- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനമൊട്ടാകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; തത്സമയ വിവരം അറിയിക്കാൻ ട്രെൻഡ് സംവിധാനം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് വിപുല ഒരുക്കങ്ങളുമായി കമ്മീഷൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനമൊട്ടാകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. നവംബർ ഏഴിന് 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്കു തലത്തിലുള്ള വിതരണ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനമൊട്ടാകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
നവംബർ ഏഴിന് 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്കു തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളിൽ അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുമായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭകളിൽ അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുമാണ് സജ്ജീകരിക്കുന്നത്.
വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെയും, മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന് ട്രെൻഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ട് വിവരം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് കൗണ്ടിങ് സെന്ററിൽ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും, നഗരസഭകളിലെ കൗണ്ടിങ് സെന്ററുകളിലും ഡാറ്റാ അപ്‌ലോഡിങ് സെന്ററിന് വേണ്ടി പ്രത്യേകം മുറി സജ്ജമാക്കും. ഡാറ്റാ അപ്‌ലോഡിങ് സെന്ററിൽ ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് അതത് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ ബ്രോഡ്ബാൻഡ് കണക്ഷനുള്ള ആറ് കമ്പ്യൂട്ടറുകൾ, മൂന്ന് ലേസർ പ്രിന്ററുകൾ എന്നിവയും അവ കണക്ട് ചെയ്യുന്നതിനുള്ള യു.പി.എസും സജ്ജീകരിക്കും.
മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷനുകളെ സംബന്ധിച്ച് നാല് കമ്പ്യൂട്ടറും രണ്ട് ലേസർ പ്രിന്ററുകളും ഉണ്ടാകും. കമ്പ്യൂട്ടറുകൾ യൂണിക്കോഡ് സപ്പോർട്ട് ചെയ്യുന്നതായിരിക്കും. ഈ സെന്ററിന്റെ മേൽനോട്ടം വഹിക്കുന്നതിന് സൂപ്രണ്ട് തസ്തികയിലുള്ള ഒരു ഓഫീസറെയും, സാങ്കേതിക സഹായത്തിന് ഇൻഫർമേഷൻ കേരളാ മിഷനിൽ നിന്ന് ബ്ലോക്ക് ഓഫീസിലോ മുനിസിപ്പൽ ഓഫീസിലോ നിയമിച്ചിട്ടുള്ള ഒരു കമ്പ്യൂട്ടർ വിദഗ്ദനെയും നിയോഗിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ സെന്ററിലേയ്ക്ക് ബ്ലോക്കിനു കീഴിൽ വരുന്ന പഞ്ചായത്തുകളിലെ 5 ടെക്‌നിക്കൽ അസിസ്റ്റന്റ്മാരെ ഡാറ്റാ എൻട്രിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുനിസിപ്പാലിറ്റി ഡാറ്റാ സെന്ററുകളിൽ ഇൻഫർമേഷൻ കേരളാ മിഷനിൽ നിന്നുള്ള രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ ആയിരിക്കും ഉണ്ടാവുക. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കഴിവതും ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേകം കൗണ്ടിങ് ഹാളുകളും/മുറികളും സജ്ജീകരിക്കും. ഓരോ ഗ്രാമപഞ്ചായത്തിന്റെയും കൗണ്ടിങ് ഹാളിൽ, വരണാധികാരിക്കുള്ള വേദിയും, ടാബുലേഷൻ, പാക്കിങ്, വോട്ടെണ്ണൽ എന്നിവയ്ക്ക് പ്രത്യേകം മേശകളും ഉണ്ടാകും. പരാമാവധി 8 പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടിങ് ടേബിൾ എന്ന രീതിയിൽ ആയിരിക്കും കൗണ്ടിങ് ടേബിളുകൾ സജ്ജീകരിക്കുക. ഇത്തരത്തിൽ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി കൗണ്ടിങ് ടേബിളുകൾ ഉണ്ടാകും. പോസ്റ്റൽ വോട്ടുകൾ ആയിരിക്കും ആദ്യം എണ്ണുക. ഓരോ തലത്തിലെയും പോസ്റ്റൽ വോട്ടുകൾ അതത് തലത്തിലെ വരണാധികാരികൾ മാത്രം എണ്ണേണ്ടതാണ്.
