- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊന്നത് കേരള രജിസ്ട്രേഷൻ ബൈക്കിലെത്തിയ അക്രമികളെന്ന് സംശയം; കേസിൽ 21 എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ; കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി മസൂദിന്റെ കൊലപാതകത്തിന് പ്രതികാരമോ എന്നും സംശയം; കർണാടക പൊലീസ് സംഘം കാസർകോട് എത്തും
സുള്ള്യ: ബിജെപി യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു(32)വിന്റെ കൊലപാതകത്തിൽ സംശയ നിഴലിൽ ഉള്ളത് പോപ്പുലർ ഫ്രണ്ട് തന്നെ. ബെള്ളാരെ കളഞ്ചയിൽ നടന്ന കൊലപാതകത്തിന്റെ പ്രതികാരമാണോ ഇതെന്ന സംശയമാണ് ശക്തമായിരിക്കുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളെ തേടി കർണാടക പൊലീസ് അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
കേരള റജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് അക്രമികൾ എത്തിയതെന്നു പ്രചാരണമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ കാര്യങ്ങളിൽ ഉൾപ്പെടെ പരിശോധയുണ്ടാകും. ഇതുമായി ബന്ധപ്പെട്ടു കർണാടക പൊലീസ് സംഘം കാസർകോട് എത്തും. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലായ ആളുകളുടെ എണ്ണം 21 ആയി. എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
ഒരാഴ്ചയ്ക്കകം ബെള്ളാരെയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. കഴിഞ്ഞയാഴ്ച ബെള്ളാരെ കളഞ്ചയിൽ ഒരു സംഘം ആളുകളുടെ മർദനമേറ്റ് കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി മസൂദ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവുമായി പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിനു ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും. ഒരാഴ്ച മുമ്പ് വിഷ്ണുനഗറിൽ വച്ചുണ്ടായ വാക്കു തർക്കത്തിൽ പ്രവീണും പങ്കാളിയായിരുന്നു. ഈ കാര്യങ്ങളും പരിശോധിക്കുമെന്നും ബെള്ളാരെ പൊലീസ് അറിയിച്ചു.
അതേസമയം, കേസിലെ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ കർണാടകയിൽ പ്രതിഷേധം വ്യാപകമാണു.ദക്ഷിണ കന്നഡ, കൊപ്പാൽ ജില്ലകളിലെ കൂടുതൽ യുവമോർച്ചക്കാർ ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി നൽകി. കർണാടക മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി. 11 മണിക്ക് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
കേരള കർണാടക അതിർത്തിയോടു ചേർന്ന ദക്ഷിണകന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയിൽ ചൊവ്വാഴ്ച രാത്രിയാണു പ്രവീൺ കൊല്ലപ്പെട്ടത്. അജ്ഞാതർ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.
ബെള്ളാരെയിൽ കോഴിക്കട നടത്തുകയായിരുന്ന പ്രവീൺ കടയടച്ച് രാത്രി 8.30ന് വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ബൈക്കിൽ എത്തിയ അക്രമികളാണു വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബെള്ളാരെ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രവീണിന്റെ കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ ബന്ധങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