മുംബൈ: മുഹമ്മദ് അജ്മൽ കസബിന്റെ ആ ചിരി ഒരിക്കലും വിഷ്ണു സെൻഡെ മറക്കില്ല. പൈശാചികമായ ഒരുചിരി ആയിരുന്നു അത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെ ആ ദുരന്തരാത്രിയിൽ, നൂറുകണക്കിന് യാത്രക്കാരെയാണ് ഈ റെയിൽവെ അനൗൺസർ തന്റെ മനസ്സാന്നിധ്യത്താൽ രക്ഷിച്ചത്.

ഞാനിപ്പോഴും ഓർക്കുന്നു..കസബിന്റെ മുഖത്തെ ദുഷ്ടുനിറഞ്ഞ ആ ചിരി. ഒരു പിശാചിനെ പൊലെയായിരുന്നു അയാളുടെ വരവ്. സെൻഡെ ഇപ്പോഴും കൃത്യമായി ഓർക്കുന്നു ആ രാത്രിയിലെ സംഭവങ്ങൾ. നവംബർ,26, 2008. ഇന്ത്യ കണ്ട ഏറ്റവും വലിയ പാക് ഭീകരാക്രമണത്തിന് സാക്ഷിയാവുകയായിരുന്നു സെൻഡെ. ഇടതടവില്ലാതെ തുരുതുരാ വെടിവെക്കുന്നതിനിടെ കസബ് ആളുകളെ ചീത്ത പറയുന്നുണ്ടായിരുന്നു.

ഇപ്പോൾ സെൻട്രൽ റെയിൽവെയിൽ ഗാർഡായി ജോലി ചെയ്യുകയാണ് സെൻഡെ. ആളുകളെ ക്രൂരമായി കൊന്നൊടുക്കുന്ന കസബിന്റെ ഭീകരത ഒരുനടുക്കമായി ഇപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. 26/11 ആക്രമണത്തിൽ, കൊല്ലപ്പെട്ട 166 പേരിൽ, റെയിൽവെ സ്റ്റേഷനിൽ മരിച്ചുവീണത് 52 പേരായിരുന്നു. 108 പേർക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്. വെടിയുതിർക്കുന്നതിനിടെ, കസബ് ഞങ്ങൾ റെയിൽവെ സ്റ്റാഫിനെ കൈകാട്ടി വിളിക്കുന്നുണ്ടായിരുന്നു. കൺടോൾ റൂമിന് പുറത്തേക്ക് വരാനാണ് അയാൾ കൈകാട്ടി വിളിച്ചത്.

ജീവനും കൊണ്ട് ഓടുന്ന പാവം മനുഷ്യർക്ക് നേരേ അയാൾ ഒരുദയയുമില്ലാതെ നിറയൊഴിച്ചു. കൊല്ലാനായി ആരെയും പ്ലാറ്റ്‌ഫോമിൽ കിട്ടാതെ വന്നപ്പോൾ അയാൾ ഒരു നായയ്ക്ക് നേരേയും വെടിവച്ചു. 'ദീർഘദൂര ട്രെയിനുകൾ നിർത്തിയിടുന്ന പ്ലാറ്റ്‌ഫോമിൽ, നിന്ന് ആദ്യം വലിയ ശബ്ദം കേട്ടപ്പോൾ ഞാൻ കരുതി അത് എന്തോ സ്‌ഫോടനമായിരിക്കുമെന്ന്. സഫോടനശബ്ദം ഉണ്ടായ സ്ഥലത്തേക്ക് പോകരുതെന്ന് ഞാൻ യാത്രക്കാരോട് അനൗൺസ് ചെയ്തു. റെയിൽവെ പൊലീസ് സ്ഥലത്തേക്ക് എത്രയും വേഗം എത്തണമെന്നും ആവശ്യപ്പെട്ടു.' അനൗൺസ്‌മെന്റ് കഴിഞ്ഞയുടൻ കസബും മറ്റൊരു തീവ്രവാദിയും സബർബൻ ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് നടന്നുവരുന്നത് കണ്ടു. ആ നിമിഷത്തിലാണ് അതൊരു ഭീകരാക്രമണമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. സ്‌റ്റേഷനിൽ തീവ്രവാദി ആക്രമണമുണ്ടായിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് സ്റ്റേഷൻ വിടാനും ഞാൻ അനൗൺസ് ചെയ്തു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ പുറകുവശത്തുകൂടി സ്റ്റേഷൻ വിടാനാണ് സെൻഡെ യാത്രക്കാരോട് ആവശ്യപ്പെട്ടത്.

