- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മനീതി' സംഘം വന്നതിലും റഹ്ന ഫാത്തിമ മലകയറിയതിലും ഒക്കെ അണിയറ നീക്കം; യുവതീ പ്രവേശന ദൗത്യങ്ങൾ പരാജയപ്പെട്ടതോടെ വ്യാജ ചെമ്പോലയുമായി 24 ന്യൂസ് രംഗപ്രവേശം ചെയ്തു; 'ശ്രീകണ്ഠൻ നായർ ഷോ'യിൽ യുവതീ പ്രവേശനത്തിനു വേണ്ടി ഘോരഘോരം വാദിച്ചു; 24 ന്യൂസിനെതിരായ പോരാട്ടം എറ്റെടുത്ത് സുരേന്ദ്രനും ജന്മഭൂമിയും
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ 24 ന്യൂസ് ചാനലിനെതിരെ നിലപാട് കടുപ്പിക്കാൻ പരിവാർ പ്രസ്ഥാനങ്ങൾ. ബിജെപിയിലെ ശങ്കു ടി ദാസാണ് ശബരിമല ചെമ്പോലയിൽ 24 ന്യൂസിനെതിരെ രംഗത്ത് വന്നത്. ഈ വിവാദത്തെ തുടർന്ന് സഹിൻ ആന്റണിക്ക് ചാനലിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നു. ഇതിന് ശേഷം 24 ന്യൂസിനെ പേരു പറയാതെ വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്തു വന്നു. ഇന്ന് ശ്രീകണ്ഠൻനായർക്കെതിരെ ജന്മഭൂമിയും കടന്നാക്രമിക്കുന്നു. ഇതോടെ ശബരിമലയിൽ ശ്രീകണ്ഠൻ നായരെ പ്രതിക്കൂട്ടിൽ നിർത്താനാണ് പരിവാർ പദ്ധതിയെന്നാണ് വ്യക്തമാകുന്നത്.
പാർട്ടി ചാനലായിരുന്ന കൈരളിപോലും ചെയ്യാതിരുന്ന തീതിയിലുള്ള വിടുപണി സിപിഎമ്മിനുവേണ്ടി 24 ന്യൂസ് നടത്തിയിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തായിക്കൊണ്ടിരിക്കുന്നത് എന്ന് ജന്മഭൂമി പറയുന്നു. ചാനൽ മേധാവി ശ്രീകണ്ഠൻ നായർ പിടിച്ച പുലിവാൽ ചെമ്പോലയിൽ നിൽക്കില്ല. 'മനീതി' സംഘം വന്നതിലും റഹ്ന ഫാത്തിമ മലകയറിയതിലും ഒക്കെ അണിയറ നീക്കം ചാനലിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതിന്റെ വെളിപ്പെടുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് വിശ്വസിക്കുന്നു.
കേരള പൊലീസിൽ ശബരിമല വിരുദ്ധ അജൻഡ സ്വീകരിച്ചിരുന്ന ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും 24 ന്യൂസുമായുള്ള ഒത്തുകളിയിലാണ് 2018 ഡിസംബറിൽ മനീതി സംഘം ശബരിമലയിൽ എത്തിയത് എന്നാണ് പരിവാറുകാരുടെ ജന്മഭൂമിയുടെ ആരോപണം. കേരളത്തിലെ മറ്റു മാധ്യമങ്ങളെയെല്ലാം തെറ്റിദ്ധരിപ്പിച്ച ശേഷമാണ് കേരള പൊലീസ് സംഘവും 24 ന്യൂസ് അവതാരകൻ അരുൺ കുമാറും 'മനീതി' സംഘത്തെ സ്വീകരിച്ചാനയിക്കാൻ മധുരയിലെത്തിയത്. 'മനീതി' സംഘത്തിലെ 30 പേർ ചെന്നൈയിൽ നിന്നു ട്രെയിൻ മാർഗം കോട്ടയത്തേക്കു പുറപ്പെടുമെന്നാണ് മറ്റു മാധ്യമങ്ങളെ കേരള പൊലീസ് തെറ്റിദ്ധരിപ്പിച്ചിരുന്നത്-ജന്മഭൂമി വിശദീകരിക്കുന്നു.
മധുരയിൽ 'മനീതി' സംഘം പുറപ്പെടാനായി കേരള പൊലീസ് സംഘത്തോടൊപ്പം ബസിൽ കയറുന്ന ദൃശ്യം 24 ചാനൽ ലൈവായി റിപ്പോർട്ട് ചെയ്തു. സംഘം ബസിൽ കുമളിയിലെത്തുമെന്നുമെന്നു റിപ്പോർട്ട് ചെയ്തപ്പോൾ മറ്റു ചാനലുകൾ ഒബി വാനുകളുമായി കുമളിയിലേക്കു പാഞ്ഞു. കുമളിയിൽ നിന്നു മനീതി സംഘത്തെ പിന്തുടർന്ന ചാനലുകളെ പൊലീസ് ജീപ്പ് വഴിമുടക്കി തടഞ്ഞിട്ടതോടെ യാത്രാവിവരങ്ങൾ ലഭ്യമല്ലാതായി. തുടർന്നു ശബരിമലയിൽ സംഘം എത്തിയപ്പോഴാണ് മാധ്യമങ്ങൾക്കു കാണാൻ കഴിഞ്ഞത്. അയ്യപ്പ ഭക്തർ കല്ലെറിഞ്ഞ് ഓടിച്ചതിനാൽ 11 പേരടങ്ങിയ മനീതി സംഘത്തിനു സന്നിദാനത്തിന് അടുത്തെങ്ങുമെത്താതെ പാഞ്ഞോടി രക്ഷപ്പെടേണ്ടി വന്നെന്നു മാത്രമെന്നാണ് ആർഎസ്എസ് പത്രം വിശദീകരിക്കുന്നു.
