- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദളിതനെ നേതാവായി അംഗീകരിക്കാനാകില്ല; ബിജെപിയിൽ നിന്നും രാജിവെച്ചത് ഇരുപതിലധികം നേതാക്കൾ; തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് വെല്ലുവിളി ഉയരുന്നത് ഇങ്ങനെ
ചെന്നൈ: തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് വിഘാതമായി ജാതി വ്യവസ്ഥ. കീഴ്ജാതിക്കാരെ നേതാവായി അംഗീകരിക്കാനാകാതെ ഇരുപതിലധികം ജില്ലാ നേതാക്കളാണ് രാജിവെച്ചത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. ബിജെപിയുടെ ജില്ല പ്രസിഡൻറായി ദലിത് സമുദായംഗത്തെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് മറ്റ് ജില്ല ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചത്. മേൽജാതിക്കാരായ ഇരുപതിലധികം പേരാണ് രാജിക്കത്ത് സമർപ്പിച്ചത്. കീഴ്ജാതിക്കാരനായ പ്രസിഡൻറിന്റെ കീഴിൽ പ്രവർത്തിക്കാനാവില്ലെന്ന് കാട്ടിയാണ് രാജി.
തിരുനൽവേലി ജില്ല പ്രസിഡൻറായി ദലിതനായ എ. മഹാരാജനെ ആണ് നിയമിച്ചത്. ഇതോടെ നാടാർ- തേവർ സമുദായങ്ങളിൽപെട്ട ജില്ല തല ഭാരവാഹികളാണ് തെക്കൻ തമിഴക ജില്ലകളുടെ ചുമതല വഹിക്കുന്ന പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് നയിനാർ നാഗേന്ദ്രന് രാജിക്കത്ത് നൽകിയത്. ദലിതനായ ജില്ല പ്രസിഡൻറിെൻറ നിർദ്ദേശങ്ങൾ അനുസരിക്കാനാവില്ലെന്നും മഹാരാജനെ തൽസ്ഥാനത്ത്നിന്ന് മാറ്റണമെന്നുമാണ് മേൽജാതിക്കാരുടെ ആവശ്യം. ഇതംഗീകരിക്കുന്നതുവരെ പാർട്ടി പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്നും അറിയിച്ചു.
അടുത്തിടെ ബിജെപി തമിഴ്നാട് പ്രസിഡൻറായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഡ്വ. എൽ. മുരുകനെ നിയമിച്ചതും പാർട്ടിയിലെ മേൽജാതിക്കാരായ ഭാരവാഹികൾക്ക് രസിച്ചില്ല. എങ്കിലും, അവർ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. ദേശീയ പട്ടിക ജാതി കമ്മിഷൻ വൈസ് ചെയർമാൻ കൂടിയാണ് മുരുകൻ. സവർണരായ ഭാരവാഹികളിൽനിന്ന് ഇദ്ദേഹത്തിന് മതിയായ സഹകരണം ലഭ്യമാവുന്നില്ലെന്നും പാർട്ടിക്കകത്ത് മുറുമുറുപ്പുണ്ട്. അതിനിടയിലാണ് മഹാജന്റെ നിയമനവും വിവാദമാക്കിയത്.
ജില്ല ലീഗൽ വിങ് പ്രസിഡൻറായി മറ്റൊരു ദലിത് സമുദായംഗമായ അഡ്വ. ആർ.സി. കാർത്തിക്കിനെ നിയമിച്ചതിലും ഒരു കൂട്ടർ അമർഷത്തിലാണ്. തമിഴ്നാട്ടിലെ പിന്നാക്ക വിഭാഗങ്ങളാണ് ദ്രാവിഡ കക്ഷികളുടെ പിൻബലം. ഇത് തകർക്കുകയെന്ന ലക്ഷ്യേത്താടെയാണ് ബിജെപി കേന്ദ്ര നേതൃത്വം പിന്നാക്ക സമുദായങ്ങളിൽപെട്ടവർക്ക് പ്രാമുഖ്യം നൽകുന്നത്. തമിഴകത്ത് ജാതീയമായ വേർതിരിവുകൾ ഏറ്റവും പ്രകടമായി കാണപ്പെടുന്ന ജില്ലയാണ് തിരുനൽവേലി. പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കുമെന്ന് നയിനാർ നാഗേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് ഡെസ്ക്