അയോധ്യ: അയോധ്യയിലെ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് കാൽ നൂറ്റാണ്ട്. രാജ്യത്തിന്റെ മനഃസാക്ഷി നടുക്കിയ ക്രിമിനൽ കുറ്റത്തിന്റെ വിചാരണ പൂർത്തിയാവുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ തർക്കവും നിയമയുദ്ധമായി തുടരുന്നു. ബാബരി വാർഷിക തലേന്ന് സുപ്രീംകോടതി പരിഗണനക്കെടുത്ത ഉടമാവകാശ കേസിന്റെ അന്തിമവാദമാകട്ടെ, ഫെബ്രുവരി എട്ടിലേക്ക് മാറ്റിവെച്ചു.

അതേസമയം ഇന്നത്തെ ദിവസം 'ശൗര്യ ദിവസ്' ആയി വിഎച്ച്പിയും 'കരിദിന'മായി ഇടതു പക്ഷവും ആചരിക്കുന്നു. പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ഓൾ ഇന്ത്യ മുസ്ലിം പഴ്സണൽ ലോ ബോർഡും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

രാജ്യചരിത്രത്തിൽ 1992 ഡിസംബർ ആറ് ഇരുണ്ട ദിനമാണ്. അന്നാണ് പതിനായിരക്കണക്കായ കർസേവകർ മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ അയോധ്യയിലെ ബാബരി മസ്ജിദ് ഇടിച്ചുതകർത്തത്. തുടർന്ന് വർഗീയ കലാപങ്ങളിൽ കൊല്ലപ്പെട്ടത് മൂവായിരത്തോളം പേരാണ്.

ഇന്നലത്തെ സുപ്രീം കോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. 25 വർഷമായി തുടരുന്ന രാമജന്മഭൂമി- ബാബ്റി മസ്ജിദ് കേസിൽ അടുത്ത വർഷം ഫെബ്രുവരി എട്ടിന് വാദം തുടങ്ങുമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങുന്ന മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചത്.

അയോധ്യയിലെ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് 2010ലെ അലഹബാദ്‌ െഹെക്കോടതി വിധി ചോദ്യം ചെയ്തു വിവിധകക്ഷികൾ നൽകിയ സിവിൽ അപ്പീലിൽ ഫെബ്രുവരിയിൽ സുപ്രീം കോടതി വാദം കേൾക്കും. ബന്ധപ്പെട്ട എല്ലാ രേഖകളും പരിഭാഷപ്പെടുത്തി, അക്കമിട്ട് സുപ്രീം കോടതി രജിസ്ട്രിക്കുമുമ്പിൽ ഹാജരാക്കിയെന്ന് എല്ലാ അഭിഭാഷകരും ഒന്നിച്ചിരുന്ന് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ അശോക് ഭൂഷണും എസ്.എ. നജീബും ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.

അന്തരീക്ഷം അനുകൂലമല്ലാത്തതിനാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 2019 ജൂെലെയിൽ അപ്പീലിൽ വാദം കേൾക്കണമെന്ന് കക്ഷികളിലൊരാളുടെ അഭിഭാഷകനായ കബിൽ സിബൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാ കാര്യങ്ങളും കൂട്ടിയിണക്കിയിട്ടുണ്ടെന്നും കേസുകൾ വാദത്തിനു തയാറാണെന്നും ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ ശക്തമായി എതിർത്തു.

ബാബ്റി മസ്ജിദ് നിലനിന്ന 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവക്ക് തുല്യമായി പങ്കുവെക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 13 അപ്പീലുകളാണ് സുപ്രീംകോടതിയിൽ അന്തിമവാദത്തിന് കാത്തുകിടക്കുന്നത്.