കൊച്ചി: മത വിശ്വാസത്തിന്റെ പേരിൽ ജീവൻ വെടിയുന്നവരുടെ കാലമാണിത്. ചിലർ ജിഹാദിന്റെ പേരിൽ ഐസിസിൽ പോയി കൊല്ലപ്പെടുന്നു. മലയാളികളായ ഒരു പറ്റം യുവാക്കൾ ഇത്തരത്തിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ കേരളത്തിന്റെ പൊതുബോധത്തെ ബാധിച്ച രോഗമായി മാറിയിട്ടുണ്ട്. ഇത്തരത്തിൽ അസുഖകരമായ വാർത്തകൾക്കിടയിലാണ് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി പുറത്തുവന്നത്.

മതവിശ്വാസത്തിന്റെ പേരിൽ രക്തം സ്വീകരിക്കാൻ യുവതി വിസമ്മതിച്ചതോടെ പെട്ടുപോയത് ആശുപത്രി അധികൃതരാണ്. കൊച്ചി കാക്കനാടുള്ള സൺ റൈസ് ആശുപത്രിയിൽ ഡെങ്കിപ്പനിക്ക് ചികിത്സ തേടി എത്തിയ യുവതിയാണ് രക്തം സ്വീകരിക്കാൻ വിസമ്മതിച്ചത്. ഇതോടെ 25 കാരിയായ യുവതി അതീവ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. മരണക്കിടക്കയിലും മറ്റൊരാളുടെ രക്തം സ്വീകരിക്കാൻ തങ്ങളുടെ മതം അനുവദിക്കുന്നില്ല എന്ന ഉറച്ച തീരുമാനത്തിൽതന്നെയാണ് ഈ യുവതി. യഹോവ സാക്ഷി വിശ്വാസിയായ യുവതി യാതൊരു കാരണവശാലും രക്തം സ്വീകരിക്കാൻ തയ്യാറല്ലെന്ന നിലപാടെടുക്കുകയായിരുന്നു.

പ്ലേറ്റ്‌ലറ്റിന്റ് കൗണ്ട് ക്രമാതീതമായി കുറയുമെന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡോക്ടർമാർ രക്തം കയറ്റണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത്. എന്നാൽ വിശ്വാസത്തിന്റെ പേരിൽ യുവതി ഡോക്ടർമാരുടെ ഈ ആവശ്യം നിരാകരിച്ചു. ഇതോടെ ആരോഗ്യ നിലയും വഷളായി. സംഭവം പുലിവാലാകുമെന്ന് മനസിലാക്കിയ ആശുപത്രി അധികൃതർ വിവരം പൊലീസിലും അറിയിച്ചു.

യുവതിയുടെ ആരോഗ്യനില വഷളാണെന്നും രക്തം കയറ്റാൻ അനുവദിക്കണമെന്നും പൊലീസ് എത്തി ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞ് പി ടി തോമസ് എംഎൽഎയും സഥലത്തെത്തി. അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം ധരിപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് വിഷയത്തിൽ ഇടപെട്ട് ആവശ്യമായത് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കൊച്ചി പൊലീസിന് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ എത്തിയ തൃക്കാക്കര എസ്‌പി യുവതിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.

ഒരാഴ്ച മുൻപാണ് ഡെങ്കിപ്പനി ബാധിച്ച് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹീമോഗ്ലോബിന്റെയും പ്ലേറ്റ്‌ലെറ്റിന്റെയും അളവ് കുറഞ്ഞ് ആരോഗ്യനില വഷളായ യുവതി ഒരു കാരണവശാലും രക്തം സ്വീകരിക്കാൻ തയ്യാറായില്ല. ആശുപത്രി അധികൃതർ നിർബന്ധിച്ചിട്ടും തങ്ങൾക്ക് രക്തം സ്വീകരിക്കാൻ പാടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുവതിയും കുടുംബവും. ആശുപത്രി അധികൃതരും പൊലീസും ആകുന്ന പരിശ്രമിച്ചിട്ടും യുവതിയും കുടുംബവും രക്തം സ്വീകരിച്ചുകൊണ്ടുള്ള തുടർ ചികിത്സയ്ക്ക് തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് പൊലീസ് ഇടപടൽ ഉണ്ടായത്.

അതിവേഗം പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് ഉയർത്താൻ വേണ്ടി ഗ്ലൂക്കോസും മറ്റും മരുന്നുകളും നൽകുകയാണ് ആശുപത്രി അധികൃതർ ചെയ്തിരിക്കുന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് യുവതി ഇപ്പോൾ.