സൗദിയിൽനിന്നു പ്രവാസികളെല്ലാം തിരിച്ചുപോയാൽ പിന്നെ എന്തു സംഭവിക്കും? നമ്മുടെ വർണശബളമായ വൈവിധ്യം നഷ്ടമാകുമോ?. നാം സൗദികൾ എല്ലാത്തിനും മതിയായവരാണോ? നാം എന്നെങ്കിലും അങ്ങനെ ആകുമോ? എല്ലാതരം ജോലികളും വിദേശികൾക്കു നൽകി ശീലിച്ച ഒരു സമൂഹത്തിനു മേലുള്ള വെല്ലുവിളികൾ നിറഞ്ഞ ചോദ്യങ്ങളായി പ്രശസ്ത എഴുത്തുകാരൻ താരിഖ് അൽ മഈന സൗദി ഗസറ്റിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.

2018 അവസാനത്തോടെ 25 ലക്ഷം പ്രവാസികൾ എങ്കിലും സ്വദേശത്തേക്ക് മടങ്ങുമെന്നാണ് സൂചനകൾ. ആശ്രിതലെവി കുടുംബ ബജറ്റുകളെ താളം തെറ്റിക്കുമെന്ന ഭയത്തിലാണ് സൗദിയിലെ പ്രവാസി കുടുംബങ്ങൾ കൂട്ടത്തോടെ സ്വദേശങ്ങളിലേക്കു മടങ്ങാൻ ആലോചിക്കുന്നത്. ഇതോടെ രാജ്യത്ത് സംഭവിച്ചേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് പഠനങ്ങളും നിരീക്ഷണങ്ങളും നടന്നുവരികയാണ്. ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ധരും എഴുത്തുകാരും വിവിധ കോണുകളിലൂടെയാണു പുതിയ സാഹചര്യത്തെ നോക്കിക്കാണുന്നത്. എല്ലാ പ്രവാസികളും തിരിച്ചുപോയാൽ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് പ്രശസ്ത എഴുത്തുകാരൻ താരിഖ് അൽ മഈന സൗദി ഗസറ്റിൽ എഴുതിയ കുറിപ്പിലൂടെ. കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ഇടയിൽ അത് ചർച്ചാവിഷയമായി.

താരിഖ് അൽ മഈന സൗദി ഗസറ്റിൽ എഴുതിയ കുറിപ്പ് സമൂഹമാധ്യമത്തിൽ ഇതിനോടകം വൈറലായി. താരിഖ് എഴുതിയ ലേഖനത്തിൽനിന്ന്:

സൗദിയിൽനിന്നു പ്രവാസികളെല്ലാം തിരിച്ചുപോയാൽ പിന്നെ എന്തു സംഭവിക്കും? നമ്മുടെ വർണശബളമായ വൈവിധ്യം നഷ്ടമാകുമോ?. നാം സൗദികൾ എല്ലാത്തിനും മതിയായവരാണോ? നാം എന്നെങ്കിലും അങ്ങനെ ആകുമോ? എല്ലാതരം ജോലികളും വിദേശികൾക്കു നൽകി ശീലിച്ച ഒരു സമൂഹത്തിനു മേലുള്ള വെല്ലുവിളികൾ നിറഞ്ഞ ചോദ്യങ്ങളാണിവ. ആശ്രിതലെവി വർഷംതോറും ഉയരുന്നതോടെ കുടുംബത്തോടൊപ്പം സൗദിയിൽ കഴിയുന്ന പ്രവാസികളുടെ ജീവിതത്തിന് അതു കടുത്ത വെല്ലുവിളിയാകുമെന്നുറപ്പാണ്. എന്നാലും അവരുടെ സമ്പാദ്യങ്ങൾക്ക് ഏൽക്കേണ്ടിവരുന്ന പ്രഹരങ്ങൾ ഒടുവിൽ കാര്യങ്ങളെ മറ്റൊരു തലത്തിലേക്കു മാറ്റിമറിക്കുമോ? ഈ പശ്ചത്തലത്തിലാണ് ആകർഷകമായി തോന്നിയ ഒരു കാഴ്ചപ്പാട് അല്ലെങ്കിൽ സാധ്യത ഞാൻ ഗ്രഹിച്ചെടുത്തത്.

