തിരുവനന്തപുരം : ശബരിമലയുടെ പേരിലുള്ള ചെമ്പോല സർക്കാർ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും സർക്കാർ ചെമ്പോല ഉപയോഗിച്ച് ശബരിമലക്കെതിരെ ദുഷ് പ്രചാരണം നടത്തിയിട്ടില്ല. മോൻസന്റെ കയ്യിൽ നിന്നും ലഭിച്ച ചെമ്പോലയിലെ വിശദാംശങ്ങൾ ഉയർത്തിക്കാട്ടി ശബരിമലക്കെതിരെ വ്യാജപ്രചാരണം അഴിച്ചു വിട്ടു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മോൻസന്റെ പുരാവസ്തുവിന്റെ ആധികാരികതയെക്കുറിച്ച് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന പുരാവസ്തു വകുപ്പ് എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ പി ടി തോമസ് ആണ് മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ് അടിയന്ത പ്രമേയമായി നിയമസഭയിൽ ഉന്നയിച്ചത്. വ്യാജ ചെമ്പോല ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചുവെന്നാണ് ആരോപണം. ദേശാഭിമാനിയേയും 24 ന്യൂസിനേയും പ്രതിക്കൂട്ടിലാക്കിയാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ പിടി തോമസിന്റെ ദേശാഭിമാനി വാർത്തയെ മുഖ്യമന്ത്രി ചർച്ചയാക്കിയില്ല. സർക്കാർ ഇതുപയോഗിച്ചിട്ടില്ലെന്ന പരമാർശത്തിലേക്ക് മറുപടി ഒതുക്കി. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 24 ന്യൂസിലെ വാർത്തയ്‌ക്കെതിരെ നിരവധി പരാതികളുണ്ടെന്നും അവ അന്വേഷിക്കുന്നുണ്ടെന്നും സമ്മതിക്കുകയാണ് മുഖ്യമന്ത്രി.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ചെമ്പോല വ്യാജമായി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കാൻ സർക്കാർ ശ്രമിച്ചു എന്ന വാദം വസ്തുതകളുമായി ബന്ധമില്ലാത്തതാണ്. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരുന്നു എന്നതിനാൽ അത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവില്ല. ഏതൊരു വ്യക്തിയും തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പൊലീസിന് പരാതി നൽകിയാൽ അതിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശത്ത് ഒരു പ്രത്യേക ശ്രദ്ധ പൊലീസ് നൽകുക പതിവാണ്. പ്രത്യേകിച്ചും ഇത്തരം സംശയങ്ങൾ നിലനിൽക്കുന്ന ഒരാൾ ഉൾക്കൊള്ളുന്ന മേഖല ശ്രദ്ധയിൽ വയ്ക്കുക എന്നതും പൊലീസ് സാധാരണ ചെയ്തു വരുന്ന നടപടിയുമാണ്-വിശദീകരിച്ചു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈം നം 260/2021, 261/2021, 262/2021, 263/2021 എന്നീ നമ്പരുകളിൽ കേസ് പൊലീസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി മോൻസൺ മാവുങ്കൽ സൂക്ഷിച്ചുവരുന്ന പുരാവസ്തു കാര്യങ്ങളെ സംബന്ധിച്ച് ഡി.ആർ.ഡി. രേഖകളെക്കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോടും ആർക്കിയോളജിക്കൽ വകുപ്പിനോടും ഡി.ആർ.ഡി.ഒ യോടും ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ഈ വകുപ്പുകളുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അവയെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.

പുരാവസ്തുക്കൾ സൂക്ഷിക്കുന്നു എന്നു കരുതപ്പെടുന്ന സ്ഥലത്ത് സ്വാഭാവികമായും ആളുകൾ സന്ദർശിക്കുക പതിവാണ്. ആരെല്ലാം സന്ദർശിച്ചുവെന്നും ആരെല്ലാം അവിടെ ദിവസങ്ങളോളം തങ്ങിയെന്നും ചികിത്സയ്ക്ക് വിധേയമായി എന്നും അവകാശപ്പെടുന്നതുമെല്ലാം സഭയ്ക്കു മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്കും അറിയാവുന്ന കാര്യമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ ഞാൻ കടക്കുന്നില്ല. ആരൊക്കെ എന്തിനൊക്കെ പോയി എന്ന കാര്യമൊക്കെ പൊലീസ് അന്വേഷിക്കേണ്ട കാര്യമാണ്. എന്നാൽ, പ്രമേയത്തിന്റെ വിശദീകരണക്കുറിപ്പിൽ പരാമർശിക്കുന്നതുപോലെ ഡിജിപിയുടെ സന്ദർശനം കഴിഞ്ഞ ഉടനെ ഇവരുടെ പ്രവർത്തനത്തെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇന്റലിജൻസിന് നൽകുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഇന്റലിജൻസ് ഇത് സംബന്ധിച്ച് അന്വേഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസിന് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകുകയും ചെയ്തവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇന്റലിജൻസ് ഓഫീസിൽ നിന്നും ലഭിച്ച പരാമർശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി 05.02.2020 ന് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് ഡി.ഒ. ലറ്റർ നം. ടി1-6005/2019/പി.എച്ച്.ക്യൂ എന്ന നമ്പർ പ്രകാരം കത്ത് നൽകിയതായാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.

ഇത് വ്യക്തമാക്കുന്നത് പ്രസ്തുത വ്യക്തിയെ സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ് ചെയ്തത് എന്നതാണ്. അല്ലാതെ സുഖചികിത്സയ്ക്ക് തങ്ങുകയല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.