കാക്കനാട്: മക്കളുടെ കരച്ചിൽ കേട്ടാൽ നെഞ്ചു പിടയ്ക്കാത്ത അമ്മമാർ ഈ ലോകത്തില്ല. തന്നെ കാണാതെ മകൻ ഭയന്നു പോകാതിരിക്കാൻ സാഹസത്തിന് മുതിർന്ന മാതാവിന് ജീവൻ നഷ്ടമായ ദുർവിധി ഉണ്ടായത് കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്നാണ്. വാതിൽ അടഞ്ഞ് ഫ്‌ലാറ്റിൽ കുടുങ്ങിപ്പോയ രണ്ട് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച അമ്മ ഫ്‌ലാറ്റഇൽ നിന്നും വീണു മരിച്ചത് ദാരുണ സംഭവമായി. മാവേലിക്കര ഓലകെട്ടിയമ്പലത്തിനു സമീപം പുഷ്പമംഗലത്ത് വീട്ടിൽ എസ്. സുജിത്തിന്റെ ഭാര്യ മേഘ (23) യാണ് മരിച്ചത്.

കാക്കനാട് വി എസ്.എൻ.എൽ. റോഡിനു സമീപമുള്ള ഫ്‌ലാറ്റിന്റെ പതിനാലാം നിലയിൽ നിന്നാണ് യുവതി വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇവരുടെ ഏക മകൻ, രണ്ട് വയസ്സുകാരനായ ശിവത് ആണ് പതിനാലാം നിലയിൽ കുടുങ്ങിയത്. സംഭവസമയം മേഘയും ശിവതും മാത്രമാണ് ഫ്‌ലാറ്റിലുണ്ടായിരുന്നത്. അടുക്കളയിലെ വേസ്റ്റ് വാതിന് പുറത്തെ ബക്കറ്റിൽ കൊണ്ടു ഇടാൻ പോയപ്പോൾ ശക്തമായ കാറ്റിൽ വാതിൽ അടഞ്ഞുപോകുകയായിരുന്നു.

വൻ ശബ്ദത്തിൽ വാതിൽ കൊട്ടിയടഞ്ഞതോടെ ശിവത് കരയാൻ തുടങ്ങി. ഓട്ടോമാറ്റിക് വാതിലായതിനാൽ യുവതിക്ക് തുറക്കാനും സാധിച്ചില്ല. തുടർന്ന് ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു. അവർ ശ്രമിച്ചിട്ടും വാതിൽ തുറക്കാനായില്ല. ഇതിനിടെ മകന്റെ കരച്ചിൽ കൂടുതൽ ഉച്ചത്തിലാകുകയും ചെയ്തു. ഇതോടെ മനം നൊന്ത യുവതി ഫ്‌ലാറ്റിനു പിന്നിലെ പിരിയൻ ഗോവണിയിലൂടെ ബാൽക്കണിയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. കയറുന്നതിനിടെ കാൽതെന്നി ഗോവണിയിൽ കുറച്ച് നേരം തൂങ്ങിക്കിടന്ന ശേഷം താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇതിനു മുമ്പ് രണ്ട് പ്രാവശ്യം സമാനരീതിയിൽ വാതിൽ അടഞ്ഞപ്പോൾ സുരക്ഷാ ജീവനക്കാരൻ ഫ്‌ലാറ്റിന്റെ പിന്നിലൂടെ ബാൽക്കണിയിലേക്ക് കയറി വാതിൽ തുറക്കാറുണ്ടായിരുന്നു. ഇതായിരിക്കാം യുവതിയെ സാഹസത്തിന് പ്രേരിച്ചിച്ചതെന്നാണ് സമീപത്തെ താമസക്കാർ പറയുന്നത്. അന്നത്തെ സുരക്ഷാ ജീവനക്കാരൻ തിങ്കളാഴ്ച സ്ഥലത്തുണ്ടായിരുന്നില്ല. പകരം എത്തിയ സുരക്ഷാ ജീവനക്കാരൻ വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി ഫ്‌ലാറ്റിന്റെ പിന്നിലൂടെ ബാൽക്കണിയിലേക്ക് കയറാൻ ശ്രമിച്ചത്. പതിനാലാം നിലയിൽ നിന്നു വീണ യുവതി കാർ ഷെഡ്ഡ് തകർത്താണ് നിലത്ത് പതിച്ചത്.

നിലത്ത് വീണ യുവതിയെ സുരക്ഷാ ജീവനക്കാരും അയൽക്കാരും ചേർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് മാസം മുമ്പാണ് ഇവരുടെ കുടുംബം ഫ്‌ലാറ്റിൽ താമസം തുടങ്ങിയത്. തമ്മനത്തെ ഐ.ബി.ഐ.എസ്. മെഡിക്കൽസ് മാനേജിങ് ഡയറക്ടറാണ് സുജിത്ത്. മൃതദേഹം കാക്കനാട് സൺറൈസ് ആശുപത്രയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടത്തിയ ശേഷം ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കും. കായംകുളം പുളിമുക്ക് മോഹനൻ ലത ദമ്പതിമാരുടെ മകളാണ് മരിച്ച മേഘ.