ലണ്ടൻ: വിവാഹം കഴിഞ്ഞയുടൻ സ്റ്റുഡന്റ് വീസയിൽ യുകെയിലേക്കു പോയ പത്തനംതിട്ട സ്വദേശിനി ബന്ധുവീട്ടിലെ സ്റ്റെയർകേസിൽനിന്നു തെന്നിവീണ് ദാരുണമായി കൊല്ലപ്പെട്ടു. പത്തനംതിട്ട വയലത്തല സ്വദേശി ഷിജു ജോണിന്റെ ഭാര്യ കോട്ടയം സ്വദേശിനി ജിൻസി(21)യാണ് ഇന്നലെ യുകെയിലെ ആശുപത്രിയിൽ മരിച്ചത്. മൂന്നു മാസം മുമ്പാണ് ബ്രിട്ടനിലെ ല്യൂട്ടനിൽ പഠനത്തിനായി എത്തിയത്.

ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പഠനത്തിനാണ് ജിൻസി എത്തിയത്. ബുധനാഴ്ച രാത്രി ലൂട്ടനിൽ ഭർതൃ സഹോദരന്റെ വീട്ടിൽ അത്താഴം കഴിച്ചു ഉറങ്ങുവാൻ മുകൾ നിലയിലേക്ക് പോകവേ കോണിപ്പടിയിൽ നിന്നും തെന്നിവീഴുകയായിരുന്നു. തുടർന്ന് ലൂട്ടനിലെ ആശുപത്രിയിലും പിന്നീട് കേംബ്രിജ് ആദംബ്രൂക് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കുകയായിരുന്നു.

ആശ്രിത വീസ ലഭിച്ചതിനെ തുടർന്ന് ജിൻസിയുടെ ഭർത്താവ് നാട്ടിൽ നിന്നും ബ്രിട്ടനിലെത്തുന്നതിനു തലേന്നായിരുന്നു അപകടം. ഏറെ ആശകളോടെ നാട്ടിൽ നിന്നും ഭാര്യയുടെ സമീപത്തേക്കു വന്ന യുവാവിന് അബോധാവസ്ഥയിൽ ആശുപത്രി കിടക്കയിൽ കഴിയുന്ന ജിൻസിയേയാണു കാണേണ്ടിവന്നത്.

പൂനയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് ജിൻസി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയാകുന്നതേ ഉള്ളൂ. തലയിടിച്ചു വീണ ജിൻസി രക്തം ഛർദിച്ചതിനെ തുടർന്ന് ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം നിർത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം. വീട്ടിൽ നിന്നും ആശുപത്രിയിൽ എത്താൻ എടുത്ത 20 മിനിറ്റ് സമയം തന്നെ ഏറെ വിലപിടിച്ചതു ആയിരുന്നു എന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ഏതാനും മാസം മുൻപ് ബെഡ്‌ഫോർഡിൽ താമസിച്ചിരുന്ന മലയാളി യുവതി ജോസിയുടെ മരണത്തിനു സാക്ഷിയാകേണ്ടി വന്ന ബെഡ്‌ഫോർഡ് മലയാളികൾക്ക് മറ്റൊരു ദുരന്ത സംഭവത്തിന് സാക്ഷിയാകേണ്ടി വന്നിരിക്കുക ആണെങ്കിലും പൂർണ സഹായവുമായി മുഴുവൻ പേരും രംഗത്തുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഈസ്റ്റ് ഹാമിൽ സന്തോഷ് നായർ എന്ന യുവാവും കോണിപ്പടി ഇറങ്ങവേ തലയിടിച്ചു വീണു മരണമടഞ്ഞിരുന്നു.