- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പഠിപ്പിച്ച കുട്ടികൾ വന്ന് കണ്ടിട്ട് ഞങ്ങൾ ടീച്ചറിനെ എന്തുവിളിക്കും...ടീച്ചറിനെ ഇങ്ങനെ കാണേണ്ടി വന്നല്ലോ': ഉഷ കുമാരി ടീച്ചർ കരയുന്നത് തൂപ്പുകാരി ആയതിലല്ല; അനുഗ്രഹം വാങ്ങിയ കുട്ടികളെ പിരിയുന്നതിൽ മനംനൊന്ത്; 23 വർഷം കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപിക ഇനി സ്‌കൂളിലെ തൂപ്പുകാരി
തിരുവനന്തപുരം: രണ്ടുവർഷം മുമ്പാണ് സ്‌കൂളിലെ തൂപ്പുകാരിയുടെ ജോലിയിൽ നിന്ന് അതേ സ്‌കൂളിലെ അദ്ധ്യാപികയായി മാറിയ ലിൻസ വാർത്തകളിൽ നിറഞ്ഞത്. തൂപ്പുകാരിയായി ഇരുന്നു കൊണ്ട് ബി എഡ്, ടെറ്റും, സെറ്റുമെല്ലാം നേടി, പ്രതികൂല സാഹചര്യത്തിലും സ്ത്രീകൾക്ക് മുന്നേറാൻ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ലിൻസയുടെ ജീവിതം. കാസർകോഡ് കാഞ്ഞങ്ങാട്ടെ കഥയിൽ നിന്ന് വ്യത്യസ്തമാണ് തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തിലെ ഉഷാകുമാരിയുടേത്. 23 വർഷം കുട്ടികളെ പഠിപ്പിച്ച ടീച്ചർക്ക് ഇനി മറ്റൊരു സ്‌കൂളിലെ തൂപ്പുകാരിയായാണ് ജോലി. പേരൂർക്കട ഹയർസെക്കൻഡറി സ്‌കൂളിൽ സ്വീപ്പർ തസ്തികയിലാണ് പുതിയ നിയമനം. ഏകാദ്ധ്യാപക സ്‌കൂളുകൾ പൂട്ടുന്നതിന്റെ ഭാഗമായാണ് മാറ്റം. ദേശീയ പുരസ്‌കാരം അടക്കം ലഭിച്ച ടീച്ചർക്കാണ് തൂപ്പുകാരിയായി മാറേണ്ടി വന്നത്.
തൂപ്പുകാരി എന്ന ജോലി മോശമായി കരുതുന്നതേയില്ല, ഉഷാകുമാരി ടീച്ചർ. തൂപ്പുജോലി കുറഞ്ഞ ജോലിയായി കാണുന്നില്ല. ക്ലീൻ ചെയ്യുക എന്നാൽ, നല്ലൊരു ജോലിയാണ്. കാണുന്നവർക്ക് അതൊരു ബുദ്ധിമുട്ടാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അടക്കം. ഇത്രയും നാൾ ടീച്ചറായിരുന്ന ആൾ ഇനി എങ്ങനെ ഇതു ചെയ്യുമെന്ന ബുദ്ധിമുട്ട്. മക്കൾക്ക് അതംഗീകരിക്കാൻ പറ്റത്തില്ല. മോന് ഭയങ്കര സങ്കടമാണ്. അവൻ പറഞ്ഞു...അമ്മ പോകണ്ടാ... അത് എന്റെ മാത്രമല്ല,വേറൊരു ടീച്ചറിന് ...ഇനി ഒരുവർഷമേയുള്ളു സർവീസ്. അവര് ജോലിയിരുന്ന് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. സ്വന്തം മക്കൾ രണ്ടുപേരും അദ്ധ്യാപകരായി. ടീച്ചർ വിളിച്ചിട്ട് പറഞ്ഞു...പഠിപ്പിച്ച കുട്ടികൾ വന്ന് കണ്ടിട്ട് ടീച്ചർന്ന് വിളിക്കുമോ..എന്തുവിളിക്കും... ഞങ്ങൾ ടീച്ചറിനെ എന്തുവിളിക്കും...ടീച്ചറിനെ ഇങ്ങനെ കാണേണ്ടി വന്നല്ലോ എന്നൊക്കെ, 54 കാരിയായ ഉഷാകുമാരി ടീച്ചർ സങ്കടത്തോടെ പറഞ്ഞു.
