ഷാർജ: ഷാർജയിലെ സെക്‌സ് റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ട യുവതിയെ രക്ഷപെടുത്താൻ അവസരോചിച ഇടപെടൽ നടത്തി യുവാവിനെ തേടി അഭിനന്ദന പ്രവാഹം. ഷാർജയിലെ യാർമൂക്ക് ഏരിയയിൽ തൊഴിൽതേടിയെത്തിയ യുവതിയെയാണ് ചതിയിൽപ്പെടുത്തിയത്. യുവതിയുടെ സഹായഭ്യർത്ഥനയിൽ ഉചിതമായ ഇടപെടൽ നടത്തിയാണ് ഇരുപതുകാരനായ യുവാവ് ആളുകളുടെ കൈയടി നേടിയത്. ഷാർജ റിയാൽ എസ്റ്റേറ്റ് കമ്പനി തൊഴിലാളിയായ മുഹമ്മദ് ഷുഹൈബ് എന്ന ഏഷ്യക്കാരൻ യുവാവാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

യുവതിയെ രക്ഷിക്കാൻ ഇടയായ സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: ജോലിസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന ഷുഹൈബിന്റെ ദേഹത്തേയ്ക്ക് സമീപത്തെ ഫ്‌ളാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് തുടർച്ചയായി പേപ്പർ ചുരുളുകൾ താഴേയ്ക്ക് പതിച്ചു. ഈ പേപ്പർ ചുരുളുകൾ പരിശോധിച്ച ഷുഹൈബ് കണ്ടത് തന്റെ സഹായിക്കണമെന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നതും ഫോൺ നമ്പരാണ്.

തുടർന്ന് ആ നമ്പറിലേക്ക് വിളിച്ചപ്പോൾ യുവതി ഫോൺ എടുത്തെങ്കിലും അറബി ഭാഷയിൽ അവർ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ യുവാവിന് മനസിലായില്ല. തുടർന്ന് ഇയാൾ റൂമിലേക്ക് മടങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഓഫീസിലെത്തിയ ഷുഹൈബ് ഇക്കാര്യങ്ങൾ സുഹൃത്തിനോട് വിവരിക്കുകയും തുടർന്ന് അറബി അറിയാവുന്ന സുഹൃത്ത് യുവതിയുടെ നമ്പറിലേക്ക് വിളിക്കുകയും ചെയ്തതോടെയാണ് യുവതിയെ ഫ്‌ളാറ്റിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മനസിലാകുന്നത്.

ജോലി വാഗ്ദാനം ചെയ്തു മൂന്നു യുവാക്കൾ തന്നെ ഫ്‌ളാറ്റിൽ കൊണ്ടുവരുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തതായി യുവതി ഷുഹൈബിനെയും സുഹൃത്തിനെയും അറിയിച്ചു. വഴങ്ങാൻ തയ്യാറാവാതിരുന്ന തന്നെ അവർ ക്രൂരമായി മർദ്ദിച്ചതായും ശാരീരികമായും മാനസികമായും താൻ ആകെ തകർന്നതായും എങ്ങനെയെങ്കിലും തന്നെ ഇവിടെ നിന്ന് രക്ഷിക്കണമെന്നും സ്ത്രീ ഇവരോട് ആവശ്യപ്പെട്ടു.

സംഭവത്തിൽ കാര്യമുണ്ടെന്ന് ബോധ്യമായതോടെ യുവാവ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഫ്‌ലാറ്റിലെത്തുകയും യുവതിയെ മോചിപ്പിക്കുകയും ചെയ്തു. യുവതിയെ പൂട്ടിയിട്ട മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഷാർജ പബ്ലിക് പ്രൊസിക്ക്യൂഷൻ മുമ്പാകെ ഹാജരാക്കിയ പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനും അനാശാസ്യത്തിനും കേസെടുത്തിട്ടുണ്ട്. സെക്‌സ് റാക്കറ്റിൽ നിന്നും യുവതിയെ രക്ഷിക്കാൻ അവസരമൊരുക്കിയ യുവാവ് ഏത് രാജ്യക്കാരനാണെന്ന വിവരം പുറത്തുവന്നിട്ടില്ല.