26/11 കേസിൽ സാക്ഷിവിസ്താരത്തിന് പോയ കഥയും സെൻഡ് ഓർത്തെടുക്കുന്നു. കബസിന്റെ രണ്ടുമുഖങ്ങളാണ് ഞാൻ കണ്ടത്. ഒന്ന് വെടിവെപ്പിനിടയിലെ ആ പൈശാചികമായ ചിരി. പിന്നീട് കോടതി മുറിക്കുള്ളിൽ, കണ്ട വികാരരഹിതമായി ആ മുഖവും.

അതേസമയം ഫോട്ടോ ജേണലിസ്റ്റായ സെബാസ്റ്റ്യൻ ഡിസൂസയ്ക്ക് പറയാനുള്ളത് മറ്റൊരുകഥയാണ്. റെയിൽവെ സ്‌റ്റേഷന് അടുത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കസബിനെയും രണ്ടാമനെയും വധിച്ചിരുന്നുവെങ്കിൽ, ഒരുപാട് ജീവൻ രക്ഷിക്കാമായിരുന്നു. രണ്ടുപൊലീസ് ബറ്റാലിയനുകൾ സ്റ്റേഷന് അടുത്തുണ്ടായിരുന്നു. എന്നാൽ, അവർ ഒന്നും ചെയ്തില്ല.

കസബിന്റെ ക്ലോസ് അപ്പ് ഫോട്ടോയ്ക്ക് വേൾഡ് പ്രസ് ഫോട്ടോ പുരസ്‌കാരം നേടിയ സാബി പറയുന്നു. ഇപ്പോൾ ഗോവയിൽ വിശ്രമ ജീവിതം നയിക്കുകയാണ് സാബി. അന്ന് വെടിയൊച്ച കേട്ട് സ്‌റ്റേഷനിൽ എത്തുമ്പോൾ നിക്കോൺ ക്യാമറയും ലെൻസുകളും മാത്രമായിരുന്നു കൈയിൽ. 2012 ൽ കസബിന്റെ തൂക്കിക്കൊലയിലേക്ക് നയിച്ചതിൽ സെബാസ്റ്റ്യൻ ഡിസൂസയുടെ സാക്ഷിമൊഴി സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഇപ്പോൾ 67 വയസായി സാബിക്ക്.

മുംബൈ ഭീകരാക്രമണം, 26/11

2008 നവംബർ മാസം 8 നാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ വളരെ ആസൂത്രിതമായ 10 ആക്രമണങ്ങളാണ് ഭീകരർ നടത്തിയത്. വിദേശികൾ അടക്കം 166 പേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗികമായ കണക്ക്. അറുപതു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സേന ഭീകരരെ പൂർണമായി കീഴടക്കിയത്. 300-ലേറെ പേർക്ക് പരുക്കേറ്റിരുന്നു.

ദക്ഷിണ മുംബൈയിലാണ് ആക്രമണങ്ങളിൽ കൂടുതലും നടന്നത്. നരിമാൻ പോയിന്റിലെ ഒബ്റോയി ട്രിഡന്റ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപമുള്ള താജ്മഹൽ പാലസ് ആൻഡ് ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, ലിയോ പോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്, മെട്രോ ആഡ്ലാബ്സ് തീയേറ്റർ, പൊലീസ് ഹെഡ് ക്വോർട്ടേസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.

ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനും ഇതിൽ പങ്കുണ്ട് എന്ന വാദവും ഉയർന്നിരുന്നു. ആർഡിഎക്സ്, എകെ-47, ഗ്രനേഡുകൾ എന്നീ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കേന്ദ്ര സർക്കാർ തന്നെ നടപ്പാക്കിയ നാടകമായിരുന്നു ഇതെന്നും സർക്കാറായിരുന്നും ഇതിന് പിന്നിലെന്നും ഇഷ്‌റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച എസ്ഐടി, സിബിഐ സംഘത്തിൽ അംഗമായിരുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് വിവാദമായിരുന്നു.

മുംബൈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ

ദേശീയ സുരക്ഷാ സേനയിലെ കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ഉൾപ്പെടെ ഏഴ് ഇന്ത്യൻ ഉദ്യോഗസ്ഥർ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു. ഇവരുൾപ്പെടെ 14 പൊലീസുകാർ കൊല്ലപ്പെട്ടു എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് പറഞ്ഞിരുന്നത്.

മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കർകക്കറെ
അഡീഷണൽ കമ്മീഷണർ ഓഫീസ് ഓഫ് പൊലീസ് അശോക് കാംട്ടെ
എൻകൗണ്ടർ സ്പെഷ്യാലിസ്റ്റ് വിജയ് സലസ്‌കാർ
ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശശാങ്ക് ഷിണ്ടെ
ദേശീയ സുരക്ഷാസേന കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ
ദേശീയ സുരക്ഷാസേന കമാൻഡോ ചാന്ദർ
ചത്രപതി ശിവാജി ടെർമിനസിലെ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥന്മാർ

ആക്രമണത്തിന്റെ അനന്തരഫലമായി സ്‌കൂളുകളും കോളേജുകളും മുംബൈ ഓഹരി വിപണിയും ദേശീയ ഓഹരി വിപണിയും പിറ്റേന്ന് അടഞ്ഞു കിടന്നു. അന്താരാഷ്ട്ര വിമാനങ്ങൾ മുംബൈയിൽ ഇറങ്ങുന്നത് താൽക്കാലികമായി നിർത്തി നിർത്തലാക്കി. ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിൽ ബാക്കിയുണ്ടായിരുന്ന മത്സരങ്ങൾ റദ്ദാക്കി ഇംഗ്ലണ്ട് ടീം നാട്ടിലേക്ക് മടങ്ങി.

പരിശീലനം ലഭിച്ച 10 ഭീകരർ സമുദ്രമാർഗം എത്തിയാണ് ഈ ആക്രമണം നടത്തിയത്. ഇവരിൽ നിന്നും ജീവനോടെ പിടികൂടിയ അജ്മൽ അമീർ കസബ് എന്ന ഭീകരനെ 2012 നവംബർ 21-നാണ് ഇന്ത്യ തൂക്കിലേറ്റിയത്.മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വർഷികത്തിൽ ആക്രമണത്തിന്റെ ഇരകളുടെ ജീവിതം പുസ്തകമാകുനനു. 26/ 11 : സ്റ്റോറീസ് ഓഫ് സ്ട്രെങ്ത് എന്ന പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയും ദി ഇന്ത്യൻ എക്സ്പ്രസും ചേർന്നാണ് പ്രസിദ്ധീകരിക്കുന്നത്.

ഐഎസിൽ നിന്നുള്ള ഭീഷണിയേക്കാളേറ് പാകി്‌സഥാനിൽ നിന്നുള്ള ഭീകരാക്രമണങ്ങളെയാണ് മുബൈ ഭയക്കേണ്ടത്, പറയുന്നത് സിറ്റി പൊലീസ് കമ്മീഷണർ സുബോധ് ജയ്‌സ്വാൾ. ഒരുപതിറ്റാണ്ട് കഴിഞ്ഞെങ്കിലും പാകിസഥാൻ ഇ്‌പ്പോഴും മുംബൈയെ ഉന്നം വച്ചുള്ള ആക്രമങ്ങൾക്ക് പതിയിരിക്കുന്നുണ്ട്. അതുകൊണ്ട തന്നെ നിതാന്ത ജാഗ്രത ആത്യാവശ്യം.