ആലുവ: വമ്പന്മാരുടെ ചൂതാട്ട കേന്ദ്രമായ ദേശം പെരിയാർ ക്ലബ്ബിൽ പൊലീസ് റെയ്ഡ്. ക്ലബ്ബ് ജീവനക്കാരനടക്കം 21 പേർ പിടിയിൽ. 18 ലക്ഷത്തിൽപ്പരം രൂപ പിടിച്ചെടുത്തു. പ്രമുഖ ആശുപത്രിയുടെ എം ഡിയും സഹോദരനും നിരവധി രാഷ്ട്രീയ നേതാക്കളും പിടിയിലായവരിൽ ഉണ്ടെന്നാണ് സൂചന. ആലൂവ റുറൽ എസ് പി ഏ വി ജോർജ്ജിന്റെ നിർദ്ദേശപ്രകാരം വിവിധ സ്റ്റേഷനിൽ നിന്നുള്ള എസ് ഐ മാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് റെയ്ഡിനെത്തിയത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് പെരിയാർ തീരത്തെ ക്ലബ്ബിൽ തന്ത്രപരമായി പൊലീസ് റെയ്ഡ് നടത്തിയത്. എല്ലാ വിധ ആധൂനിക സംവിധാനങ്ങളോടെയാണ് ക്ലെബ്ബ് പ്രവർത്തിച്ചിരുന്നത്. ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ തുറക്കുന്ന ശീതീകരിച്ച മുറികളാണ് ഇവിടെയുള്ളത്. റിസപ്ഷനിസ്റ്റിറ്റാണ് മുറികളിലേക്ക് കളിക്കാരെ കടത്തിവിടുന്നത്. ഒരുലക്ഷം രൂപ ഇവിടെ ഏൽപ്പിച്ചാലെ കളിക്കാർക്ക് പ്രവേശനം ലഭിക്കു. അപകടം മണത്താൽ ബെൽമുഴക്കി സൂചന നൽകാൻ ക്ലബ്ബ് നടത്തിപ്പുകാർ സെക്യൂരറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു.

ഈ വിവരങ്ങളെല്ലാം നേരത്തെ മനസ്സിലാക്കിയാണ് പൊലീസ് സംഘം ക്ലബ്ബ് റെയിഡിന് കർമ്മ പദ്ധതി തയ്യാറാക്കിയത്. ദമ്പതികളെന്ന തോന്നിക്കും വിധത്തിലുള്ള വേഷവിധാനങ്ങളോടെ ഒരുപൊലീസുകാരനും വനിതപൊലീകാരനും കാറിൽ ക്ലബ്ബിലെത്തി. ടീഷർട്ടും മറ്റും ധരിച്ച് ഫ്രീക്കൻ സ്റ്റൈലിൽ പൊലീസ് സെറ്റപ്പക്കായിരുന്ന കുറച്ചുപേരും ഇവർക്ക് പിന്നാലെയെത്തി. വന്നപാടെ ഇവർ സൈക്യൂരിറ്റിയെ വരുതിയിലാക്കി. ഞൊടിയിടിൽ റിസപ്ഷനിസ്റ്റും ഇവരുടെ ബന്ധനത്തിലായി. പൊലീസ് സംഘത്തിന്റെ നിർദ്ദേശപ്രകാരം റിസപ്‌നിറ്റ് വാതിലിലെ പഞ്ചിങ് മിഷ്യനിൽ വിരലമർത്തി.മുറി തുറന്നയുടൻ പൊലീസ് സംഘം മുറിക്കുള്ളിലേക്ക് ഇരച്ച് കയറി കളിക്കാരെ കസ്റ്റഡിയിലെടുത്തു.

കളിക്കളത്തിൽ നിന്നുലഭിച്ച 18,6250 രൂപ പൊലീ്‌സ് കസ്റ്റഡിയിൽ എടുത്തു. ക്ലബ്ബിന് പുറത്ത് കിടന്ന കളിക്കാരുടെ ആഡംമ്പര വാഹനങ്ങളിൽ നിന്ന് വൻതുക കണ്ടെടുത്തതായി സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ക്ലബ്ബിൽ പന്നിമലർത്തിലേർപ്പെട്ടിരുന്നവരാണ് പൊലീസ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നീക്കമാരംഭിച്ചതോടെ ബാഹ്യസമ്മർദ്ധം ശക്തമായി. ഇതിനകം പിടിയിലായവരുടെ പേരുവിരങ്ങൾ പുറത്ത് വിടരുതെന്ന് ഉന്നതങ്ങളിൽ നിന്നും സ്റ്റേഷനിൽ നിർദ്ദേശവുമെത്തി.

അതിനാൽ പിടിയിലായവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കൈമാറാൻ പൊലീസ് മടിക്കുകയാണ്. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയ 21 പേരുടെ പേരുകളും ഇവരുടെ സ്വദേശവും മറുനാടനോട് വെളിപ്പെടുത്തി. എന്നാൽ ഇവരുടെ ജോലി,പൊതുസമൂഹത്തിൽ ഇവർ അറിയപ്പെടുന്ന മേഖല,രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനങ്ങൾ തുടങ്ങിയവെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പങ്കുവച്ചില്ല. പിടിയിലായവർ സ്റ്റേഷനിൽ നൽകിയിട്ടുള്ള മേൽവിലാസം ശരിയാണോ എന്നകാര്യത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.

ടോമി വർഗീസ് ,ഉടുമ്പൻചോല,ഇടുക്കി,മനോജ് കോടനാട്,അബ്ദുൾനസീർ കൊടുങ്ങല്ലൂർ,സോജു മെയ്‌ക്കാട് നെടിമ്പാശേരി, ബിജു കാലടി,യൂസഫ് കാട്ടൂർ കൊടുങ്ങല്ലൂർ,പ്രഭാകരൻ വൈക്കം,സലീം ആലൂവ തായ്ക്കാട്ടുകര,മുഹമ്മദലി നായത്തോട് ,ഹാഷീം ആലുവ,ഷെമീർ ആലൂവ,അബ്ദുൾ അസീസ് കളമശ്ശേരി,സുനിൽ ആലുവ, വറുഗീസ് വെസ്റ്റ് കടുങ്ങല്ലൂർ,റഷീദ് ആലൂവ,അലി ഇടപ്പിള്ളി,ഷാജു ഒല്ലൂർ തൃശ്ശൂർ,അൻസാർ ചെങ്ങമനാട്,തോമസ് കലൂർ കൊച്ചി,ജോൺസൺ ഒല്ലൂർ തൃശ്ശൂർ എന്നിങ്ങനെയാണ് അറസ്റ്റിലായവരെക്കുറിച്ച് പൊലീസ് നൽകിയ പേരുവിവരങ്ങൾ.

ഏതാണ്ട് മൂന്നുമണിക്കൂറോളം ഇവർ സ്‌റ്റേഷനിലുണ്ടായിരുന്നു. ഇതിന് ശേഷം പൊലീസ് നടപടികൾ പൂർത്തിയാക്കി പിടികൂടിയവരെ ജാമ്യത്തിൽ വിട്ടു. നടത്തിപ്പുകാർ പൊലീസും രാഷ്ട്രീയ നേതൃത്വങ്ങളുമായി അടുപ്പംപുലർത്തുന്നവരാണെന്നും അതിനാലാണ് ഏറെക്കുറെ പരസ്യമായിത്തന്നെ ചൂതാട്ടകേന്ദ്രം ഇവിടെ പ്രവർത്തിച്ചിരുന്നതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.