ഒരു ഗ്രാമപഞ്ചായത്തിന്റെ കൗണ്ടിങ് ഹാളിൽ എത്ര വോട്ടെണ്ണൽ മേശകൾ സജ്ജീകരിച്ചിട്ടുണ്ടോ അത്രയും എണ്ണം വാർഡുകളിലെ കൺ്‌ട്രോൾ യൂണിറ്റുകൾ ആയിരിക്കും ആദ്യം സ്‌ട്രോങ്ങ് റൂമിൽ നിന്നും ഏറ്റ് വാങ്ങി വോട്ടെണ്ണുക. വോട്ടെണ്ണൽ ഒന്നാം വാർഡു മുതൽ എന്ന ക്രമത്തിൽ ആയിരിക്കും ആരംഭിക്കുക. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസർ രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാർ എന്ന ക്രമത്തിൽ സ്റ്റാഫ് ഉണ്ടാകും. നഗരസഭകളിൽ ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും ആകും ഉണ്ടാവുക. ടാബുലേഷൻ, പാക്കിങ് എന്നിവയ്ക്കും പ്രത്യേകം സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ഓരോ പോളിങ് സ്റ്റേഷന്റെയും വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറയ്ക്ക് കൗണ്ടിങ് സൂപ്പർവൈസർമാർ ഫാറം 24എൽ വോട്ടെണ്ണലിന്റെ ഫലം രേഖപ്പെടുത്തുകയും ട്രെൻഡിൽ നിന്ന് ലഭിക്കുന്ന ഫോറങ്ങൾ പൂരിപ്പിച്ച് ഒപ്പ് രേഖപ്പെടുത്തുന്നതുമാണ്. ഉടൻതന്നെ പൂരിപ്പിച്ച ട്രൻഡിലെ ഫാറങ്ങൾ/ഫാറം 24എയുടെ ഭാഗം 2 ന്റെ ഡ്യൂപ്ലിക്കേറ്റ് ഇതിലേയ്ക്ക് നിയോഗിച്ച ജീവനക്കാരൻ മുഖേന ഡാറ്റാ അപ്‌ലോഡിങ് സെന്ററിൽ ലഭ്യമാക്കും. ഗ്രാമപഞ്ചായത്ത് വരണാധികാരി ഗ്രാമപഞ്ചായത്തിന്റെ 24 എ ഫാറത്തിൽ ഒപ്പ് രേഖപ്പെടുത്തി ഫാറം 25ലെ റിസൾട്ട് ഷീറ്റ് തയ്യാറാക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ 24എ ഫാറങ്ങൾ ഉടൻ ബ്ലോക്ക് വരണാധികാരിക്ക് ലഭ്യമാക്കും.
കൗണ്ടിങ് ഹാളിൽ നിന്നും ഡാറ്റാ അപ്‌ലോഡിങ് സെന്ററിലേയ്ക്കും ബ്ലോക്ക് വരണാധികാരികൾക്കും 24എ ഫാറങ്ങൾ ലഭ്യമാക്കുന്നതിന് മാത്രം ഓരോ ഗ്രാമപഞ്ചായത്തിലേയ്ക്കും ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തും. വോട്ടെണ്ണൽ പൂർത്തിയായി ഫാറം 25ലെ റിസൾട്ട് ഷീറ്റ് തയ്യാറാക്കുന്ന മുറയ്ക്ക് ഓരോ ഗ്രാമപഞ്ചായത്ത് വാർഡിലെയും ഫലപ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വരണാധികാരി നടത്തും ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി, വിവിധ ഗ്രാമപഞ്ചായത്ത് കൗണ്ടിങ് മേശകളിൽ നിന്നും ലഭിക്കുന്ന ടാബുലേഷൻ ഷീറ്റുകളുടെ അടിസ്ഥാനത്തിൽ ഓരോ ബ്ലോക്ക് വാർഡിലെയും വോട്ടുകൾ ക്രമീകരിച്ച് ആ ബ്ലോക്ക് വാർഡുകളുടെ ഫലപ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ 24എ വോട്ടുകണക്കുകളുടെ ഫാറങ്ങൾ ശേഖരിച്ച് ബ്ലോക്ക് വരണാധികാരി കഴിയുന്നതും വേഗം പ്രത്യേക ദൂതൻ മുഖേന ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർക്ക് ലഭ്യമാക്കും. വോട്ടെണ്ണലിനു ശേഷം ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് സുരക്ഷിത സൂക്ഷിപ്പിൽ വയ്‌ക്കേണ്ട രേഖകളും ഡിറ്റാച്ചബിൾ മെമ്മറി മോഡ്യൂൾ (ഡി.എം.എം)ഉം ബന്ധപ്പെട്ട ട്രഷറികളിൽ സൂക്ഷിക്കും. വോട്ടിങ് മെഷീൻ കൂടി ട്രഷറികളിൽ സൂക്ഷിക്കും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ആവശ്യമായ ജീവനക്കാരെ നിയമിച്ച് അതത് വരണാധികാരികൾ ഉത്തരവ് പുറപ്പെടുവിക്കും. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർമാർ ഒക്‌ടോബർ എട്ടിന് തന്നെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ ജില്ലാ കേന്ദ്രങ്ങളിലെ ഗോഡൗണുകളിൽ തിരികെ എത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ബി.എസ്.എൻ.എൽ ആണ് സംസ്ഥാനമൊട്ടാകെയുള്ള 244 വോട്ടെണ്ണൽ കേന്ദ്രങ്ങളെയും ഇന്റർനെറ്റുമായി സംയോജിപ്പിച്ചിട്ടുള്ളത്. കേരള സംസ്ഥാന ഐ.ടി.മിഷൻ, സ്റ്റേറ്റ് ഡാറ്റാ സെന്റർ, കെൽട്രോൺ എന്നീ സ്ഥാപനങ്ങൾ സാങ്കേതിക സഹായം ലഭ്യമാക്കി. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ (എൻ.ഐ.സി) രൂപകല്പന ചെയ്ത സോഫ്റ്റ് വെയർ ആണ് ട്രെൻഡിനു വേണ്ടി ഉപയോഗിച്ചിട്ടുള്ളത്.
വിവിധ ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം ചുവടെ: ജില്ല, വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം എന്ന ക്രമത്തിൽ: തിരുവനന്തപുരം 16, കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10 എറണാകുളം 28, തൃശ്ശൂർ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂർ 20, കാസർഗോഡ് 9.