'2017നു ശേഷമുള്ള വായന' എന്നു വിളിക്കുന്ന ഈ കാഴ്ചപ്പാട്, എന്താകും അല്ലെങ്കിൽ എന്തായേക്കാം എന്നൊക്കെയാണു പരിശോധിക്കുന്നത്. രാജ്യന്തര എണ്ണവിലയിലുണ്ടായ ഇടിവുമൂലവും മേഖലയിലെ യുദ്ധം കാരണവും സൗദി അറേബ്യ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ ജനസംഖ്യാഘടനയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണു സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 2018 പകുതിയോടെ സംഭവിക്കുന്ന 25 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ മടക്കം. വിദേശികളുടെ ആശ്രിതർക്കുമേൽ ചുമത്തപ്പെട്ട ഉയർന്ന ഫീസ് താങ്ങാൻ കഴിയാത്തവരാണിവർ.

2018 അവസാനത്തോടെ 25 ലക്ഷം പ്രവാസികൾ സൗദി വിടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇവരിലേറെയും ഭാരിച്ച ജീവിതച്ചെലവ് താങ്ങാൻ ശേഷിയില്ലാത്ത കുടുംബ ജോലിക്കാരായിരിക്കും. ഇവർക്കുമേൽ ചുമത്താനിരിക്കുന്ന മറ്റു ഫീസുകളും നികുതികളും എണ്ണ, വൈദ്യുതി, പാചകവാതകം, പാൽ, ഭക്ഷണം, മരുന്ന് എന്നിവക്കു മേലുള്ള സബ്സിഡിയോടൊപ്പം ഉയർത്തപ്പെടും. 2019 ജൂലൈ ആകുമ്പോഴേക്കും സൗദിയിൽ ശേഷിക്കുന്ന പ്രവാസികൾ വലിയ ശമ്പളം വാങ്ങുന്നവരും നാല് അംഗങ്ങളിൽ അധികമില്ലാത്ത കുടുംബങ്ങളുമായിരിക്കും.<യൃ />

തീർച്ചയായും ഈ തിരിച്ചുള്ള കുടിയേറ്റം രാജ്യത്തെ വിവിധ വാണിജ്യമേഖലകളെ ബാധിക്കും. ഭക്ഷ്യോൽപ്പാദനവുമായി ബന്ധപ്പെട്ട കമ്പനികളെ ആയിരിക്കും ഇത് ആദ്യം ബാധിക്കുക. ആദ്യ രണ്ടു വർഷത്തെ (2017, 2018) സാമ്പത്തികാഘാതത്തിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇക്കൂട്ടത്തിലെ പല കമ്പനികളും പൂർണമായി തകർന്നേക്കാം. 2018ന്റെ ആദ്യ പകുതിയിൽ ഇത് റിയൽ എസ്റ്റേറ്റ് വിപണിയെ ആയിരിക്കും ബാധിക്കുക. വാടകകൾ ഇപ്പോഴത്തെ നിരക്കിന്റെ പകുതിയോ അതിൽ താഴെയോ ആയി കുറയുമെന്നാണ് അനുമാനം. തുടർന്ന് ഗതാഗത, ചരക്കുനീക്ക കമ്പനികൾ, വിമാനക്കമ്പനികൾ, നിർമ്മാണ കമ്പനികൾ, കാർ ഡീലർഷിപ്പുകൾ തുടങ്ങിയവയേയും ബാധിക്കും. ഈ സാമ്പത്തിക സാഹചര്യത്തിന്റെ ആഘാതം പ്രവാസികൾക്കുമേൽ മാത്രമല്ല സൗദി കുടുംബങ്ങളിലേക്കും വ്യാപിക്കും. ചെലവുചുരുക്കാൻ അവർ സ്വകാര്യ സ്‌കൂളുകളിൽനിന്നു കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്കു മാറ്റും. ചെലവുചുരുങ്ങിയ വീടുകളായിരിക്കും പരിഗണിക്കുക. അല്ലെങ്കിൽ വില്ലകൾവിട്ട് അപ്പാർട്ട്മെന്റുകളിലേക്കു മാറും. പുതിയ വാഹനങ്ങൾ വിറ്റുപോകാതെ കുമിഞ്ഞു കൂടും. യൂസ്ഡ് കാർ വിപണി കുതിക്കുകയും വില കുത്തനെ ഇടിയുകയും ചെയ്യും.

