ചെന്നൈ: ഒന്നാം വർഷ കോളേജ് വിദ്യാർത്ഥിനിയെ മുൻകാമുകൻ കുത്തിക്കൊന്നു. ചെന്നൈ കെകെ നഗർ മീനാക്ഷി കോളേജ് ബികോം വിദ്യാർത്ഥിനി എം.അശ്വനി(20)യെ തിരുവണ്ണാമലൈ സ്വദേശി അഴകേശ(26)നാണു കോളജ് കവാടത്തിൽ കൊലപ്പെടുത്തിയത്.

പ്രണയത്തിൽ നിന്നു പെൺകുട്ടി പിന്മാറിയതിനെ തുടർന്നാണു കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. തന്നെ ഇയാൾ ശല്യപ്പെടുത്തുന്നതായി പെൺകുട്ടി കഴിഞ്ഞമാസം പരാതി നൽകുകയും തുടർന്ന് അഴകേശനെ പൊലീസ് താക്കീതു ചെയ്യുകയും ചെയ്തിരുന്നു.

ഉച്ചയ്ക്ക് 2.45 ഓടെ പെൺകുട്ടി ബസ് സ്റ്റോപിലേക്ക് നടക്കുന്നതിനിടെയാണ് അഴകേശൻ കത്തിയുമായി ആക്രമിച്ചത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ അഴകേശൻ ശ്രമിച്ചെങ്കിലും യാത്രക്കാരെല്ലാം ചേർന്ന് പിടികൂടി കെട്ടിയിട്ട് പൊലീസിൽ ഏൽപിച്ചു.

അഴകേശനുമായി കുറെ വർഷങ്ങളായി പരിചയമുണ്ടായിരുന്നെങ്കിലും വിവാഹത്തിന് അശ്വനിക്ക് താൽപര്യമുണ്ടായിരുന്നില്ല.എന്നാൽ, അഴകേശേൻ തുടർച്ചയായി ഇവരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.മധുരവോയൽ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ മാസം 5 ന് പെൺകുട്ടി പരാതി നൽകിയതിനെ  തുടർന്നാണ് പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചത്. അഴകേശൻ ശല്യപ്പെടുത്താതിരിക്കാൻ ബന്ധുവിന്റെ വീട്ടിൽ നിന്നാണു പിന്നീട് അശ്വനി കോളജിൽ പോയിരുന്നത്.