- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടകാമുകനെ വീട്ടുകാരുടെ എതിർപ്പു അവഗണിച്ചു വിവാഹം കഴിച്ചു യുവതി; വിവാഹ ശേഷം ഡൽഹിയിൽ പോയ യുവതിയെ ആങ്ങളമാർ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു, മൃതദേഹം വയലിൽ താഴ്ത്തി; ഭാര്യയെ ഫോണിൽ കിട്ടാത്തതു കൊണ്ട് നാട്ടിലെത്തിയ ഭർത്താവ് അറിഞ്ഞത് അരുംകൊലയുടെ വിവരങ്ങൾ; യുപിയെ ഞെട്ടിച്ചു വീണ്ടും ദുരഭിമാനക്കൊല
മെയിൻപുരി: ഉത്തർപ്രദേശിനെ ഞെട്ടിച്ചു വീണ്ടും ദുരഭിമാന കൊലപാതകം. വീട്ടുകാരെ എതിർത്ത് പ്രണയിച്ചു വിവാഹം കഴിച്ച യുവതിയെ ആങ്ങളമാർ ചേർന്ന് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വയലിൽ പൂഴ്ത്തുകയും ചെയ്തു. യുപിയിലെ മെയിൻപുരിയിലാണ് ഞെട്ടിക്കുന്ന ദുരഭിമാനക്കൊല അരങ്ങേറിയത്. ഡൽഹിയിലായിരുന്ന യുവതിയെ നാട്ടിലേക്ക് വിളിച്ചു വരുത്തിയാണ് അരുംകൊല നടത്തിയത്. കുറ്റം സഹോദരങ്ങൾ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.
ഇരുപത്തിനാലുകാരിയായ ചാന്ദ്നി കശ്യപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോഹരന്മാരായ സുനിൽ, സുധീർ, മാതാവ് സുഖ്റാണി എന്നിവർ പിടിയിലായി. പ്രതാപ്ഗഢ് ജില്ലയിൽനിന്നുള്ള അർജുൻ ജാദവുമായി ചാന്ദ്നി എട്ടു വർഷമായി പ്രണയത്തിലായിരുന്നു. ഇവർ വിവാഹം കഴിക്കാൻ ആ്ഗ്രഹിച്ചപ്പോൾ വീട്ടുകാർ എതിർപ്പുമായി രംഗത്തുവന്നു.
എതിർപ്പു മറികടന്ന് കഴിഞ്ഞ ജൂൺ 12ന് ഇരുവരും വിവാഹിതരായി. അർജുന് ഡൽഹിയിലായിരുന്നു ജോലി. വിവാഹ ശേഷം ഇരുവരും ഡൽഹിയിലേക്കു പോയി. അതിന് ശേഷമാണ് തങ്ങളെ മാനംകെടുത്തി പെങ്ങളെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടത്. ഇക്കഴഞ്ഞ നവംബറിൽ സഹോദരന്മാർ ചാന്ദ്നിയെ ഗ്രാമത്തിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. നവംബർ 17ന് ആണ് ചാന്ദ്നി ഗ്രാമത്തിലേക്കു പോയത്.
ഫോണിൽ കിട്ടാതായപ്പോൾ 23ന് അർജുൻ അന്വേഷിച്ച് എത്തി. ചാന്ദ്നി ഡൽഹിയിലേക്കു തന്നെ മടങ്ങിയെന്നാണ് വീട്ടുകാർ പറഞ്ഞത്. ഡൽഹിയിൽ തിരിച്ചെത്തിയ അർജുൻ പൊലീസിൽ പരാതി നൽകി. സഹോദരങ്ങൾ ചാന്ദ്നിയെ തടഞ്ഞുവച്ചിരിക്കുന്നുവെന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്. തുടർന്നു മയൂർവിഹാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
ചോദ്യം ചെയ്യലിൽ സുനിലും സുധീറും കൊലപാതകം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ചാന്ദ്നിയെ വിളിച്ചുവരുത്തിയത്. വെടിവച്ചുകൊന്ന് മൃതദേഹം വയലിൽ താഴ്ത്തുകയായിരുന്നു. ചാന്ദ്നിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.
മറുനാടന് മലയാളി ബ്യൂറോ