ജിദ്ദ: സൗദിവത്ക്കരണം മൂലം 212,000 ബിസിനസ് സ്ഥാപനങ്ങൾക്ക് പൂട്ടുവീഴുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. സൗദി സ്വദേശികൾക്ക് തൊഴിൽ നൽകിയില്ല എന്ന കാരണത്താലാണ് രണ്ടു ലക്ഷത്തിലധികം വരുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് താഴുവീഴുന്നത്. സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സൗദിവത്ക്കരണം ഫലപ്രദമായി പ്രാബല്യത്തിലായില്ലെങ്കിൽ രാജ്യത്തെ അമ്പതു ശതമാനത്തിലധികം വ്യവസായങ്ങളെ അതു ബാധിക്കുമെന്ന് ഉറപ്പായി. ഇതു സംബന്ധിച്ച് നാഷണൽ കമ്മിറ്റി ഫോർ യംഗ് ബിസിനസ്‌മെൻ ചെയർമാൻ അലി സലേ അൽ ഐതാം ആണ് വ്യവസായ മേഖലയിലെ ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

പുതിയ പദ്ധതികൾ നടപ്പാക്കാൻ ലേബർ മിനിസ്ട്രിയുടെ ഭാഗത്തു നിന്ന് മെച്ചപ്പെട്ട പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്നും സൗദി സ്വദേശികൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അൽ ഐതാം ചൂണ്ടിക്കാട്ടി. സൗദി വത്ക്കരണം എന്ന നടപടിയിൽ സർക്കാർ കടുംപിടുത്തം നടത്തുകയും അതേസമയം അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നും ചെയർമാൻ വ്യക്തമാക്കി. ലേബർ മിനിസ്ട്രിയുടെ നിയമം മൂലം പുതിയ സ്ഥാപനങ്ങൾക്ക് വികലാംഗരായ സ്വദേശികൾ, മുൻ ജയിൽ വാസികൾ, വിദ്യാർത്ഥികൾ, മറ്റു സ്ഥാപനങ്ങളിലൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്വദേശികൾ എന്നിവരെ നിയമിക്കേണ്ട ഗതികേടാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇത്തരക്കാർക്ക് ഏറെ പണിയൊന്നുമില്ലെങ്കിലും മിനിമം വേജ് നൽകാൻ കമ്പനികൾ നിർബന്ധിതരാകുന്നുണ്ടെന്നും  അങ്ങനെ വ്യാജ ജോലി മേഖല സൃഷ്ടിക്കപ്പെടുകയാണെന്നും അൽ ഐതാം അവതരിപ്പിച്ച റിസർച്ച് പേപ്പറിൽ വ്യക്തമാക്കുന്നു.