പക്ഷെ സ്‌കൂളിലെ എന്റെ കൊച്ചുങ്ങളെ മിസ് ചെയ്യുന്നു...കരഞ്ഞുകൊണ്ട് ടീച്ചർ പറഞ്ഞു. അവര് വന്ന് എന്റെ കാലില് നമസ്‌കാരം പറഞ്ഞ് അനുഗ്രഹം വാങ്ങിച്ചപ്പോൾ എന്റെ ഹൃദയം പൊട്ടി പോയ പോലെ. ആ നാട്ടിലെ ആൾക്കാരുടെയും കുട്ടികളുടെയും മനസ്സില് കളങ്കമില്ലാത്ത സ്‌നേഹമാ. അതൊരിക്കലും നാട്ടിലുള്ളവർക്ക് കാണുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ടീച്ചർ പറഞ്ഞു.
ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഭാവി പ്രതിസന്ധിയിലായ 344 പേരിൽ ഒരാളാണ് ഉഷാകുമാരി. ഇവരെ ഒഴിവ് അനുസരിച്ച് പാർട്ട് ടൈം/ഫുൾ ടൈം തൂപ്പുകാരായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അൻപതു പേർ ഇന്നലെ തന്നെ ജോലിക്കെത്തി. സർക്കാരിനെ പൂർണമായി കുറ്റം പറയുന്നില്ല ഉഷ കുമാരി. 'എസ്എസ്എ ആയപ്പോൾ ഇതെല്ലാം പൂട്ടി കെട്ടി പറഞ്ഞുവിടാമായിരുന്നു. തിരിഞ്ഞു നോക്കേണ്ടായിരുന്നു. 10 വർഷമായി സർക്കാർ സംരക്ഷിക്കുന്നുണ്ട്. സർക്കാരിനെ ഞങ്ങളും ജോലി ചെയ്ത് സഹായിക്കുകയാണ്. ഒരു അദ്ധ്യാപകന് എന്തുമാത്രം ശമ്പളം കൊടുക്കുന്നുണ്ട്. ഞങ്ങൾക്ക് തരുന്നത് 18, 500 രൂപയാണ്. എന്നാൽ, നാല് അദ്ധ്യാപകരുടെ ജോലി..ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ ജോലി ഒറ്റയ്ക്കാണ് നിർവഹിക്കുന്നത്. കഞ്ഞി വയ്ക്കാൻ ഒരാൾ വരുന്നതൊഴിച്ചാൽ, സ്‌കൂൾ തൂത്ത് വൃത്തിയാക്കുന്നത് അടക്കം ചെയ്യുന്നത് ഏകാദ്ധ്യാപകരാണ്. കഞ്ഞി വയ്ക്കുന്ന ആള് വന്നില്ലെങ്കിൽ അതുകൂടി ചെയ്യണം. ഒരു സ്‌കൂള് മൊത്തം നടത്തിക്കൊണ്ടുപോന്നു...ഇത്രയും കാലം സർക്കാരിനെ സേവിച്ചു. അതിന്റെ പരിഗണന സർക്കാർ തരുമെന്ന പ്രതീക്ഷയാണ് ഉഷ കുമാരിക്ക്.
അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിൽ ആയിരുന്ന ഉഷാകുമാരിക്ക് പേരൂർക്കട ഹയർ സെക്കൻഡറി സ്‌കൂളിലാണ് നിയമനം കിട്ടിയത്. രണ്ടു മാസം മുൻപുവരെ ഞാൻ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ചോക്കും ഡസ്റ്ററുമായിരുന്നു, കൈയിൽ. ഇന്നിപ്പോൾ ചൂലെടുത്ത് സ്‌കൂൾ വൃത്തിയാക്കുന്നു, ഉഷാ കുമാരി പറഞ്ഞു. തൂപ്പുകാരിയുടെ ജോലിയോട് വീട്ടുകാർക്ക് താൽപര്യം ഇല്ലെങ്കിലും, സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതാണ് ഉഷാ കുമാരി ടീച്ചർക്ക് ഇഷ്ടം. മുഴുവൻ പെൻഷനും നൽകണമെന്നു മാത്രമാണ് സർക്കാരിനോട് അവർക്ക് അപേക്ഷിക്കാനുള്ളത്. ആറു വർഷത്തെ സർവീസ് ബാക്കിയുള്ളപ്പോഴാണ് സർക്കാർ ഉഷാകുമാരിയെ പുതിയ ജോലിക്കു നിയോഗിച്ചത്. മുഴുവൻ പെൻഷന് 20 വർഷത്തെ സർവീസ് വേണം. നല്ല വശമെന്ന് പറയുന്നത് അദ്ധ്യാപികയിൽ നിന്നു തൂപ്പുകാരിയിലേക്കു മാറിയപ്പോൾ ഉഷാകുമാരിയുടെ ശമ്പളത്തിൽ ഉണ്ടായ വർധനയാണ്. ഏകാധ്യാപക വിദ്യാലയത്തിൽ 19,000 രൂപയായിരുന്നു മാസ ശമ്പളം. പുതിയ ജോലിയിൽ 23,000-50,200 ആണ് സ്‌കെയിൽ. ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയപ്പോൾ ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഒഴിവു വരുന്ന മുറയ്ക്ക് ശേഷിക്കുന്നവർക്കും നിയമനം നൽകുമെന്നും വകുപ്പ് വ്യക്തമാക്കി.
ലിൻസയുടെ അതിജീവന കഥ
സ്‌കൂളിലെ തൂപ്പുകാരിയുടെ ജോലിയിൽ നിന്നും അതെ സ്‌കൂളിലെ അദ്ധ്യാപികയായി മാറിയ ലിൻസയുടേത് ആത്മവിശ്വാസത്താൽ വിജയം കൈവരിച്ച കഥയാണ് കാസർഗോഡ് കാഞ്ഞങ്ങാട് ഇക്‌ബാൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ് ഇപ്പോൾ ലിൻസ. ദൃഢ നിശ്ചയത്തോടെ പഠിച്ചത് തന്റെ ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചു. 2001 ലാണ് ഇതേ സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായ ലിൻസയുടെ അച്ഛന്റെ മരണം. അന്ന് ഡിഗ്രി വിദ്യാർത്ഥിയായിരുന്ന ലിൻസക്ക് വിദ്യാഭ്യാസ യോഗ്യത കണക്കാക്കി സ്‌കൂളിൽ തൂപ്പു ജോലിക്കാരിയായാണ് നിയമനം ലഭിച്ചത്. അന്നത്തെ സാഹചര്യത്തിൽ ജോലി അത്യാവശ്യമായതിനാൽ ലിൻസ ആ ജോലി സ്വീകരിക്കുകയായിരുന്നു.
12 വർഷത്തെ തന്റെ ജോലിക്കിടയിലും പഠനം തുടർന്നു. ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്ത ബിരുദവും പൂർത്തിയാക്കി. മറ്റൊരാളുടെ ഒഴിവിൽ ലിൻസക്ക് സ്‌കൂൾ അധികൃതർ ജോലി നൽകി. 2012 ൽ വീണ്ടും സ്‌കൂളിൽ തൂപ്പു ജോലിക്കായി തിരിച്ചു വിളിച്ചു. ഇതിനിടയിൽ ബി എഡ് പൂർത്തിയാക്കിയ ലിൻസ, ടീച്ചർമാർക്കായുള്ള എലിജിബിലിറ്റി ടെസ്റ്റ് പാസ്സാവുകയും, യുപി, ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടർന്നു സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ക്ലിയർ ചെയ്തു ഹയർ സെക്കന്ററി അദ്ധ്യാപികയായി. നേട്ടങ്ങൾ കൈയെത്തിപിടിക്കാൻ സാഹചര്യങ്ങൾ ഒന്നും തടസ്സമല്ലെന്ന് കാണിക്കുന്നതാണ് ലിൻസയുടെ ജീവിതം. തൂപ്പുകാരിയായി ഇരുന്നു കൊണ്ട് ബി എഡ്, ടെറ്റും, സെറ്റുമെല്ലാം നേടി. ഒടുവിൽ,
2020 ൽ അദ്ധ്യാപികയായി മാറി.
മറുനാടന് മലയാളി ബ്യൂറോ