- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം മെഡിക്കൽ കോളേജ് വികസനത്തിന് 23.73 കോടി; ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മറ്റ് മെഡിക്കൽ കോളേജുകളെ പോലെ കൊല്ലം മെഡിക്കൽ കോളേജിനേയും മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കിയിരുന്നു. ഇതിനായി കാർഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേർന്നുള്ള മെഡിക്കൽ കോളേജായതിനാൽ ട്രോമ കെയർ സെന്ററിന് പ്രത്യേക പ്രാധാന്യം നൽകി ഭരണാനുമതി നൽകിയിരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്കായുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. ട്രോമ കെയറിനുൾപ്പെടെ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
പോർട്ടബിൾ അൾട്രാസൗണ്ട് 10 ലക്ഷം രൂപ, നെർവ് മോണിറ്റർ 17 ലക്ഷം, മോഡേൺ ഓട്ടോസ്പി വർക്ക് സ്റ്റേഷൻ 10 ലക്ഷം, സി ആം 11.30 ലക്ഷം, ഫുള്ളി ഓട്ടോമേറ്റഡ് ഹൈബ്രിഡ് യൂറിൻ അനലൈസർ 14.50 ലക്ഷം, വീഡിയോ ബ്രോങ്കോസ്കോപ്പ് 16 ലക്ഷം, എക്കോകാർഡിയോഗ്രാഫി സിസ്റ്റം 28.50 ലക്ഷം, എച്ച്.ഡി. ലാപ്പറോസ്കോപ്പിക് സിസ്റ്റം 44 ലക്ഷം, വീഡിയോ ഗസ്സ്ട്രോസ്കോപ്പ് 18 ലക്ഷം, ഡിജിറ്റൽ ഫ്ളൂറോസ്കോപ്പി മെഷീൻ 50 ലക്ഷം, മെഡിക്കൽ ഗ്യാസ് 85 ലക്ഷം, ഫർണിച്ചർ 20 ലക്ഷം, സെൻട്രൽ ലൈബ്രറിയിലെ പുസ്തകങ്ങൾ 70 ലക്ഷം, ജേർണലുകൾ 50 ലക്ഷം തുടങ്ങിയവയ്ക്കാണ് തുകയനുവദിച്ചത്.
ഇതുകൂടാതെ തീപിടിത്തമുണ്ടായാൽ ഫലപ്രദമായി തടയുന്നതിന് ഫയർ ആൻഡ് സേഫ്റ്റി സർവീസിനായി 34 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. താത്ക്കാലിക ജീവനക്കാരുടെ ശമ്പളത്തിനായി 9.25 കോടി രൂപയും നഴ്സുമാരുടെ ഔട്ട്സോഴ്സിങ് സേവനത്തിനായി 82 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