കൊല്ലം: അമിതവേഗത്തിൽ വന്ന ഫോർച്യൂണർ കാറുണ്ടാക്കിയ അപകടത്തിൽ നഷ്ടമായതു കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറുടെ ജീവൻ. 23കാരിയായ ബിജെപി കൗൺസിലർ കോകില എസ് കുമാറാണ് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.

കോകില സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ അമിതവേഗത്തിൽ വന്ന കാറിടിക്കുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന പിതാവ് സുനിൽകുമാറും മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുനിൽകുമാറിനെ മേവറ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച രാത്രി 10.30ഓടെ കാവനാട് ആൽത്തറമുക്കിന് സമീപമായിരുന്നു അപകടം. ചവറ ഭാഗത്തുനിന്ന് കൊല്ലത്തേക്കുവന്ന ഇവരുടെ സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ കരുനാഗപ്പള്ളിയിൽ വച്ച് പൊലീസ് പിടികൂടി.

കൊല്ലം കോർപറേഷനിലെ 55 കൗൺസിലർമാരിൽ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറാണ് കോകില. കൊല്ലം കർമ്മലറാണി ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാർത്ഥിനി കൂടിയാണ് കോകില. തദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ തേവള്ളി ഡിവിഷനിൽ നിന്നാണ് കോകില വിജയിച്ചത്. അടുത്തിടെയായിരുന്നു കോകിലയുടെ വിവാഹ നിശ്ചയം നടന്നത്. അമ്മ ഷൈലജ, സഹോദരങ്ങൾ: കാർത്തിക, ശബരി.