കോഴിക്കോട്: ഷോപ്പിങ് മാളിൽനിന്നു താഴേക്കു ചാടി ഇരുപത്തിനാലുകാരി ജീവനൊടുക്കി. പുതിയങ്ങാടി സ്വദേശി അൻസയാണു മരിച്ചത്.

ഷോപ്പിങ് മാളിലെത്തിയ അൻസ ഉച്ചയ്ക്ക് ഒരു മണിയോടെയാണു മുകളിൽനിന്നു താഴേക്കു ചാടിയത്. അൻസയെ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷം ഫെബ്രുവരിയിലായിരുന്നു മാലിക്കടവ് സ്വദേശി അജന്തദാസുമായി അൻസയുടെ വിവാഹം. എന്നാൽ വിവാഹശേഷം ഭർതൃവീട്ടിൽ നിന്ന് കടുത്ത അവഗണനയും പീഡനവുമുണ്ടായതിനെത്തുടർന്നാണ് ആത്മഹത്യയെന്ന് അൻസയുടെ ബന്ധുക്കൾ ആരോപിച്ചു.

ബംഗളുരുവിൽ ഇൻഡിഗോയിൽ ജോലി ചെയ്യുന്ന കാലത്താണ് അൻസ അജന്തദാസുമായി പ്രണയത്തിലായത്. രണ്ടു വർഷം പ്രണയിച്ച യുവാവ് ഒടുവിൽ അവഗണിക്കുമെന്നു തോന്നിയപ്പോൾ വീടിനുമുന്നിൽ സത്യഗ്രഹമിരിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്തത്. വിവാഹശേഷവും അവഗണനയും പീഡനവും പതിവായപ്പോൾ മരണത്തിൽ അഭയം തേടുകയായിരുന്നു അൻസ.

കോഴിക്കോട് പാവങ്ങാട് പുതിയങ്ങായി സ്വദേശിയായ അൻസ മാളിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരി കൂടിയാണ്. പ്രണയത്തിലായി കുറച്ചുനാളുകൾക്കു ശേഷം അൻസയെ ഒഴിവാക്കാൻ അജന്തദാസ് ശ്രമിച്ചിരുന്നു. ഇതേത്തുടർന്നു ബംഗളുരുവിലെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയ അൻസ വിവാഹം ചെയ്യണമെന്ന് അജന്തദാസിനോട് ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ചതിനെത്തുടർന്ന് അജന്തദാസിന്റെ വീട്ടുകാരെ കാണുകയും വിവാഹം ചെയ്തില്ലെങ്കിൽ വീടിനു മുന്നിൽ സത്യഗ്രഹം ഇരിക്കുമെന്നു പറഞ്ഞിരുന്നു. ഇരുവീട്ടുകാരും തമ്മിൽ സംസാരിച്ച് അനുനയത്തിലായതോടെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹം നടത്തിയത്.

എന്നാൽ വിവാഹശേഷവും അൻസയെ അവഗണിക്കുന്നത് അജന്തദാസ് തുടർന്നു. കുട്ടികൾ വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അൻസയോട് അജന്തദാസ് മൂന്നുവർഷം കഴിഞ്ഞു കുട്ടികൾ മതിയെന്നു പറഞ്ഞതായും വീട്ടുകാര്യങ്ങളിൽ പലതിലും നിരന്തരം തർക്കങ്ങളുണ്ടാകുമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. അൻസയ്ക്കു പലപ്പോഴും ഭക്ഷണം നൽകാറില്ലായിരുന്നെന്നും ഗ്യാസ് തുറന്നുവിട്ട് അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞദിവസം അൻസ വീട്ടിൽ വിളിച്ച് തന്നെ ഭർതൃവീട്ടുകാർ കൊല്ലുമെന്നു പേടിക്കുന്നതായി പറഞ്ഞിരുന്നു. നിരന്തരമായ അവഗണനയെത്തുടർന്നു അൻസ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. ഇന്നലെ രാത്രി അജന്തദാസ് നാട്ടിൽനിന്നു പോകാനായി പാസ്പോർട്ടും സാധനങ്ങളും മറ്റും ബാഗിലാക്കി വച്ചിരുന്നു. തന്റെ വീട്ടിൽനിന്നു പോകണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ രാത്രി കൂടി വീട്ടിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അൻസ രാവിലെ പതിവുപോലെ ജോലിക്ക് ഇറങ്ങുകയും ഉച്ചയോടെ മാളിൽനിന്നു താഴേക്കു ചാടുകയുമായിരുന്നു.

അൻസയെ കടുത്ത രീതിയിൽ മാനസികമായി പീഡിപ്പിച്ചിരുന്നെന്നു ബന്ധുക്കൾ ആരോപിച്ചു. പ്രണയിച്ച് വഞ്ചിച്ചശേഷം അൻസയെ ഒഴിവാക്കാനായിരുന്നു അജന്തദാസ് ആദ്യംമുതൽ ശ്രമിച്ചിരുന്നതെന്നും ഗത്യന്തരമില്ലാതെ വിവാഹം കഴിക്കുകയായിരുന്നെന്നുമാണു ബന്ധുക്കൾ പറയുന്നത്. ഒഴിവാക്കാൻ ആഗ്രഹിച്ച അൻസയെ നിർബന്ധപൂർവം വിവാഹം കഴിപ്പിച്ചതിലെ വൈരാഗ്യം തീർക്കുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.