ന്യൂഡൽഹി: 2008ൽ മുംബൈയിൽ ഉണ്ടായ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാക്കിസ്ഥാനാണെന്ന ഇന്ത്യൻ വാദങ്ങൾ ശരിവച്ച് പാക് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പാക് അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ)യുടെ മുൻ മേധാവി താരിഖ് ഖോസയുടേതാണ് വെളിപ്പെടുത്തലാണ് പുറത്തുവന്നത്. മുംബൈ ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാൻ നടത്തിയ അന്വേഷണത്തിന് നേതൃത്വം നൽകിയത് താരിഖ് ഖോസയായിരുന്നു.

പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിൽ എഴുതിയ ലേഖനത്തിലാണ് ഭീകരാക്രമണത്തിന് പിന്നിലെ പാക് കരങ്ങളെ കുറിച്ച് ഖേസ വ്യക്തമാക്കിയത്. അജ്മൽ കസബ് പാക്കിസ്ഥാൻ പൗരനാണെന്നും കസബിന്റെ തീവ്രവാദ ബന്ധം പാക്കിസ്ഥാൻ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നുവെന്നും സിന്ധ് പ്രവിശ്യയിലെ തട്ടയിലാണ് കസബടക്കം എല്ലാവരും പരിശീലനം നേടിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കറാച്ചിയിൽ നിന്നാണ് ഭീകരർക്ക് വി.ഒ.ഐ.പി വഴി നിർദ്ദേശം നൽകിയത്. ഈ സ്ഥലവും വസ്തുക്കളും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭീകരരുടെ നേതാക്കളേയും സാമ്പത്തിക സഹായം നൽകിയവരേയും പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തിരുന്നു. ഖോസെ തന്റെ ലേഖനത്തിൽ പറയുന്നു. പാക്കിസ്ഥാൻ തെറ്റ് അംഗീകരിക്കുകയും സത്യം മനസിലാക്കുകയും വേണമെന്നും അദ്ദേഹം ലേഖനത്തിൽ ആവശ്യപ്പെടുന്നു.

മുംബൈ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ ആണെന്നാണ് ഇന്ത്യ ആദ്യം മുതൽ തന്നെ സ്വീകരിച്ച നിലപാട്. എന്നാൽ, പാക്കിസ്ഥാൻ ഈ വാദം തള്ളിയിരുന്നു. ഇങ്ങനെ പാക്കിസ്ഥാന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. 2008 നവംബർ 26 മുതൽ 29വരെ നീണ്ടു നിന്ന ആക്രമണത്തിൽ 166 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ അറസ്റ്റിലായ സക്കിയൂർ റഹ്മാൻ ലഖ്‌വി അടക്കമുള്ള ഏഴ് ഭീകരെ അവിടത്തെ കോടതി മോചിപ്പിച്ചിരുന്നു.

മുംബൈ ആക്രമണം നടന്ന് ആഴ്ചകൾ പിന്നിട്ടപ്പോഴാണ് ഖോസ എഫ്.ഐ.എയുടെ തലവനായി നിയമിതനായത്. കടൽ വഴി ബോട്ടിലെത്തിയാണ് ഭീകരവാദികൾ ആക്രമണം നടത്തിയതെന്ന് ഖോസ വ്യക്തമാക്കുന്നു. മുംബൈ ആക്രമണത്തിനു ശേഷം ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളും തട്ട ക്യാന്പിൽ നിന്ന് കണ്ടെത്തിയ സ്‌ഫോടക വസ്തുക്കളും ഒന്നായിരുന്നുവെന്നും ഖോസ പറഞ്ഞു. തീവ്രവാദികൾ സഞ്ചരിച്ചിരുന്ന ബോട്ട് ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് മടക്കി കൊണ്ടുവന്ന് പെയിന്റടിച്ച് ഒളിപ്പിച്ചു. എന്നാൽ, പിന്നീട് അത് അന്വേഷണ സംഘം കണ്ടെത്തുകയും തെളിവായി ഉപയോഗിക്കുകയും ചെയ്തു എന്നും പാക്കിസ്ഥാൻ ലേഖനത്തിൽ ഖോസ വ്യക്തമാക്കി.

ആക്രമണത്തിനിടെ ഇന്ത്യയിൽ പിടിയിലായ ഏക ഭീകരൻ അജ്മൽ കസബിനെ പിന്നീട് തൂക്കിലേറ്റിയിരുന്നു. ഇയാളുടെ ജന്മസ്ഥലം, പഠിച്ച സ്‌കൂൾ, ലഷ്‌കറെ തയ്ബ ഭീകര സംഘടനയിൽ ചേർന്നത് തുടങ്ങിയ എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. മുംബൈ തീരത്ത് ഉപേക്ഷിച്ച ബോട്ടിന്റെ എഞ്ചിൻ പരിശോധിച്ചതിൽ നിന്ന് ജപ്പാനിൽ നിന്ന് ലാഹോറിലേക്ക് ഇറക്കുമതി ചെയ്തത് ആണെന്ന് മനസിലായി. പിന്നീട് അത് കറാച്ചിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് ലഷ്‌കർ തീവ്രവാദികൾ ഈ ബോട്ടും യന്ത്രവും വാങ്ങിയത്. എഞ്ചിൻ വാങ്ങിയ ആളെ പിന്നീട് അറസ്റ്റു ചെയ്തു.

ആക്രമണത്തിന് നിർദ്ദേശങ്ങൾ നൽകിയ കറാച്ചിയിലെ ഓപ്പറേഷൻ റൂം സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് പ്രോട്ടോക്കോൾ വഴിയുള്ള വോയിസ് ഓവറുകളും പിടിച്ചെടുത്തു. മുംബൈ ഭീകരാക്രമണ കേസിന്റെ പാക്കിസ്ഥാനിലെ വിചാരണ വൈകുന്നതായും ഖോസ സമ്മതിക്കുന്നുണ്ട്. കേസിൽ ആരോപണ വിധേയരായവർ കേസ് വൈകിപ്പിക്കാൻ ശ്രമിക്കുന്നു. ജഡ്ജിമാരെ ഒരു കാരണവുമില്ലാതെ മാറ്റുന്നു. പ്രോസിക്യൂട്ടറുടെ മരണവും കേസിനെ പ്രതികൂലമായി ബാധിച്ചെന്നും ഖോസ പറയുന്നുണ്ട്.