിരുന്നു.
ആക്രമണത്തിന് തൊട്ടുമുൻപ് രണ്ടുപേർ മോട്ടോർ ബൈക്കിൽ പള്ളി മൈതാനത്തേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവച്ചിരുന്നു. കുർബാന തീർന്നയുടൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായെന്ന് വൈദികനായ വിൽഹെമസ് തുലക് ഇന്തോനേഷ്യൻ മാധ്യമങ്ങളോട് പറഞ്ഞു.പള്ളിയുടെ മുന്നിൽ ശരീര ഭാഗങ്ങൾ ചിതറിക്കിടക്കുന്നതിന്റെയും, ഒരു ബൈക്ക് കത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നിലാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സ്‌ഫോടന സമയത്ത് സുലവേസി ദ്വീപിലെ പള്ളിക്കുള്ളിൽ കുർബാന നടക്കുകയായിരുന്നു എന്ന് സൗത്ത് സുലവേസി പൊലീസ് വക്താവ് ഇ. സുൽപാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സംഭവസ്ഥലത്തെ ശരീരഭാഗങ്ങൾ ചാവേറുകളുടേതാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. 2002ൽ ടൂറിസ്റ്റ് ദ്വീപായ ബാലിയിലാണ് ഇന്തോനേഷ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഇസ്ലാമിക തീവ്രവാദി ആക്രമണം നടന്നത്. വിദേശ വിനോദ സഞ്ചാരികളുൾപ്പടെ 202 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതിനുശേഷം തീവ്രവാദികളെ നേരിടുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു കാഴ്ചവച്ചിരുന്നത്. എന്നാൽ അടുത്തിടെ വീണ്ടും തീവ്രവാദ പ്രവർത്തനങ്ങൾ സജീവമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ആക്രമണത്തെ അപലപിച്ച മതകാര്യ മന്ത്രി യാകുത് ചോലിൻ ഖമാസ് ആരാധനാലയങ്ങളിൽ സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. "എന്തുതന്നെയായാലും, ഈ ആക്രമണത്തെ ഒരു മതത്തിനും ന്യായീകരിക്കാൻ കഴിയില്ല, കാരണം ഇത് മറ്റ് ആളുകൾക്ക് ദോഷം ചെയ്യും," അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