2018 അവസാനമാകുമ്പോഴേക്ക് ഈ പ്രതിസന്ധിയുടെ ആഘാതം ഇലക്ട്രോണിക്സ്, സ്മാർട്ഫോൺ, കംപ്യൂട്ടർ, ആഡംബരം, സേവനം, പരിപാലനം തുടങ്ങിയ മേഖലകളിലേക്കും വ്യാപിക്കും. നൂറുകണക്കിനു കമ്പനികൾക്കു വിപണിയിൽനിന്നു പിൻവാങ്ങുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ടിവരും. ഇതു കരാറുകൾ അവസാനിപ്പിച്ചുള്ള പ്രവാസികളുടെ മടക്കത്തിന് ആക്കംകൂട്ടും. 2019 തുടങ്ങുന്നതോടെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഉയർന്ന നിരക്കിലുള്ള വൈദ്യുതി, വെള്ളം, ഇന്ധന ബില്ലുകൾ താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഇവയിലുള്ള സബ്സിഡികളെല്ലാം സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കും. സ്വാഭാവികമായും പ്രവാസികൾ മറുവഴി തേടും. വിപണി തകരുകയും ഉപഭോക്താക്കളുടെ എണ്ണം കുറയുകയും ചെയ്യുന്നതോടെ വിദേശ ഭക്ഷണശാലകളുടെ നൂറുകണക്കിനു ശാഖകളും ഷോപ്പുകളും അടച്ചുപൂട്ടും. 2019 അവസാനമാകുന്നതോടെ ഉപഭോക്താക്കളുടെ മുന്തിയ പരിഗണ യൂസ്ഡ് ഫോണുകൾക്കായിരിക്കും. നിസ്സാര കുറ്റകൃത്യങ്ങളും ആഭ്യന്തരപ്രശ്നങ്ങളും ഉയരും. ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണത്തിലും വർധനയുണ്ടാകും.

2020 തുടക്കത്തോടെ ജനങ്ങൾ ഭാഗികമായി സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങും. തങ്ങൾ ഇതുവരെ കൈവച്ചിട്ടില്ലാത്ത പല മേഖലകളിലും സൗദി സ്വദേശികൾക്കു ജോലി ചെയ്യേണ്ടി വരും. ഇത്രയൊക്കെ ആകുമ്പോഴേക്കു വിപണിക്കും ഉപഭോക്താവിനുമിടയിലെ വിടവ് വർധിച്ചിട്ടുണ്ടാകും. ഇതുപക്ഷെ ഒരു കാഴ്ചപ്പാടാണ്. ഇപ്പോഴത്തെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലുള്ള യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന ഒന്ന്. ഇതിനു ഞാൻ നിർദ്ദേശിക്കുന്ന പരിഹാരമുണ്ട്. ദീർഘകാലം നിൽക്കുന്ന അർഹരായ പ്രവാസികളെ പൗരത്വത്തിന് അപേക്ഷിക്കാൻ അനുവദിക്കുകയോ അല്ലെങ്കിൽ അവർക്ക് സ്ഥിരതാമസാനുമതി നൽകുകയോ ചെയ്യുക. ഈ സമൂഹത്തിന്റെ വൈവിധ്യവും സാമ്പത്തികശേഷിയും മികച്ച രീതിയിൽ മെച്ചപ്പെടുത്താൻ ഇതു സഹായിക്കുമെന്നാണ് എന്റെ അഭിപ്രായം.