പൊലീസ് യൂണിഫോമിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയയെയും മാധ്യമ പ്രവർത്തക കവിത ജക്കാളിനെയും പൊലീസ് യൂണിഫോമിൽ സന്നിധാനത്ത് എത്തിക്കാനുള്ള പദ്ധതിയിലും 24 ന്യൂസിനു പങ്കുണ്ടായിരുന്നു എന്നതു പുറത്തു വരുന്നുണ്ട്.ചാനൽ റിപ്പോർട്ടർ സഹിൻ ആന്റണിയുടെയും സുഹൃത്താണ് രഹ്ന ഫാത്തിമ. യുവതീ പ്രവേശന ദൗത്യങ്ങൾ പരാജയപ്പെട്ടതോടെയാണ് വ്യാജ ചെമ്പോലയുമായി 24 ന്യൂസ് രംഗപ്രവേശം ചെയ്തത്. ശബരിമല ക്ഷേത്ര ഉടമസ്ഥതയുടെ കാര്യത്തിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു വ്യാജ ചെമ്പോല വാർത്തയുടെ ലക്ഷ്യമെന്നാണ് പത്രത്തിന്റെ കുറ്റപ്പെടുത്തൽ.
ശബരിമല യുവതീ പ്രവേശന വിഷയം ചർച്ചാവിഷയമാക്കുന്നതിലും ചാനൽ പ്രധാന പങ്ക് വഹിച്ചു. 2018 ഒക്ടോബർ 11നു സംപ്രേഷണം ചെയ്ത 'ശ്രീകണ്ഠൻ നായർ ഷോ'യിൽ യുവതീ പ്രവേശനത്തിനു വേണ്ടി ശ്രീകണ്ഠൻ നായർ ഘോരഘോരം വാദിച്ചു. സുപ്രീം കോടതി വിധി അനുസരിച്ചു യുവതികൾ ശബരിമലയിൽ പ്രവേശിക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണെന്ന വാദമാണ് ചർച്ചയിൽ ശ്രീകണ്ഠൻ നായർ ഉന്നയിച്ചതെന്നും ജന്മഭൂമി പറയുന്നു.
ശബരിമലയെ തകർക്കാൻ 24 ന്യൂസ് ശ്രമിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നിലപാട് എടുത്തുവെന്നും ജന്മഭൂമി വാർത്ത നൽകിയിരുന്നു. ഇതു സംബന്ധിച്ച് ഫെയ്സ് ബുക്കിലും സുരേന്ദ്രൻ പോസ്റ്റിട്ടിരുന്നു. എന്നാൽ ആ പോസ്റ്റിൽ 24 ന്യൂസിനെ പേരുപറയാതെയാണ് വിമർശിച്ചത്. മനീതി സംഘത്തിന് അകമ്പടി സേവിച്ച ഏകമലയാളം ചാനലാണ് 24 ന്യൂസ്. ശബരിമല തകർക്കാൻ സർക്കാർ ആസൂത്രിതമായി നടത്തിയ നീക്കങ്ങൾ ഓരോന്നോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചികുന്നു.
മോൺസൻ മാവുങ്കലും സഹിൻ ആന്റണിയും ചേർന്ന് സൃഷ്ടിച്ച വ്യാജചെമ്പോല ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായി രൂപപ്പെട്ടതാണ്. മുഖ്യമന്ത്രിക്കും ഈ വിവരം അറിയാമായിരുന്നു. തൃപ്തി ദേശായിയുടെ നീക്കത്തിനും മനീതി സംഘത്തിന്റെ വരവിനുപിന്നിലും ഇതേ സംഘം തന്നെ ആയിരുന്നു. ചാനലിനെ ഇപ്പോൾ എല്ലാവരും ഓർക്കുന്നുണ്ടാവും. സഹിൻ ആന്റണിയും അരുൺകുമാറുമെല്ലാം സി. പി. എമ്മിന്റെ പടയാളികൾ മാത്രമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
എല്ലാ ചാനലുകളിലുമുള്ള സി. പി. എം കേഡറുകളെ മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്ന് കോ ഓർഡിനേറ്റ് ചെയ്തത്. ഒന്നാമത്തെ ചാനലിലെ പ്രധാന മഹിളാരത്നം ആ കാലത്ത് പല വനിതാ മാധ്യമപ്രവർത്തകരേയും മലകയറാൻ നിർബന്ധിച്ച വിവരം നേരത്തെ ഞാൻ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ പുറത്തു പറഞ്ഞിരുന്നു. ഇനിയും കൂടുതൽ തെളിവുകൾ ഈ വിഷയത്തിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാമെന്ന് കെ. സുരേന്ദ്രൻ കുറിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